പരിഹാരം വേണം അഴിത്തലക്കാരുടെ പ്രയാസത്തിന്

സുരേഷ് മടിക്കൈ
Published on Feb 10, 2025, 02:30 AM | 2 min read
നീലേശ്വരം
ഭൂമിശാസ്ത്രപരമായി നീലേശ്വരം പ്രദേശത്തോട് ചേർന്നുനിൽക്കുന്ന തീരദേശഗ്രാമമായ അഴിത്തല സമീപകാലം വരെ പുഴയുടെ മറുകരയിലുള്ള പടന്ന പഞ്ചായത്തിലായിരുന്നു. കടലും പുഴയും അതിരിടുന്ന ഈ നാട്ടിലെ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് നീലേശ്വരം പഞ്ചായത്ത് നഗരസഭയായഘട്ടത്തിൽ അഴിത്തലയെ നഗരസഭയിൽ കൂട്ടിച്ചേർത്തു. എന്നാൽ 14 വർഷം കഴിഞ്ഞിട്ടും പടന്ന വില്ലേജ് ഓഫീസിന്റെ ഭാഗമായി അഴിത്തല തുടരുകയാണ്. റവന്യു സംബന്ധമായ ആവശ്യങ്ങൾക്ക് പുഴ കടന്നുപോകണ്ട പ്രദേശവാസികളുടെ അവസ്ഥ ഇപ്പോഴും തുടരുന്നു. 2010 ലാണ് നീലേശ്വരം പഞ്ചായത്ത് നഗരസഭയായി മാറിയത്. പടന്ന പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന അഴിത്തല ഇപ്പോൾ നഗരസഭയിലെ 25ാം വാർഡാണ്. വീടും വോട്ടവകാശവും നീലേശ്വരം നഗരസഭയിലായെങ്കിലും ഭൂനികുതി അടക്കണമെങ്കിൽ പുഴകടന്ന് പടന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിൽ എത്തണം. ഭദ്രകാളി ക്ഷേത്രം മുതൽ അഴിത്തല വരെയുള്ള മുന്നൂറോളം കുടുംബങ്ങളാണ് പ്രയാസത്തിൽ. താമസം നീലേശ്വരം നഗരസഭയിലും ഭൂമി പടന്ന വില്ലേജിലുമായതിനാൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പയെടുക്കാനും ഇവർ പ്രയാസപ്പെടുന്നു. നീലേശ്വരം നഗരസഭ രൂപീകരിച്ചത് മുതൽ അഴിത്തലയെ പടന്ന വില്ലേജിൽ നിന്നും ഒഴിവാക്കി നീലേശ്വരം വില്ലേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായില്ല. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള മേഖലയാണ് അഴിത്തല. പ്രയാസം പരിഹാരിക്കാൻ ഫിഷറീസ് വകുപ്പും ഇടപെടുന്നില്ലെന്നാണ് ഇവരുടെ പരാതി. തേജസ്വിനി പുഴ കടലിൽ ചേരുന്ന അഴിമുഖം ഉൾപ്പെടുന്ന തീരമാണ് അഴിത്തല. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിത്. വൈകരുത് നടപടി അഴിത്തല പ്രദേശം നീലേശ്വരം നഗരസഭയിൽ ചേർത്തെങ്കിലും ഭൂനികുതിയടക്കാൻ പുഴ കടന്ന് പടന്ന വില്ലേജ് ഓഫീസിലെത്തണം. ഈ ദുരിതം അവസാനിപ്പിക്കാൻ നിരവധി തവണ നിവേദനവും പരാതിയും നൽകിയെങ്കിലും ഫലമുണ്ടായില്ല. നഗരസഭയിലും പഞ്ചായത്തിലുമായി രേഖകൾ കിടക്കുന്നതിനാൽ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിഹരിക്കുമെന്നാണ് പ്രതീക്ഷ. പി വി സതീശൻ സിപിഐ എം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി ഏറെ കാലത്തെ ആവശ്യം അഴിത്തല പ്രദേശത്തെ നീലേശ്വരം വില്ലേജിൽ ഉൾപ്പെടുത്തുന്നമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തത് കാരണം പ്രദേശത്തെ നൂറുകണക്കിനാളുകളാണ് ദുരിതമനുഭവിക്കുന്നത്. പീതാംബരൻ അഴീത്തല റവന്യു രേഖകൾ മാറ്റണം 14 വർഷമായി ദുരിതം പേറുകയാണ് അഴിത്തലയിലെ ജനങ്ങൾ. റവന്യു രേഖകൾ പടന്നയിലും വോട്ടുൾപ്പെടെ മറ്റുള്ളതെല്ലാം നീലേശ്വരത്തും. നഗരസഭയുടെ ഭാഗമാക്കുമ്പോൾ റവന്യു രേഖകൾ കൂടി ഇവിടേക്ക് മാറ്റേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. രാജേന്ദ്രൻ അഴിത്തല











0 comments