മൂന്നിടങ്ങളിലായി അപകടം; നിരവധിപേർക്ക് പരിക്ക്
അമിതവേഗം, അശ്രദ്ധ; അപകടക്കളമായി റോഡ്

നയന്മാർമൂല, കന്യാപാടി, ബോവിക്കാനം ടൗൺ എന്നിവിടങ്ങളിലുണ്ടായ അപകടത്തിൽ തകർന്ന വാഹനങ്ങൾ
കാസർകോട്
അമിതവേഗതയും അശ്രദ്ധയും നിരത്തുകളിൽ അപകടങ്ങൾ പതിവാക്കുന്നു. ജില്ലയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ഞായറാഴ്‌ചമാത്രം മൂന്നിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. ബദിയടുക്ക കന്യാപാടി, ദേശീയപാതയ്‌ക്കു സമീപം നയന്മാർമൂല, ബോവിക്കാനം ടൗൺ എന്നിവിടങ്ങളിലായിരുന്നു അപകടം കന്യാപാടിയിൽ ഞായർ പുലർച്ചെ 1.45ന് അമിത വേഗത്തിൽ സഞ്ചരിച്ച രണ്ട് സ്വിഫ്റ്റ് കാറുകൾ ആശ്രമഭാഗം വളവിൽ എതിർദിശയിൽവന്ന ലോറിയുടെ ഡീസൽ ടാങ്ക് ഭാഗത്ത് ഇടിച്ചു. ഉപ്പള ഭാഗത്തുള്ള വണ്ടികളാണ് ഇടിച്ചത്. ലോറിയിലും രണ്ടു കാറുകളിലും ഉണ്ടായ 3 പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറിയുടെ ഡീസൽ, ഓയിൽ ടാങ്കുകൾ പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് ഗതാഗത തടസം നീക്കിയത്. ഓഫീസർമാരായ സുകു വർഗീസ്, കെ വി ജിതിൻ കൃഷ്ണൻ, അതുൽ രവി, സി കെ അഭിനന്ദ്, എൻ പി രാകേഷ്, ഒ കെ പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നായന്മാർമൂലയിൽ ഇന്നോവ ക്രിസ്റ്റ നിയന്ത്രണംതെറ്റി റോഡിന്റെ കൈവരിയിൽ ഇടിച്ചു. വാഹനത്തിന്റെ മുൻഭാഗം തകർന്നു. വാഹനത്തിൽനിന്ന് പുക ഉയർന്നിരുന്നു. കാറിലുണ്ടായിരുന്നവരെ നിസാര പരിക്കുകളോടെ ആശുപത്രിയിലാക്കി. തുടർന്ന് ഇവർ മറ്റൊരു വാഹനത്തിൽ പോയി. അഗ്നിരക്ഷാ ഓഫീസർമാരായ സുകു വർഗീസ്, വി എസ് ഗോകുൽ കൃഷ്ണൻ, ടി അമൽരാജ്, എം എം അരുൺകുമാർ, ഇ പ്രസീദ്, പി വി രഞ്ജിത് എന്നിവർ വാഹനത്തിന്റെ എൻജിൻ ഭാഗം തണുപ്പിച്ച് അപകട സാധ്യത ഒഴിവാക്കി. മുളിയാർ പഞ്ചായത്ത് ബോവിക്കാനം ടൗണിൽ ഞായർ പുലർച്ചെ 6.30നായിരുന്നു അപകടം. ജിപ്സി ജീപ്പും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിപ്‌സി ജീപ്പ് യാത്രക്കാരൻ വിദ്യാനഗർ ബാരിക്കാട് സ്വദേശി നികേഷ് (26)നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ ബോളുക്കട്ട സ്വദേശിയെ ചെർക്കള കെ കെ പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.









0 comments