പകർച്ചപ്പനിയില്‍ വിറങ്ങലിച്ച് നാട്

കാഞ്ഞങ്ങാട്
ജില്ലയില്‍ പകർച്ചപ്പനി വ്യാപകമാവുന്പോഴും ആവശ്യമായ പ്രതിരോധപ്രവര്‍ത്തനമില്ല. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ പനി ബാധിച്ച് ദിവസവും ആയിരക്കണക്കിനാളുകളാണ് സർക്കാർ ആശുപത്രികളിലെത്തുന്നത്. എന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും മരുന്ന് ക്ഷാമവും രോഗികളെ വലയ്‌ക്കുന്നു. ഒപിക്ക് മുന്നിൽ നീണ്ടനിരയാണ് മിക്ക ആശുപത്രികളിലും. മണിക്കൂറുകളോളം ഡോക്ടറെ കാത്തുനിന്ന് തളര്‍ന്നുവീഴുന്ന രോഗികളുടെ എണ്ണവും കുറവല്ല. പകർച്ചപ്പനിക്ക് പുറമെ ഡെങ്കിപ്പനിയും മലന്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയിൽ വർധിക്കുന്നുണ്ട്. ആയിരക്കണക്കിന് പേർ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. സ്വകാര്യാശുപത്രികളിലും ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പുറമെയാണിത്. ഈ വര്‍ഷം 28 പേര്‍ക്ക് മലന്പനി ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ മാസം മാത്രം അഞ്ചുപേര്‍ക്ക് മലന്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേര്‍ക്ക് ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചു. 512 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 37 പേര്‍ക്ക് ഈ വര്‍ഷം എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത് 14 പേർ. മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഈ വര്‍ഷം 296 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 60 പേർ. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണവും വർധിക്കുന്നുണ്ട്.









0 comments