ad
Deshabhimani

മട്ടലായി ദേശീയപാതയിലെ വിള്ളൽ: പരിശോധന പ്രഹസനം

സുരക്ഷ ഉറപ്പാക്കാതെ റോഡ്‌ തുറന്നു

ദേശീയപാതയിൽ വിള്ളൽ വീണ മട്ടലായിയിൽ  റോഡ്‌  വീണ്ടും തുറന്നപ്പോൾ

ദേശീയപാതയിൽ വിള്ളൽ വീണ മട്ടലായിയിൽ റോഡ്‌ വീണ്ടും തുറന്നപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on May 15, 2026, 02:20 AM | 1 min read

പിലിക്കോട്

ദേശീയപാത നിർമാണത്തിനിടെ മട്ടലായയിൽ രൂപപ്പെട്ട വിള്ളലുകളിൽ ശാസ്ത്രീയമായ സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതിനുമുന്പ്‌ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. അപകടസാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ തിടുക്കത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചത് പ്രതിഷേധത്തിനിടയാക്കി. കൂടുതൽ വിള്ളൽ ഉണ്ടാകാനുണ്ടെന്ന മുന്നറിയിപ്പ്‌ അവഗണിച്ചാണ് നീക്കം. രണ്ടാഴ്ചമുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്ത മട്ടലായി ദേശീയപാതയിൽ ഞായർ രാത്രിയിലാണ് വീണ്ടും വിള്ളലുണ്ടായത്. ആദ്യമഴയിൽ തന്നെ റോഡിൽ 100 മീറ്റർ നീളത്തിൽ നെടുകെ പിളർന്നു. കലക്ടറുടെ നിർദേശത്തിൽ ആർഡിഒയുടെയും തഹസിൽദാരുടെയും നേതൃത്വത്തിൽ വിദഗ്ധ സംഘം ചൊവ്വാഴ്ച പരിശോധനക്കെത്തി. നീരുറവ പരിഹരിക്കാൻ റോഡിനടിയിലൂടെ തുരങ്കം നിർമിക്കണമെന്ന് ഉന്നതസംഘം വിലയിരുത്തി. രണ്ട് കുന്നുകളിൽ അടിയൊഴുക്കാണ് വിള്ളലിന് കാരണമെന്ന് കണ്ടത്തിയത്. ഈ റോഡിനോട് ചേർന്നാണ് മലപ്പ് പാതാളം വയൽ. കുന്നിനോട് ചേർന്നുള്ള വയൽ ഉൾപ്പെടുന്ന ചതുപ്പ് നിലത്ത് ആവശ്യമായ പരിശോധന നടത്താതെയായിരുന്നു നിർമാണം. റോഡിന് കിഴക്കുഭാഗം മഞ്ഞത്തൂർ റോഡിനോടുചേർന്നുള്ള കലുങ്കും ശാസ്ത്രീയമല്ല. കാലവർഷം കനക്കുന്നതോടെ സമീപപ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാകും. തുരങ്കം നിർമിച്ച് പുതിയ കലുങ്ക് ഒരുക്കിയാൽ മാത്രമേ ഇതും പരിഹരിക്കാനാകൂ. നിർമാണത്തിലെ അപാകം കാരണം അരികുഭിത്തിക്ക്‌ വിള്ളലുള്ളതിനാൽ ഇതുവഴി നിർമിക്കുന്ന സർവീസ് റോഡിന്റെ പ്രവൃത്തി അന്തിമ തീരുമാനം ആകുന്നത് വരെ നിർത്തിവെച്ചിരുന്നു. 100 മീറ്റർ നീളത്തിൽ വിവിധ ഇടങ്ങളിൽ ഭിത്തിയിൽ വിള്ളലുണ്ട്. വിള്ളൽ വീണ റോഡിൽ റോളറുപയോഗിച്ച് ശക്തമായി അമർത്തിയതാണ് അരികുഭിത്തിക്ക് കൂടി കേടുപാടുണ്ടാക്കിയത്‌. ഡിപിആറിൽ സൂചിപ്പിച്ച രീതിയിലുള്ള കരാർ പ്രവൃത്തി നടക്കുന്നില്ലെന്ന പരാതിയുണ്ട്. വിള്ളൽവീണ ഭാഗത്തെ സർവീസ് റോഡ് നിർമ്മാണത്തിലും പാളിച്ചകളുണ്ട്‌. അരികുഭിത്തി നിർമാണം പൂർത്തിയാകാതെ റോഡ് നിർമിക്കാനായിരുന്നു ശ്രമം. അടുത്തദിവസങ്ങളിൽ വിദഗ്ധസംഘം പരിശോധനക്കെത്തുമെന്നും ഇതുകൂടി പൂർത്തിയായാൽ മാത്രമേ അന്തിമ തീരുമാനമുണ്ടാകുമെന്ന് കരാറുകാരായ മേഘ കമ്പനി അധികൃതർ അറിയിച്ചെങ്കിലും വിള്ളൽ വീണ ഭാഗത്ത് ടാറിങ് നടത്തി സുരക്ഷ ഉറപ്പുവരുത്താതെ റോഡ്‌ തുറക്കുകയായിരുന്നു. അരികുഭിത്തി തകർന്ന ഭാഗത്തെ സുരക്ഷാഭിത്തിയുടെ കോൺക്രീറ്റ് പോലും പൂർത്തിയായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home