പരാതി നൽകി സിപിഐ എം
എൻമകജെയിൽ പൊതുമുതലുകൾ നിയമവിരുദ്ധമായി കടത്തി


സ്വന്തം ലേഖകൻ
Published on Mar 21, 2026, 02:00 AM | 1 min read
പെർള
എൻമകജെ പഞ്ചായത്തിന്റെ കീഴിലുള്ള പൊതുമുതലുകൾ ലേലം വിളിക്കാതെയും ഭരണസമിതി തീരുമാനമെടുക്കാതെയും കടത്തിക്കൊണ്ടുപോയതായി പരാതി. പഞ്ചായത്ത് ഓഫീസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള വിലകൂടിയ പഴയ ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഇരുന്പുസാധനങ്ങൾ തുടങ്ങിയ പൊതുമുതലുകളാണ് നിയമവിരുദ്ധമായി കടത്തിയത്. പഞ്ചായത്തിന്റെ ഹരിതകർമ സേനയുടെ പിക്കപ് വാഹനത്തിലും കെഎ 21 സി 2840 നന്പർ വാഹനത്തിലുമായാണ് ഇവ കടത്തിയത്. ഇവയിൽ ചില ഫർണിച്ചറുകളും മറ്റും മുണ്ട്യത്തടുക്ക പള്ളത്തെ ഫർണിച്ചർ ഷോപ്പിൽ നൽകിയതായും വ്യക്തമായിരുന്നു. ഇക്കാര്യം നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയിട്ടും പരാതി നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായിട്ടില്ല. പൊതുമുതൽ കടത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ എം എൻമകജെ ലോക്കൽസെക്രട്ടറി വി വിനോദ് പൊലീസിൽ പരാതി നൽകിയിരുന്നു. പഞ്ചായത്തിന്റെ ആസ്‌തി രജിസ്‌റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള പൊതുമുതലുകൾ നഷ്ടപ്പെട്ടിട്ടും പൊലീസിൽ പരാതി നൽകാത്ത സെക്രട്ടറിയുടെ നിലപാട് അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണ്. പഞ്ചായത്തിന്റെ ആസ്‌തികൾ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥനായിട്ടും സെക്രട്ടറി ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ കൃത്യമായി അന്വേഷണം നടത്തി നിയമവിരുദ്ധമായി പൊതുമുതൽ കടത്തിയവർക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം എൻമകജെ ലോക്കൽകമ്മിറ്റി തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി.










0 comments