ad
Deshabhimani

ചരിത്രത്തിന്റെ ചൂളംവിളിക്ക്‌ 120 വയസ്‌

.
avatar
പി പ്രകാശൻ ​

Published on May 09, 2026, 02:42 AM | 1 min read

കാസർകോട്‌

ജില്ലയിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയിട്ട്‌ 120 വർഷം. വളപട്ടണം–- കാഞ്ഞങ്ങാട് പാതയിൽ 1906 ആഗസ്ത് 21 നും കാഞ്ഞങ്ങാട്‌– കാസർകോട്‌ പാതയിൽ 1906 ഒക്ടോബർ ഒന്നിനുമാണ്‌ ആദ്യ യാത്രാവണ്ടി ചൂളം വിളിച്ചെത്തിയത്. 120 വർഷത്തിനിടയിൽ വികസന രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും ജില്ലയിൽ പരാധീനത പലതും ബാക്കി. ഷൊർണൂർ– മംഗളൂരു പാതയിൽ ഇന്നത്തെ കണ്ണൂർ, കാസർകോട് ജില്ലയിൽ റെയിൽപാത യാഥാർഥ്യമാക്കാൻ അഞ്ച് വർഷമെടുത്തു. വടകര മുതൽ മംഗളൂരുവരെയുള്ള 144 കിലോമീറ്റർ പാത ഏഴ് ഘട്ടങ്ങളായാണ് പൂർത്തിയാക്കിയത്‌. 1902 മെയ് ഒന്നിന് വടകര – തലശേരി പാതയും 1907 ജൂലൈ മൂന്നിന്‌ കുമ്പള – -മംഗളൂരു പാതയും തുറന്നുകൊടുത്തു. കണ്ണൂർ – വളപട്ടണം പാതയിൽ 1904 നവംബർ 15 നും വളപട്ടണം–- കാഞ്ഞങ്ങാട് പാതയിൽ 1906 ആഗസ്ത് 21 നും ട്രെയിൻ ഓടിത്തുടങ്ങി. 1853 ലാണ്‌ രാജ്യത്ത്‌ ആദ്യ ട്രെയിൻ ഓടിയത്‌. 1861 മാർച്ച്‌ 12നാണ്‌ തിരൂരിനും ബേപ്പൂരിനുമിടയിൽ കേരളത്തിൽ ആദ്യ ട്രെയിൻ ഓടിത്തുടങ്ങിയത്‌. കാഞ്ഞങ്ങാടിനും കാസർകോടിനുമിടയിൽ പള്ളിക്കര, കോട്ടിക്കുളം സ്റ്റേഷനുകളായിരുന്നു തുടക്കത്തിൽ. പിന്നീടാണ്‌ കളനാട് ഹാൾട്ട് സ്‌റ്റേഷൻ അനുവദിച്ചത്‌. പള്ളിക്കര പിന്നീട്‌ ബേക്കൽ ഫോർട്ട്‌ എന്ന പേരിൽ പുനർനാമകരണം നടത്തി. കണ്ണൂരിനും മംഗളൂരുവിനുമിടയിൽ തുടക്കത്തിൽ മൂന്ന് പാസഞ്ചർ ട്രെയിനുകൾ മാത്രം. പിന്നീടാണ് ദീർഘദൂര ട്രെയിനുകളുടെ വരവ്‌. വനവിഭവങ്ങൾ, നാളികേരം, കുരുമുളക്, അടയ്ക്ക എന്നിവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ കച്ചവടക്കാർ പ്രധാനമായും ആശ്രയിച്ചത് ട്രെയിനുകളെയാണ്‌. കാഞ്ഞങ്ങാട് – കാസർകോട് പാതക്ക് പ്രത്യേകത ഏറെയുണ്ട്‌. കടലിനോട് ഏറ്റവും അടുത്തു കിടക്കുന്ന പാതയും ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ബേക്കൽ കോട്ടയ്ക്ക്‌ സമീപത്തുകൂടിയും കടന്നുപോകുന്ന പാതയും കൂടിയാണിത്‌. റെയിൽപാളം കടന്നുപോവുന്ന സംസ്ഥാനത്തെ പ്രധാന തുരങ്കം കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിലെ കളനാടാണ്‌. ചെങ്കൽകുന്ന് തുരന്ന് നിർമിച്ച ഇ‍ൗ തുരങ്കത്തിന് 527 അടി നീളമുണ്ട്. പാത ഇരട്ടിപ്പിക്കൽ സമയത്ത് തുരങ്കം പൊളിച്ചുമാറ്റാനുള്ള തീരുമാനിച്ചിരുന്നു. ചരിത്ര സ്മാരകമായ തുരങ്കം പൊളിക്കരുതെന്ന ആവശ്യം ഉയർന്നപ്പോഴാണ്‌ നിലനിർത്താൻ തീരുമാനിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home