ഉദ്‌ഘാടനത്തിനൊരുങ്ങി കടിഞ്ഞിമൂല -മാട്ടുമ്മൽ കോട്ടപ്പുറം പാലം

സുരേഷ് മടിക്കൈ
Published on May 09, 2025, 02:30 AM | 2 min read
നീലേശ്വരം
നീലേശ്വരത്തിന്റെ തീരദേശമേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായ കടിഞ്ഞിമൂല–- -മാട്ടുമ്മൽ-–- കോട്ടപ്പുറം പാലം ഉദ്ഘാടനത്തിനൊരുങ്ങി. നീലേശ്വരം നഗരസഭയിൽ തൈക്കടപ്പുറം, അഴിത്തല, പുറത്തേക്കൈ, കടിഞ്ഞിമൂല, കൊട്രച്ചാൽ, ഓർച്ച തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനംചെയ്യുന്ന പാലം സംസ്ഥാന സർക്കാർ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിച്ചത്. ആറ് സ്‌പാനുകളും 155 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് രൂപകല്പന ചെയ്തത്. 13.92 കോടി രൂപയാണ് ചെലവ്. പാലത്തിന്റെ ഡെക്ക് സ്ലാബിൽ അവസാനഘട്ട പ്രവൃത്തിയായ മാസ്റ്റിക് അസ്ഫാൽറ്റ് ചെയ്‌തു വരികയാണ്. പാലം തുറക്കുന്നതോടെ തൈക്കടപ്പുറം, പുറത്തെക്കൈ, കടിഞ്ഞിമൂല, കൊട്രച്ചാൽ, കൊട്ടറ ഉന്നതി എന്നീ പ്രദേശങ്ങളിലുള്ളവർക്ക് നീലേശ്വരം നഗരത്തിലേക്കും ചെറുവത്തൂർ മടക്കരയിലേക്കും കരുവാച്ചേരി ദേശീയപാതയിലേക്കും എളുപ്പത്തിൽ എത്താം. കോട്ടപ്പുറം- അച്ചാംതുരുത്തി പാലം വഴി നീലേശ്വരത്തേക്ക് എത്താതെ പയ്യന്നൂരിലേക്കും എളുപ്പത്തിലെത്താം. തൃക്കരിപ്പൂർ മണ്ഡലത്തിലെ തീരദേശ ടൂറിസം പദ്ധതികൾക്കുള്ള സാധ്യതയും പാലം തുറന്നിടുന്നുണ്ട്. ആദ്യം കടത്തുതോണിയിലായിരുന്നു ജനങ്ങൾ ഇതുവഴി യാത്രചെയ്തത്. എം രാജഗോപാലൻ എംഎൽഎ നബാർഡിൽ ഉൾപ്പെടുത്തി പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് പദ്ധതി നിർദ്ദേശം നൽകിയിരുന്നു. അനുബന്ധ റോഡ് നിർമാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിന് എംഎൽഎയുടെ സഹായത്തോടെ നഗരസഭ നടത്തിയ ഇടപെടൽ നിർമാണം വേഗത്തിൽ ആരംഭിക്കാൻ സഹായകമായി. നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ചെയർമാനും മാട്ടുമ്മൽ കൃഷ്ണൻ കൺവീനറുമായ പ്രാദേശിക കമ്മിറ്റി സമയബന്ധിതമായി സമീപന റോഡിനുള്ള സമ്മതപത്രം സ്ഥലടമകളിൽ നിന്ന് സൗജന്യമായി ലഭ്യമാക്കാൻ മികച്ച പ്രവർത്തനം നടത്തി. തീരദേശവാസികൾക്ക് പുതിയ ഗതാഗതമാർഗം കൂടി വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് കോട്ടപ്പുറത്തേക്കും നീലേശ്വരം, മടക്കര, ചെറുവത്തൂർ, പടന്ന ടൗണുകളിലേക്കും തിരിച്ചും എളുപ്പത്തിൽ എത്താൻ പുതിയൊരു ഗതാഗത മാർഗം കൂടി പാലം തുറക്കുന്നതോടെ സാധ്യമാവും. ജനങ്ങളുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നുവെന്നതിനോടൊപ്പം നിർദിഷ്ട തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കാവുന്നതും ടൂറിസം, മത്സ്യബന്ധനം, വാണിജ്യം എന്നീ മേഖലകളുടെ സമഗ്ര വികസനത്തിലേക്ക് വഴി തുറക്കുന്നതുമായ യാത്രാമാർഗം കൂടിയാണ് പാലം. എം രാജഗോപാലൻ എംഎൽഎ തീരദേശമേഖലയുടെ സ്വപ്‌നപദ്ധതി ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കടിഞ്ഞിമൂല- മാട്ടുമ്മൽ കോട്ടപ്പുറം പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. മിനുക്കുപണി മാത്രമാണ് ഇനി ബാക്കി. നഗരസഭയിലെ തീരദേശമേഖലയുടെ സ്വപ്നപദ്ധതിയായിരുന്നു ഇത്. സമീപനറോഡിനായി സ്ഥലം വിട്ടുകിട്ടാൻ ജനകീയ കമ്മിറ്റി ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് പദ്ധതി ഇത്രയും വേഗം പൂർത്തിയാക്കാൻ സാധിച്ചത്. പി പി മുഹമ്മദ് റാഫി നഗരസഭാ വൈസ് ചെയർമാൻ/ പാലം ജനകീയ കമ്മിറ്റി ചെയർമാൻ









0 comments