നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വരുമാനക്കുതിപ്പ്

നീലേശ്വരം റെയിൽവേ സ്റ്റേഷൻ.

സ്വന്തം ലേഖകൻ
Published on May 09, 2026, 02:45 AM | 1 min read
നീലേശ്വരം
വികസന കാര്യത്തിൽ പിന്നിലാണെങ്കിലും റെയിൽവേയുടെ ഖജനാവ് നിറച്ച് നീലേശ്വരം റെയിൽവേ സ്റ്റേഷൻ. വിവരാവകാശ നിയമപ്രകാരം ലഭ്യമായ 2025-– 26 സാമ്പത്തിക വർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ വരുമാന റാങ്കിങ്ങിൽ മികച്ച മുന്നേറ്റമാണ് നീലേശ്വരം കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം 7.79 കോടി രൂപയായിരുന്നു നീലേശ്വരം സ്റ്റേഷന്റെ വരുമാനം. എന്നാൽ 2025– -26 വർഷത്തിൽ ഇത് 8,49,48,952 രൂപയായി ഉയർന്നു. ഒറ്റവർഷത്തിനിടെ 70 ലക്ഷത്തിലധികം രൂപയുടെ വരുമാന വർധനവാണ് സ്റ്റേഷനിലുണ്ടായത്. ഇതോടെ കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിൽ 35-ാം സ്ഥാനത്തെത്തി. ജില്ലയിലെ മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ. ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ കരിന്തളം, മടിക്കൈ, കയ്യൂർ ചീമേനി പഞ്ചായത്തുകളിലെ ജനങ്ങൾ ട്രെയിൻ യാത്രയ്ക്കായി പ്രധാനമായും സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഈ മേഖലകളിൽ നിന്നുള്ള യാത്രക്കാരുടെ വർധനവാണ് സ്റ്റേഷന്റെ വരുമാന കുതിപ്പിന് കരുത്തായത്. വരുമാനത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റേഷനിൽ അടിയന്തരമായി വികസന പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്റ്റേഷന്റെ പരിമിതമായ സൗകര്യങ്ങൾ പരിഹരിക്കുന്നതിനായി പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, മേൽക്കൂരകളുടെ വിപുലീകരണം, കൂടുതൽ വിശ്രമമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നീലേശ്വരത്ത് ആർ പി എഫിന്റെ യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. വരുമാനത്തിലെ കുതിച്ചുചാട്ടം പരിഗണിച്ച് കൂടുതൽ ദീർഘദൂര വണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.










0 comments