ad
Deshabhimani

പഞ്ചായത്തംഗത്തിന്‌ അലവൻസ്‌ 20 രൂപ പ്രസിഡന്റിന്‌ 
സ്വന്തം മുറിയില്ല!

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി പ്രകാശൻ

Published on Nov 14, 2025, 03:01 AM | 1 min read

കാസർകോട്‌ ‘‘ഇന്നുള്ള അധികാരമൊന്നും അന്ന് പഞ്ചായത്തുകൾക്കുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥ മേധാവിത്വമാണ്‌ നിലനിന്നത്‌. പഞ്ചായത്ത് ഭരണസമിതിക്ക്‌ ഒരു ഉപദേശക സമിതിയുടെ റോൾ മാത്രം. ഭരണസമിതിക്ക് സ്വതന്ത്രമായി ചെലവഴിക്കാൻ പരമാവധി അനുവദിച്ചത് 50 രൂപ. അതിനുമുകളിലുള്ള എല്ലാ വികസന പദ്ധതികൾക്കും പഞ്ചായത്ത് ഡയറക്ടറുടെ അനുമതി വേണം’’. 1979 –84 കാലത്ത്‌ ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പ്രമുഖ സിപിഐ എം നേതാവും എംഎൽഎയുമായിരുന്ന  അന്തരിച്ച പി രാഘവൻ തന്റെ ആത്മകഥയായ ‘കനലെരിയും ഓർമകളി'ലാണ്‌ 46 വർഷം മുമ്പുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ ചിത്രം വരച്ചുകാട്ടുന്നത്. നീണ്ട 16 വർഷത്തിനുശേഷമാണ് 1979 സെപ്തംബറിൽ സംസ്ഥാനത്ത്‌ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ബേഡഡുക്ക പഞ്ചായത്തിൽ മൂന്നാം വാർഡിൽനിന്നാണ്‌ പി രാഘവൻ തെരഞ്ഞെടുക്കപ്പെട്ടത്‌. ആകെയുള്ള 11 വാർഡുകളിൽ ഒമ്പതിലും അന്ന്‌ സിപിഐ എം വിജയിച്ചു. പഞ്ചായത്തംഗങ്ങൾക്ക് 20 രൂപയായിരുന്നു സിറ്റിങ് അലവൻസ്. യാത്രയ്ക്കും ഭക്ഷണത്തിനും അത് തികയില്ല. വാർഡുകളിലെ മറ്റ് വികസനപ്രവർത്തനങ്ങൾക്ക് അംഗങ്ങൾ സ്വന്തമായി പണം കണ്ടെത്തണം. ഓഫീസിൽ പ്രസിഡന്റിന് സ്വന്തം മുറിയില്ല. എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ഓഫീസ് അധികാരി. പഞ്ചായത്തംഗങ്ങൾ ഇദ്ദേഹത്തെ ‘സർ' എന്ന് വിളിക്കണം. ആത്മകഥയിൽ പറയുന്നു. കാര്യമായ വരുമാനമൊന്നും പഞ്ചായത്തിനില്ല. ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും പണം തികയില്ല. എല്ലാ പരിമിതികൾക്കിടയിലും ഉള്ള വിഭവങ്ങളും പരിമിതമായ അധികാരങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങളെ നിരാശപ്പെടുത്താതെ പഞ്ചായത്ത് ഭരണം നടത്താനായതായി ആത്മകഥയിൽ പറയുന്നു. പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിന് സ്വന്തം മുറി, മേശ, കസേര, നെയിം ബോർഡ് എന്നിവ വേണമെന്ന് എക്സിക്യൂട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടു. എന്നാൽ, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ആദ്യമൊന്നും അതിന് വഴങ്ങിയില്ല. മുറി അനുവദിച്ചില്ലെങ്കിൽ ഓഫീസിലേക്ക് വരില്ലെന്ന് അറിയിച്ചപ്പോൾ പ്രശ്നപരിഹാരമായി. എക്സിക്യൂട്ടീവ് ഓഫീസറെ മെമ്പർമാർ ‘സർ' എന്ന് വിളിക്കേണ്ടതില്ലെന്ന് താലൂക്ക് പഞ്ചായത്ത് ഓഫീസറെ കൊണ്ട് ഉത്തരവിറക്കിപ്പിക്കാനുമായി. വികസന പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്ത് ഡയറക്ടറെയും മന്ത്രിയെയും കാണാൻ മാസത്തിൽ ഒരു തവണയെങ്കിലും തിരുവനന്തപുരത്ത് പോകേണ്ടിവന്നു. സ്വന്തം ചെലവിൽ തന്നെയായിരുന്നു പല യാത്രകളും. ആത്മകഥയിൽ പി രാഘവൻ വിവരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home