ad
Deshabhimani

പച്ചത്തുരുത്തുകളാൽ അതിജീവനം

ഇത്‌ മടിക്കൈയുടെ ശ്വാസം

മടിക്കൈ  പഞ്ചായത്തിലെ മുണ്ടോട്ടുകാവ് പച്ചത്തുരുത്ത്

മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ടുകാവ് പച്ചത്തുരുത്ത്

avatar
സ്വന്തം ലേഖകൻ

Published on May 15, 2026, 02:27 AM | 1 min read

നീലേശ്വരം

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾക്കിടയിൽ, പ്രകൃതിയെ ചേർത്തുപിടിച്ച്‌ ഇ‍ൗ ഗ്രാമം അതിജീവന പാതയിലാണ്. മടിക്കൈ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘പച്ചത്തുരുത്ത്' പദ്ധതി കേവലം മരംനട്ടുപിടിപ്പിക്കൽ മാത്രമല്ല, വരുംതലമുറയ്ക്കായുള്ള കരുതൽ കൂടിയാണ്. തരിശുഭൂമികളെ കാടുകളാക്കി മാറ്റുന്ന ഈ ഹരിതദൗത്യം നാടിന്റെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനൊപ്പം ജൈവവൈവിധ്യത്തിന്റെ വീണ്ടെടുപ്പിനും വഴിയൊരുക്കുന്നു. ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പഞ്ചായത്ത്‌ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഹരിതസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുകയാണ് ഇ‍ൗ പച്ചത്തുരുത്തുകള്‍. കടുംവേനലിലെ ഉയര്‍ന്ന താപനില ലഘൂകരിക്കാന്‍ ‘ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന ഹരിതകേരള സന്ദേശം ഏറ്റെടുത്ത് 2018 മുതല്‍ പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കി. വിദ്യാലയങ്ങളില്‍ ലഭ്യമായ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചും നിലവിലുള്ള മരങ്ങള്‍ സംരക്ഷിച്ചും ആദ്യ പച്ചത്തുരുത്തുകള്‍ക്ക് രൂപം നല്‍കി. നാശോന്മുഖമായിരുന്ന 100- കാവുകള്‍ സംരക്ഷിക്കുകയും പുതിയ തൈ നട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിപാലിക്കുകയും ചെയ്‌തു. പഞ്ചായത്ത് ഭരണസമിതിയില്‍ പച്ചത്തുരുത്ത് സംരക്ഷണം മുഖ്യ അജണ്ടയായി പരിഗണിച്ച് ഓരോ വാര്‍ഡിലുമായി കാവ് സംരക്ഷണ സമിതികള്‍ രൂപീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക ഇടപെടലിലൂടെ കളസസ്യങ്ങള്‍ നീക്കം ചെയ്ത് പുതിയ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് കാവുകളെ ജൈവകലവറകളാക്കി. മരുത്, ഇരുള്‍, ബങ്കണ, തടിച്ചില്‍ തുടങ്ങിയ കാട്ടുമരങ്ങളും കാശാവ്, നിലനാരകം തുടങ്ങിയ ചെറുസസ്യങ്ങളും വിവിധ ഔഷധസസ്യങ്ങളും പച്ചത്തുരുത്തുകളില്‍ സംരക്ഷിക്കപ്പെടുന്നു. പക്ഷികള്‍ക്കും അണ്ണാന്‍, മുയല്‍ തുടങ്ങിയ ചെറുജീവികള്‍ക്കും ആവാസകേന്ദ്രങ്ങളായി പച്ചത്തുരുത്തുകള്‍ മാറിയതോടെ പ്രദേശത്തെ ജൈവവൈവിധ്യവും സമ്പുഷ്ടമായി. സമീപ പ്രദേശങ്ങളിലെ വയലുകളിലും ജലസ്രോതസുകളിലും നീരുറവകളുടെ വര്‍ധനവുണ്ടായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പച്ചേരി ഉള്‍പ്പെടെയുള്ള പച്ചത്തുരുത്തുകളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ജൈവവൈവിധ്യ പഠനത്തിനായി എത്തുന്നു. ഹരിതകേരളം മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന-ജില്ലാതല അംഗീകാരങ്ങള്‍ ലഭിച്ചതോടെ പച്ചത്തുരുത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. കാര്‍ഷിക സംസ്‌കാരത്തിന്റെ പരിപോഷണത്തിനും പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകള്‍ക്കുമായി പദ്ധതികള്‍ ആലോചിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home