ജില്ലാ സ്കൂൾ പ്രവേശനോത്സവം
സ്‌കൂൾ മാറ്റി മന്ത്രിയുടെയും യുഡിഎഫ് നേതാക്കളുടെയും രാഷ്‌ട്രീയക്കളി


സ്വന്തം ലേഖകൻ
Published on May 28, 2026, 02:36 AM | 3 min read
കാസർകോട്
ജനകീയമായി നടത്തേണ്ട ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിനായി നിശ്‌ചയിച്ച സ്‌കൂൾ മാറ്റിച്ച് യുഡിഎഫ് നേതാക്കളുടെയും മന്ത്രിയുടെയും രാഷ്‌ട്രീയക്കളി. ജില്ലാ പ്രവേശനോത്സവം ജൂൺ ഒന്നിന് ചായ്യോത്ത് ജിഎച്ച്‌എസ്‌എസിൽ നടത്താനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഡിഡിഇ, എസ്‌എസ്‌കെ, ഡയറ്റ് പ്രതിനിധികൾ എന്നിവരുടെയെല്ലാം സാന്നിധ്യത്തിൽ ജനകീയമായി നടത്താൻ തീരുമാനിച്ചത്. ഡിഡിഇ ഇതു സംബന്ധിച്ച ഉത്തരവിറക്കുകയുംചെയ്‌തു. തുടർന്ന് ചായ്യോത്ത് വിപുലമായി സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനാവും തുടങ്ങി. എന്നാൽ ജില്ലാ പ്രവേശനോത്സവം കൈക്കോട്ടുകടവ് വിഎച്ച്‌എസ്‌എസ്സിൽ നടത്താൻ പൊതു വിദ്യാഭ്യാസ മന്ത്രി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ഇതിനനുസൃതമായ നടപടി സ്വീകരിക്കണമെന്നും അറിയിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ കഴിഞ്ഞ ദിവസം ഡിഡിഇക്ക് ലഭിച്ചു. ഇതുപ്രകാരം ചായ്യോത്ത് ജിഎച്ച്‌എസ്‌എസിൽ നടത്തേണ്ട പ്രവേശനോത്സവം കൈക്കോട്ടുകടവ് സ്‌കൂളിലേക്ക് മാറ്റി ഡിഡിഇ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ താൽപര്യപ്രകാരമാണ് ഉത്തരവെന്ന് സർക്കുലറിൽ പറയുന്നു. ജില്ലാ സ്കൂൾ പ്രവേശനോത്സവം തികച്ചും ജനകീയമായി നടത്തേണ്ട പരിപാടിയാണ്. ഇതാണ് യുഡിഎഫ് നേതാക്കളുടെയും മന്ത്രിയുടെയും രാഷ്‌ട്രീയക്കളിയിൽ അലങ്കോലമാക്കാൻ ശ്രമിക്കുന്നത്.
പ്രവേശനോത്സവം ചായ്യോത്തുതന്നെ നടത്തും: സാബു അബ്രഹാം
കാസർകോട് ജില്ലാ സ്കൂൾ പ്രവേശനോത്സവം നേരത്തെ നിശ്‌ചയിച്ച പ്രകാരം ചായ്യോത്ത് ജിഎച്ച്എസ്എസ്സിൽ തന്നെ നടത്താനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അറിയിച്ചു. കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ ജില്ലയിലെ ഉയർന്ന വിദ്യാഭ്യാസ അധികാരികളുടെ സാന്നിധ്യത്തിലാണ് ജില്ലാ സ്കൂൾ പ്രവേശനോത്സവം ചായ്യോത്ത് സ്കൂളിൽ നടത്താൻ തീരുമാനിച്ചത്. തീരുമാനം ഭരണസമിതി യോഗം അംഗീകരിക്കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവായി ഇറക്കുകയുംചെയ്തു. തുടർന്ന് സ്കൂളിൽ സംഘാടക സമിതി ഉൾപ്പെടെ രൂപീകരിച്ച് പ്രവർത്തനംതുടങ്ങി. ഇതിനിടയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. ജില്ലാ പ്രവേശനോത്സവം കൈക്കോട്ട്കടവ് വിഎച്ച്‌എസ്‌എസിൽ നടത്തണമെന്നാണ് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് തീരുമാനപ്രകാരം ചായ്യോത്ത് സ്‌കൂളിൽ ഒരുക്കം പൂർത്തിയായെന്ന് അറിയിച്ചിട്ടും കൈക്കോട്ട് കടവിൽതന്നെ പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന നിർബന്ധമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നൽകി. സംസ്ഥാനത്തെ മറ്റു 13 ജില്ലകളിലും കാണാത്ത നിലയിൽ ഏകപക്ഷീയമായി ജില്ലാ പഞ്ചായത്ത് തീരുമാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യക്തമായ മാനദണ്ഡം