ad
Deshabhimani

ജനകീയ സമരത്തിന്റെ ഉജ്വല വിജയം

ആരിക്കാടി ടോൾ പ്ലാസ 
അടച്ചുപൂട്ടാൻ തീരുമാനം

കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ച ടോൾബൂത്ത്

കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ച ടോൾബൂത്ത്

avatar
സ്വന്തം ലേഖകൻ

Published on Feb 04, 2026, 02:00 AM | 1 min read

കാസർകോട്‌

ദേശീയപാതയിൽ കുന്പള ആരിക്കാടിയിലെ ടോൾപ്ലാസക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തിന്‌ മുന്നിൽ ഒടുവിൽ ദേശീയപാത അതോറിറ്റി മുട്ടുമടക്കി. ടോൾ പിരിക്കുന്നത്‌ അവസാനിപ്പിക്കാൻ ദേശീയപാത അതോറിറ്റിക്ക്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്‌ നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ്‌ ബുധനാഴ്‌ച പുറത്തിറങ്ങുമെന്ന്‌ അറിയുന്നു. ജനകീയ ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി ശക്തമായ സമരമാണ്‌ ഇവിടെ നടന്നുവരുന്നത്‌. പല തവണ ടോൾ പ്ലാസയിലേക്ക്‌ ബഹുജന മാർച്ച്‌ നടത്തി. സമരത്തിന്റെ പേരിൽ ആക്‌ഷൻ കമ്മിറ്റി കൺവീനറും സിപിഐ എം ഏരിയാസെക്രട്ടറിയുമായ സി എ സുബൈർ, ചെയർമാൻ എ കെ എം അഷറഫ്‌ എംഎൽഎ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കെതിരെ ഒന്പതോളം കേസ്‌ നിലവിലുണ്ട്‌‌. നിരവധി പ്രവർത്തകർ ജയിൽവാസവും അനുഭവിച്ചു. ടോൾ പിരിക്കുന്നതിനെതിരെ ആക്‌ഷൻ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതിൽ തീരുമാനം വരുംവരെ ടോൾ പിരിക്കരുതെന്നായിരുന്നു ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്‌. ബിജെപിയും എസ്‌ഡിപിഐയും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ഒഴികെയുള്ള രാഷ്ട്രീയപാർടി നേതാക്കളും വിവിധ മത സാമുദായിക, സന്നദ്ധ സംഘടനകളും നാടിന്റെ പൊതു വികാരത്തിനൊപ്പം ചേർന്ന്‌ ജനകീയ സമരത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ജനകീയ സമരത്തിന്റെ വിജയമാണ്‌ ടോൾപിരിവ്‌ നിർത്താനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനമെന്ന്‌ സിപിഐ എം ഏരിയാസെക്രട്ടറി സി എ സുബൈർ പറഞ്ഞു. 20 കിലോമീറ്റർ അപ്പുറമുള്ള തലപ്പാടിയിൽ വൻതുക ടോൾ പിരിക്കുന്പോഴാണ്‌ കഴുത്തറുപ്പൻ നിരക്കുമായി ആരിക്കാടിയിൽ ടോൾ പിരിവ്‌ ആരംഭിച്ചത്‌. ദേശീയപാത അതോറിറ്റിയുടെ കണക്കുപ്രകാരം തലപ്പാടി കഴിഞ്ഞാൽ കേരളത്തിലെ ആദ്യ ടോൾ പ്ലാസ വരുന്നത്‌ ചാലിങ്കാലിലാണ്‌. രണ്ടാം റീച്ചായ ചാലിങ്കാലിൽ ദേശീയപാതയുടെ പണി പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. ആ നഷ്ടം നികത്താനെന്ന പേരിലാണ്‌ ആരിക്കാടിയിൽ ടോൾ പിരിക്കാൻ തുടങ്ങിയത്‌. ഇതാണ്‌ ജനകീയ സമരത്തിനൊടുവിൽ അവസാനിപ്പിക്കേണ്ടി വന്നത്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home