ദഹന പ്രശ്നവും വയറിൽ പ്ലാസ്റ്റിക്കും

പശുവിന് ഇത് പുതുജീവൻ

ഡോ.  എ സജീവ് കുമാറിന്റെ നേതൃത്വത്തിൽ നീലേശ്വരം  കിഴക്കൻ കൊഴുവലിൽ  പശുവിന് ശസ്‌ത്രക്രിയ നടത്തുന്നു

ഡോ. എ സജീവ് കുമാറിന്റെ നേതൃത്വത്തിൽ നീലേശ്വരം കിഴക്കൻ കൊഴുവലിൽ പശുവിന് ശസ്‌ത്രക്രിയ നടത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 06, 2025, 02:15 AM | 1 min read

കാഞ്ഞങ്ങാട്‌

ആമാശയത്തിൽ വായുവും കുമിളകളും നിറഞ്ഞ് വയറുവീർത്ത് നിലത്തുവീണ പശുവിനെ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിച്ചു. നിലേശ്വരം കിഴക്കംകൊഴുവൽ വളപ്പിൽ ഇല്ലത്തെ ക്ഷീരകർഷൻ ഉണ്ണികൃഷ്‌ണന്റെ വയറുവീർത്ത്‌ ശ്വാസംകിട്ടാതെ പിടഞ്ഞ പശുവിന് വെള്ളി രാത്രിയാണ് രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. രാവിലെയാണ് രോഗലക്ഷണമുണ്ടായത്‌. ഉടൻ സമീപത്തെ മൃഗാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും മാറ്റമുണ്ടായില്ല. പിന്നീട് പശു വയറുവീർത്ത് ശ്വാസംകിട്ടാതെ നിലത്തുവീണു. ഉടൻ വെറ്ററിനറി സർജൻ ജി നീതിഷെത്തി പ്രാഥമിക വൈദ്യസഹായം നൽകി. തുടർന്ന് കാഞ്ഞങ്ങാട് മൃഗാശുപത്രിയിലെ സീനിയർ സർജൻ ഡോ. എ സജീവ് കുമാർ, അടിയന്തിരശസ്‌ത്രക്രിയ നടത്തി വയറിൽനിന്ന്‌ പാസ്‌റ്റിക്‌ കയറും ദഹിക്കാതെ കെട്ടിക്കിടക്കുന്ന ആഹാര പദാർഥങ്ങളും പുറത്തെടുത്തു. വയർകീറി വളരെ ആയാസപ്പെട്ടാണ് ഉള്ളിൽനിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും നീക്കിയത്. കൃത്യമായി അവസ്ഥ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് നീക്കം ചെയ്യാൻ കഴിഞ്ഞതിനാൽ പശു ആരോഗ്യവതിയാണ്. ഡോ. ജി നിതീഷ്, ഡോ. നിയാസ്, ഡോ. അഭിരാം, നീലേശ്വരം മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രദീപ്, അറ്റൻഡൻഡ് വിനോദ് എന്നിവരും ശസ്ത്രക്രിയ നടത്താനുണ്ടായി. മേയാൻ വിടുമ്പോൾ സൂക്ഷിക്കണം പുല്ല് ചവച്ചരച്ച്‌ കഴിക്കുന്നതിനൊപ്പം അവ ആമാശയത്തിലെത്തുമ്പോൾ‌ ദഹിപ്പിക്കാൻ ഒട്ടേറെ സൂക്ഷ്മാണുക്കളും പശുവിന്റെ ദഹനവ്യവസ്ഥയുടെ ഭാഗമായുണ്ട്. എന്നാൽ, പുല്ലിനൊപ്പം കടന്നുകൂടുന്ന ചില വസ്തുക്കൾ പശുക്കളുടെ ദഹനവ്യവസ്ഥയെ തകർക്കുമെന്നു മാത്രമല്ല പശുവിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുമെന്ന് ഡോ. സജീവ് കുമാർ പറഞ്ഞു. പശുക്കളെ മേയാനായി ഇറക്കിക്കെട്ടുമ്പോഴോ പരിസരത്ത് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ അവ വയറ്റിലെത്തുകയും ദഹനത്തെ ബാധിക്കുകയും ചെയ്യുമെന്നും ഡോക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home