മുൻനിർത്തിയാണ് ചായ്യോത്ത് സ്‌കൂളിൽ പ്രവേശനോത്സവം തീരുമാനിച്ചത്. എസ്‌എസ്‌എൽസിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് 100 ശതമാനം വിജയം കൈവരിച്ച അഭിമാന നേട്ടമാണ് സ്കൂൾ സ്വന്തമാക്കിയത്. എന്നാൽ രാഷ്ട്രീയ താല്പര്യത്തോടെ ജില്ലയിലെ ചില യുഡിഎഫ് നേതാക്കളുടെ പിടിവാശിയാണ് ഇത്തരത്തിൽ ഒരു വിചിത്ര തീരുമാനത്തിന് പിന്നിൽ. ജില്ലാപഞ്ചായത്ത് ഭരണസംവിധാനത്തെയും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥ സംവിധാനത്തെയും മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയമായി ഇത്തരം തീരുമാനം കൈക്കൊള്ളുന്നത് ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിന് യോജിച്ചതല്ല. വിദ്യാർഥികളുടെ ഭാവിവച്ച് രാഷ്ട്രീയം കളിക്കുന്ന പ്രവണത അപലപനീയമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനത്തിനു മുന്നിൽ മുട്ടുമടക്കാൻ ജില്ലാപഞ്ചായത്ത് സന്നദ്ധമല്ലെന്ന് സാബു അബ്രഹാം പ്രസ്‌താവനയിൽ പറഞ്ഞു.
തീരുമാനം പിൻവലിക്കണം: കെഎസ്‌ടിഎ
കാസർകോട്
ജില്ലാ സ്കൂൾ പ്രവേശനോത്സവം ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കൈക്കോട്ടുകടവ് സ്‌കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കെഎസ്ടിഎ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ എംഎൽഎയുടെയും ഭരണാനുകൂല അധ്യാപക സംഘടനയുടെയും ഹീനമായ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് ഡിഡിഇ ഈ തീരുമാനമെടുത്തത്. ജനകീയമായി സംഘടിപ്പിച്ചുവരുന്ന പ്രവേശനോത്സവങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ജനകീയ ഇടപെടലിന്റെ വിളംബരമാണ്. മെയ് 25 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചത്. അതനുസരിച്ച് ഡിഡിഇ ഉത്തരവിറക്കുകയും ചായ്യോത്ത് ജനകീയ സംഘാടകസമിതി രൂപീകരിച്ച് മുന്നൊരുക്കം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ താൽപര്യപ്രകാരം തീരുമാനം പുനപരിശോധിക്കണമെന്ന കത്ത് ഡിജിഇയിൽനിന്നും വന്നത്. തുടർന്ന് ഡിഡിഇ ആദ്യ തീരുമാനം റദ്ദാക്കി കൈക്കോട്ടുകടവിൽ പ്രവേശനോത്സവം നടത്താൻ പുതിയ ഉത്തരവിറക്കുകയായിരുന്നു. മെയ് 21 ന് ഇറക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറഞ്ഞ പ്രകാരം കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡിഡിഇ, ഡയറ്റ്, ആർഡിഡി പ്രതിനിധി, എസ്എസ് കെ , വിദ്യാകിരണം, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്ന സമിതി യോഗം ചേർന്ന് എടുത്ത തീരുമാനമാണ് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അട്ടിമറിച്ചത്. തികച്ചും രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമായ ഒന്നാണിത്. ഭരണമാറ്റത്തിന്റെ ആദ്യ നാളുകളിൽതന്നെ വിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് നേതൃത്വവും തരംതാണ രാഷ്ട്രീയക്കളിക്ക് വിദ്യാലയമുറ്റത്തെ വേദിയാക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനകീയ പിന്തുണയോടെ മുന്നേറുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ബഹുജനങ്ങളാകെ അണിനിരക്കണമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments