ad
Deshabhimani

ദേശീയപാത

മട്ടലായിയിലെ വിള്ളൽ; ഉന്നത സംഘമെത്തി

 കലക്ടറുടെ പ്രത്യേക സംഘം പഞ്ചായത്ത് പ്രസിഡന്റ്‌  ഇ കുഞ്ഞിരാമനിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നു

കലക്ടറുടെ പ്രത്യേക സംഘം പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കുഞ്ഞിരാമനിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on May 13, 2026, 02:27 AM | 2 min read

പിലിക്കോട്‌

മട്ടലായിൽ ദേശീയപാതയിൽ വിള്ളലിനെ തുടർന്ന് റോഡ് തകർന്ന ഭാഗം കലക്ടർ നിയോഗിച്ച അന്വേഷണ സംഘം പരിശോധിച്ചു. പ്രാഥമിക പരിശോധനാ റിപ്പോർട്ട് നൽകി. വിള്ളൽ വീണതിനെ തുടർന്ന്‌ കഴിഞ്ഞ ദിവസം കലക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലത്തെത്തുകയും പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകുന്നതിന് നിർദേശം നൽകുകയുംചെയ്‌തിരുന്നു. മട്ടലായിൽ 99/200 മുതൽ 99/320 മേഖലയിലാണ് റോഡിൽ വിള്ളൽ കണ്ടത്. രണ്ട് കുന്നുകൾ തമ്മിൽ 30 അടിയോളം മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ റോഡ് നിർമിച്ചത്. രണ്ട് കുന്നുകളിലേയും നീരുറവ മലപ്പ് പാതാളം വയലുകളിലേക്ക് എത്തിച്ചേരുന്ന ഭാഗം കൂടിയാണ്. റോഡിന് മണ്ണിട്ട് ഉയർത്തിയതോടെ നീരുറവ നിലച്ചതാണ് റോഡ് തകരാനിടയായതെന്നാണ് പ്രാഥമിക നിഗമനം. കാലതാമസമെടുത്ത് പൂർത്തിയാക്കേണ്ട നിർമാണം മഴക്കുമുമ്പ് യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ശ്രമത്തിലായിരുന്നു. അരികുഭിത്തി കോൺക്രീറ്റ്ചെയ്ത് ഉറക്കുംമുമ്പ് മണ്ണിട്ട് ഉറപ്പിച്ചതും വിള്ളലിന് കാരണമായി. കാഞ്ഞങ്ങാട് ആർഡിഒ യുടെ പ്രതിനിധിയായി സീനിയർ സൂപ്രണ്ട് ഇ എം ബിജു, ഹൊസ്ദുർഗ് തഹസിൽദാർ പി കെ പ്രേമാനന്ദ്, ഡപ്യൂട്ടി തഹസിൽദാർ പി വി തുളസീരാജ്, സോയൽ കൺസർവേഷൻ ഓവർസീയർ കെ നജിബുദ്ധീൻ, എൻ റംല, മൈനിങ് ആൻഡ് ജിയോളജി അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് എൻ അജിത്, കെ അമൃത, ചന്തേര സിഐ എം വി ഷിജു, എംവിഡി എം വിജയൻ, പിഡബ്യുഡി എഇ സുനിൽകുമാർ, എസ് ഷാജി തയ്യിൽ, പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി വി മധുസൂദനൻ, ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറി ജി എസ് അരുണിമ എന്നിവരാണ് പരിശോധനക്കെത്തിയത്. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കുഞ്ഞിരാമൻ, എം കെ ഹരിദാസ്, എൻ രവീന്ദ്രൻ തുടങ്ങിയ ജനപ്രതിധികളും മേഘ കമ്പനി പ്രതിനിധികളും പങ്കെടുത്തു.


റോഡിനടിയിലൂടെ തുരങ്കം നിർമിക്കണം

പിലിക്കോട്

നീരുറവ പരിഹരിക്കാൻ റോഡിനടിയിലൂടെ തുരങ്കം നിർമിക്കണമെന്ന് ഉന്നതസംഘം വിലയിരുത്തി. മട്ടലായിയിൽ റോഡിൽ വിള്ളൽവീണ മേഖല പരിശോധിക്കാനെത്തിയ സംഘമാണ് വിള്ളലിന് കാരണം രണ്ട് കുന്നുകളിൽ അടിയൊഴുക്കാണ് കാരണമെന്ന് കണ്ടെത്തിയത്. ഈ റോഡിനോട് ചേർന്നാണ് മലപ്പ് പാതാളം വയൽ സ്ഥിതിചെയ്യുന്നത്. കുന്നിനോട് ചേർന്നുള്ള വയൽ ഉൾപ്പെടുന്ന ചതുപ്പ് നിലത്ത് ആവശ്യമായ പരിശോധന ഒന്നും നടത്താതെയാണ് നിർമാണം നടത്തിയത്. റോഡിന് കിഴക്കു ഭാഗം മഞ്ഞത്തൂർ റോഡിനോടുചേർന്നുള്ള കലുങ്കും ശാസ്ത്രീയമല്ല. കാലവർഷം കനക്കുന്നതോടെ സമീപ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാകും. തുരങ്കം നിർമിച്ച് പുതിയ കലുങ്ക് ഒരുക്കിയാൽ മാത്രമേ ഇതുകൂടി പരിഹരിക്കുകയുള്ളൂ. മേഘ കമ്പനിയുടെ എൻജിനീയറിങ് വിഭാഗം അടുത്തദിവസങ്ങളിൽകൂടി പരിശോധനക്കെത്തും. ഈ പരിശോധന കൂടി പൂർത്തിയായാൽ മാത്രമേ അന്തിമ തീരുമാനമുണ്ടാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.


സർവീസ് റോഡ് നിർമാണം 
താൽകാലികമായി നിർത്തി

പിലിക്കോട് നിർമാണത്തിലെ അപാകം കാരണം അരികുഭിത്തിക്ക്‌ വിള്ളൽ വീണതിനാൽ ഇതുവഴി നിർമിക്കുന്ന സർവീസ് റോഡ് അന്തിമ തീരുമാനം ആകുന്നത് വരെ പ്രവർത്തി നിർത്തിവെക്കും. നൂറ് മീറ്റർ നീളത്തിൽ വിവിധ ഇടങ്ങളിലായി ഭിത്തിയിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്‌. ചിലയിടങ്ങളിൽ അറ്റകുറ്റ പണിയും നടത്തിയിട്ടുണ്ട്. വിള്ളൽ വീണ റോഡിൽ റോളറുപയോഗിച്ച് ശക്തമായി അമർത്തിയതാണ് അരികുഭിത്തിക്ക് കൂടി കേടുപാട് സംഭവിച്ചതെന്നാണ്‌ കരുതുന്നത്‌. അന്വേഷണ സംഘം വരുന്നുതറിഞ്ഞ് ഷീറ്റുകൊണ്ട് മറച്ച നിലയിലാണ്. വീള്ളൽകണ്ട ഭാഗം എംഡിഎഫ് ഷീറ്റുകൊണ്ട് നിറച്ച് വിളളലില്ലാന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു കമ്പനിയുടെത്. ഡിപിആറിൽ സൂചിപ്പിച്ച രീതിയിലുള്ള കരാർ നടക്കുന്നില്ലന്ന പരാതിയും ഉയർന്നു. വിള്ളൽ വീണ ഭാഗത്തെ സർവീസ് റോഡ് നിർമ്മാണത്തിലും പാളിച്ചകളുണ്ട്‌. സർവീസ് റോഡിനോട് ചേർന്നുള്ള അരികുഭിത്തി നിർമാണം പൂർത്തിയാകാതെ റോഡ് നിർമിക്കാനാണ് കമ്പനി ശ്രമിച്ചത്. കൂടാതെ അപകട ഭീഷണി മുന്നിൽ കണ്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കുൾപ്പെടെ പത്തടിയോളം ഉയരത്തിൽ മണ്ണിട്ടതും വിവാദമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home