ad
Deshabhimani

സ്‌പെഷ്യൽ അരി പേരിന്‌ മാത്രം; ഭൂരിപക്ഷത്തിനും കിട്ടിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 20, 2026, 02:37 AM | 1 min read

കാസർകോട്‌

ഓണം പ്രമാണിച്ച്‌ നൽകുന്ന 26 രൂപ നിരക്കിലുള്ള സ്‌പെഷ്യൽ അരി ജില്ലയിലെ റേഷൻ കടകളിൽ എത്തിയത്‌ പേരിനുമാത്രം. പൊതുവിഭാഗം(സബ്‌സിഡി), പൊതുവിഭാഗം, പൊതുവിഭാഗം(സ്ഥാപനം) എന്നീ വിഭാഗത്തിലുള്ള കാർഡുടമകൾക്ക്‌ 10 കിലോയും മുൻഗണനാ വിഭാഗത്തിന്‌ മൂന്ന്‌ കിലോ അരിയുമാണ്‌ നൽകുമെന്ന്‌ പ്രഖ്യാപിച്ചത്‌. ജില്ലയിൽ മുഴുവൻ റേഷൻ കാർഡുടമകൾക്കും നൽകാനുള്ള അരിയുടെ അഞ്ച്‌ ശതമാനത്തോളം മാത്രമാണ്‌ എത്തിയത്‌. ജില്ലയിൽ മൂന്നര ലക്ഷത്തിലേറെ റേഷൻ കാർഡുടമകളുണ്ട്‌. 400 ഓളം റേഷൻ കടകളും ജില്ലയിലുണ്ട്‌. എല്ലാ കടകളിലും 10 ക്വിന്റൽ വീതം നൽകുമെന്നാണ് അറിയിച്ചത്. എന്നാൽ എല്ലായിടത്തും ഇത്‌ എത്തിയിട്ടില്ല. എത്തിയ കടകളിലാവട്ടെ അരി മുഴുവൻ പേർക്കും നൽകാനും തികഞ്ഞില്ല. 500 ലേറെ റേഷൻ കാർഡുള്ള റേഷൻ കട ജീവനക്കാർ കാർഡുടമകളുടെ പഴി കേള്‍ക്കേണ്ട അവസ്ഥയിലാണ്‌. സ്പെഷല്‍ അരിയുടെ പേരില്‍ വാക്കേറ്റവും പതിവായി. മുൻ വർഷങ്ങളിൽ ഓണത്തിന് കിറ്റും 10.90 രൂപ നിരക്കിൽ 10 കിലോ വരെ അരിയും ലഭിച്ചിരുന്നു. ഇത്തവണ അരിയുടെ വിലകൂടിയിട്ടും അത്‌ മിക്ക കാർഡുടമകൾക്ക് ലഭിച്ചിട്ടില്ല. പൊതുവിപണിയിൽ ഇതുകാരണം അരി വില കുത്തനെ കയറി. തിരുവോണത്തിന്‌ ഇനി ഒരാഴ്‌ചയില്ല. ജില്ലയിൽ റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റും ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. എഎവൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ്‌ കിറ്റ്‌ നൽകേണ്ടത്‌. കിറ്റ്‌ എന്ന്‌ എത്തുമെന്നതിനെക്കുറിച്ച്‌ റേഷൻ കടയുടമകൾക്ക്‌ വിവരമില്ല. കിറ്റ്‌ അന്വേഷിച്ച്‌ എത്തുന്നവരോടും മറുപടി പറയേണ്ട അവസ്ഥയിലാണ്‌ കടക്കാർ. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നാണ്‌ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് പി ശരതും സെക്രട്ടറി എം വി നാരായണനും ആവശ്യപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home