ലോക പരിസ്ഥിതി ദിനം ഇന്ന്
പ്രകൃതിക്ക് കാവലാളായ്, പച്ചപ്പിന് തണലായ്

തണൽ കൂട്ടായ്മ നീലേശ്വരം കോട്ടം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ കുളത്തോട് ചേർന്ന് ഒരുക്കിയ പച്ചത്തുരുത്തിൽ
സുരേഷ് മടിക്കൈ
Published on Jun 05, 2026, 02:41 AM | 1 min read
നീലേശ്വരം
പ്രകൃതി സംരക്ഷണത്തിന്റെ ഉണർത്തുപാട്ടുകാരായി നീലേശ്വരം ‘തണൽ’ പടിഞ്ഞാറ്റംകൊഴുവൽ കൂട്ടായ്‌മ. 22 വർഷംമുമ്പ് രൂപമെടുത്ത സംഘടന ചുരുങ്ങിയ കാലംകൊണ്ടാണ് ജനശ്രദ്ധ നേടിയത്. സമൂഹത്തിന്റെ വിവിധതലങ്ങളിള്ള ഇരുപത്തിയഞ്ച് പേർ സംഘടനയിലുണ്ട്. കേന്ദ്ര-, സംസ്ഥാന സർവീസിലുള്ള ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, കോളേജ്, സ്കൂൾ അധ്യാപകർ, തൊഴിലാളികൾ എന്നിവരെല്ലാം അംഗങ്ങളാണ്. മാലിന്യം വലിച്ചെറിയുന്നയിടങ്ങൾ വെട്ടിത്തെളിച്ച് മാലിന്യമുക്തമാക്കി കൃഷിയൊരുക്കിയും ക്ഷേത്രങ്ങളിലും മറ്റും പച്ചത്തുരുത്തൊരുക്കിയും കൂട്ടായ്‌മ പ്രകൃതിക്ക് കാവലാവുകയാണ്. നീലേശ്വരം കോട്ടം വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തോടുചേർന്ന് കിടക്കുന്ന കാടുപിടിച്ച സ്ഥലം വൃത്തിയാക്കി ഔഷധമരങ്ങൾ പിടിപ്പിച്ചു. അതിനു ശാസ്‌ത്രീയ നാമകരണവും നൽകി. വിദ്യാർഥികൾ അവയെ കുറിച്ച് പഠിക്കുവാൻ തണൽ ഉദ്യാനത്തിൽ എത്തുന്നുണ്ട്. പൂങ്കാവനത്തിൽ പാരിജാതം, ചമത, ലക്ഷ്മി തരു, അശോകം, മന്ദാരം, കണിക്കൊന്ന, സ്വർണമല്ലി, ഇലഞ്ഞി തുടങ്ങിയവയും ഔഷധ സസ്യങ്ങളായ വേപ്പ്, കറിവേപ്പ്, ഉങ്ങ്, കരിങ്ങാലി മുതലായവയും പേര, ഞാവൽ നെല്ലി, ബേർഡ്സ് ചെറി തുടങ്ങിയ ഫലവൃക്ഷങ്ങളും സംരക്ഷിച്ചിട്ടുണ്ട്. പൊതുവിടങ്ങൾ പച്ചത്തുരുത്തുകളാക്കുക, കുളത്തിൽ ജലസമൃദ്ധി ഉണ്ടാക്കുക, വഴിയോരങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് കൂട്ടായ്‌മയുടെ ലക്ഷ്യം. പി യു ചന്ദ്രശേഖരൻ പ്രസിഡന്റും സി എം രവീന്ദ്രൻ സെക്രട്ടറിയും പ്രൊഫ. വി വി പുരുഷോത്തമൻ ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.










0 comments