തെയ്യത്തിരുമുഖത്തിന്റെ വരവഴക്കം

സി കെ നാരായണൻ കിനാനൂർ കൊവ്വൽ തറവാട്ടിൽ നടന്ന കളിയാട്ടത്തിൽ ദണ്ഡ്യങ്ങാനത്ത് ഭഗവതിയുടെ മുഖത്തെഴുത്തിൽ ഏർപ്പെട്ടപ്പോൾ
പി പ്രകാശൻ
Published on Feb 26, 2026, 02:00 AM | 1 min read
കാസർകോട്
കാവുകളിലും ക്ഷേത്രങ്ങളിലും ഇത് തെയ്യാട്ടക്കാലം. ആടയാഭരണങ്ങളും തിരുമുടിയുമണിഞ്ഞ തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന വേള. തെയ്യങ്ങളുടെ ഏറ്റവും ആകർഷമായ ഘടകങ്ങളിലൊന്ന് അവയുടെ തേജസാർന്ന മുഖകാന്തിതന്നെ. മണിക്കൂറുകളുടെ അധ്വാനത്തിലൂടെ ക്ഷമാപൂർവമാണ് തെയ്യത്തിന്റെ മുഖത്തെഴുത്ത് നിർവഹിക്കുക. കിനാനൂരിലെ സി കെ നാരായണന് തെയ്യം മുഖത്തെഴുത്ത് വർഷങ്ങളായുള്ള കലാസപര്യയാണ്. ഇതിനകം 13,000 ലേറെ തെയ്യക്കോലങ്ങൾക്ക് നാരായണൻ മുഖത്തെഴുത്ത് നടത്തിക്കഴിഞ്ഞു. 16 പെരുങ്കളിയാട്ടത്തിൽ തന്റെ വൈഭവം പ്രകടമാക്കി. ഏതു തെയ്യത്തിന്റെ മുഖത്തെഴുത്തും മെയ്യെഴുത്തും അണിയല നിർമാണവും നാരായണന്റെ കൈയിൽ ഭദ്രം. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനയിൽ പകർന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യ മികവ് നാരായണനുണ്ട്. സ്‌കൂൾ പഠനകാലത്തുതന്നെ ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ച നാരായണൻ നിരവധി സമ്മാനം നേടിയിട്ടുണ്ട്. ആടിവേടൻ കെട്ടിയാണ് തെയ്യം രംഗത്തേക്കുള്ള തുടക്കം. അച്ഛൻ എം കണ്ണന്റെയും അമ്മാവന്മാരായ തെക്കുംകര കണ്ണൻ കർണമൂർത്തിയുടെയും കുഞ്ഞിരാമൻ നേണിക്കത്തിന്റെയും ശിക്ഷണത്തിലാണ് മുഖത്തെഴുത്തും അണിയല നിർമാണവുമെല്ലാം പരിശീലിച്ചത്. 18 വയസ് മുതൽ ഇൗ മേഖലയിൽ സജീവമായി. തൃക്കരിപ്പൂർ മുതൽ വടക്കോട്ട് നിരവധി കാവുകളിൽ ജന്മാവകാശിയായ നാരായണൻ തെയ്യക്കോലമണിഞ്ഞും തന്റെ മികവ് പ്രകടമാക്കി. കമ്മാടത്ത് കാവിൽ മാത്രം കമ്മാടത്ത് ഭഗവതിയെന്നും മറ്റിടങ്ങളിൽ ദണ്ഡ്യങ്ങാനത്ത് ഭഗവതിയെന്നും അറിയപ്പെടുന്ന തെയ്യത്തിന്റെ മുടിക്കായുള്ള പാളയെഴുത്തിൽ അസാമാന്യ വൈദഗ്ധ്യം നാരായണനുണ്ട്. ഈ തെയ്യത്തിന് കോലധാരികൾ അടയാളം വാങ്ങുന്നത് ഇദ്ദേഹത്തിന്റെകൂടി സൗകര്യം പരിഗണിച്ചാണ്. കലശക്കാർ കൊണ്ടുവരുന്ന പാളകൾ കൃത്യമായ അളവിൽ മുറിച്ചെടുത്ത് അതിൽ ചുകപ്പും കരിയും കൊണ്ട് രൂപങ്ങൾ വരക്കുക ശ്രമകരമായ ജോലിയാണ്. നാരായണന്റെ പ്രതിഭ കണ്ടറിഞ്ഞ കൊച്ചിയിലെ ഒരു നാടൻകലാ ഗവേഷക 25 മാസം മുടങ്ങാതെ 5000 അയച്ചുതന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമെന്ന് നാരായണൻ പറയുന്നു. കരകൗശല നിർമാണത്തിലും നാരായണൻ വിദഗ്‌ധനാണ്. പാഴ് വസ്തുക്കളും മറ്റും ഉപയോഗിച്ച് മനോഹര ശിൽപ്പമുണ്ടാക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകാൻ നിരവധി സ്‌കൂളുകളിൽ ക്ഷണിതാവാണ് ഇദ്ദേഹം. നിരവധി ക്ഷേത്രങ്ങൾ നാരായണന്റെ പ്രതിഭ കണ്ടറിഞ്ഞ് ആദരംനൽകി. പുഷ്പയാണ് ഭാര്യ. എക മകൾ വർഷ ചായ്യോത്ത് ജിഎച്ച്‌എസ്‌എസിലെ പ്ലസ്ടു വിദ്യാർഥിനി.










0 comments