ജില്ലയിലെ കാലവർഷക്കെടുതി തിരിഞ്ഞുനോക്കാതെ ചുമതലയുള്ള മന്ത്രി

കാസർകോട് വെള്ളപ്പൊക്കവും കടൽക്ഷോഭവും ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുംവന്ന് ജില്ലയുടെ നാനാമേഖലയിലുള്ളവർ ദുരിതത്തിലായി ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലയിലേക്ക് തിരിഞ്ഞുനോക്കാതെ ചുമതലയുള്ള മന്ത്രി കെ എം ഷാജി. ജൂലൈ 31 മുതൽ ജില്ലയിൽ കനത്തമഴയായിരുന്നു. ദിവസങ്ങൾക്കുമുന്നെ കടൽക്ഷോഭവും ശക്തമായി. കാവുഗോളി ഉൾപ്പെടെയുള്ള തീരദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു. കനത്ത ആശങ്കയോടെയാണ് നാട് ഇൗ ദിവസങ്ങളിൽ കടന്നുപോയത്. കഴിഞ്ഞ ശനി രാത്രിയോടെ അതിതീവ്ര മഴ പെയ്‌തു. ഇതോടെ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട്ടുചെയ്യാൻ തുടങ്ങി. ശനിയാഴ്‌ചമുതൽ ജില്ലയിൽ റെഡ് അലർട്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വീടുകൾ തകർന്നു. കാർഷിക വിളകൾക്കും നാശമുണ്ടായി. പള്ളിക്കര, തൃക്കണ്ണാട്, ഉദുമ, കാവുഗോളി, കോയിപ്പാടി കടൽത്തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി. അത്തിയടുക്കം, ഒറ്റക്കുഴി, തയ്യേനി മേഖലയിൽ ഉരുൾപൊട്ടലുണ്ടായി. പുഴകളിൽ ജലനിരപ്പുയർന്നു. കയ്യൂർ ചീമേനി, ചെറുവത്തൂർ, കിനാനൂര്‍–കരിന്തളം പഞ്ചായത്തുകളിലേയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും മലയോരജനതയും ഒരുപോലെ ബുദ്ധിമുട്ടിലായി. പ്രകൃതിക്ഷോഭംപോലെ അടിയന്തര സാഹചര്യമുണ്ടാവുമ്പോൾ ദുരിതത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ നേരിട്ടെത്തി മുൻനിരയിൽനിന്ന് നേതൃത്വംനൽകേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ടൊരാളുടെ അഭാവമാണ് ജില്ല അനുഭവിച്ചത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഉടനടി ഏകോപിപ്പിക്കുന്നതിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് അടിയന്തര നടപടികളെടുക്കുന്നതിലും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിലുമുണ്ടായ നിരുത്തരവാദമായ സമീപനം പ്രതിഷേധാർഹമാണെന്ന് ജനങ്ങൾ പറയുന്നു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനോ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ആളുകളെ ആശ്വസിപ്പിക്കാനോ മന്ത്രി കെ എം ഷാജി ഇതുവരെ സമയംകണ്ടെത്തിയിട്ടില്ല. ജനങ്ങളുടെ അടിയന്തര പരാതികൾ കേൾക്കാനും പരിഹാരം കാണാനും മന്ത്രിക്ക് സമയമായിട്ടില്ല. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളെയും ഏകോപിതപ്രവർത്തനങ്ങൾ ഉണ്ടാവാത്തതുമൂലം കൃത്യമായനിലയിൽ നാശനഷ്‌ടങ്ങൾ തിട്ടപ്പെടുത്താനും നിലവിൽ സാധിച്ചിട്ടില്ല. അത്തരത്തിൽ ഒരു അന്വേഷണവും ഉണ്ടാവുന്നില്ല എന്നാണ് ദുരിതബാധിതർ പറയുന്നത്. ദുരിതാശ്വാസപ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിതന്നെ വീഴ്‌ചവരുത്തിയതും വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചില്ല എന്ന ന്യൂനതയാണ് ദുരിതാശ്വാസ ക്യാമ്പുകളിലും കണ്ടത്.
ദുരന്തമുഖത്തെ സർക്കാർ നിസംഗത അവസാനിപ്പിക്കണം: ഡിവൈഎഫ്‌ഐ
കാസർകോട് ദുരിതാശ്വാസ പ്രവർത്തനത്തിലും ദുരന്തനിവാരണത്തിലും സംസ്ഥാന സർക്കാർ പുലർത്തുന്ന നിസംഗതയും നിരുത്തരവാദിത്ത സമീപനവും ഉടൻ അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്. ഏകോപിതമായ ദുരിതാശ്വാസമോ ദുരന്തനിവാരണപ്രവർത്തനമോ ജില്ലയിൽ ഇതുവരെയുണ്ടായില്ല എന്നത് പ്രതിഷേധാർഹമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വെള്ളപ്പൊക്കവും കടൽക്ഷോഭവും ഉരുൾപൊട്ടൽ ദുരന്തവുമുൾപ്പെടെയുണ്ടായി ദിവസമിത്ര പിന്നിട്ടിട്ടും തിരിഞ്ഞുനോക്കുകപോലുമുണ്ടായില്ല. സർക്കാർ സംവിധാനങ്ങളെ ഒറ്റമനസായി ചലിപ്പിക്കേണ്ട ഉത്തരവാദിത്തത്തിൽനിന്നാണ് വിട്ടുനിൽക്കുന്നത്. പലയിടത്തും സർക്കാർ ഏജൻസികൾ അന്വേഷിച്ചുപോലും എത്തിയില്ല എന്ന പരാതിയുമുയർന്നിട്ടുണ്ട്. 2018ലും 2019ലും പ്രളയസമയത്ത് അപകടങ്ങൾ സംഭവിച്ച പാതിരാത്രിമുതൽ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ ഉണർന്നുപ്രവർത്തിച്ചിരുന്നു. വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായി. കൃത്യമായ നിലയിൽ നാശനഷ്ടങ്ങൾ വിലയിരുത്തി, നഷ്‌ടപരിഹാരവും സമയബന്ധിതമായി ലഭ്യമാക്കിയിരുന്നു. ഇന്ന് സന്നദ്ധപ്രവർത്തകരെ അവഹേളിക്കുന്ന നിലപാടിലാണ് മന്ത്രി ഉൾപ്പെടെ. സർക്കാരിന്റെ ഗുരുതര അനാസ്ഥയ്‌ക്കിടയിലും ഡിവൈഎഫ്‌ഐ ദുരിതാശ്വാസപ്രവർത്തനത്തിന് നേതൃത്വം നൽകിയെന്നും ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.










0 comments