ad
Deshabhimani

ഡോക്ടർമാരില്ല; 
വലഞ്ഞ്‌ രോഗികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 02:35 AM | 2 min read

കാസർകോട്

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന്‌ ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു. ഷിഗല്ല, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്പോഴും മിക്ക ആശുപത്രികളിലും ഡോക്ടർമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. നിത്യേന നൂറുകണക്കിന്‌ രോഗികളാണ്‌ ചികിത്സ കിട്ടാതെ ദുരിതം അനുഭവിക്കുന്നത്‌. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ 51 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 27 പേര്‍ മാത്രമാണുള്ളത്‌. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ തസ്തികയില്‍ ആറില്‍ അഞ്ചും ഒഴിഞ്ഞുകിടക്കുന്നു. ഫോറന്‍സിക് സര്‍ജന്റെ ഒഴിവ്‌ നികത്തിയിട്ടില്ല. ദിവസവും 1500ല്‍ അധികം രോഗികൾ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നുണ്ട്‌. കാസർകോട് ജനറൽ ആശുപത്രിയിൽ ആകെ 49 ഡോക്ടർമാർ വേണ്ടിടത്ത്‌ 26 പേർ മാത്രം. 23 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ദിവസേന 1000 മുതൽ 1500വരെ രോഗികൾ ഇവിടെ ചികിത്സയ്‌ക്ക്‌ എത്തുന്നുണ്ട്‌. ജില്ലയിലെ നീലേശ്വരം, തൃക്കരിപ്പൂർ, പൂടംകല്ല്‌, ബേഡഡുക്ക, മംഗൽപാടി എന്നീ താലൂക്ക്‌ ആശുപത്രികളിലെല്ലാം ഡോക്ടർമാരുടെ കുറവുണ്ട്‌. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ശിശുരോഗ വിഭാഗവും ജനറൽ മെഡിസിനും മാത്രമാണ് മുഴുവൻ സമയമുള്ളത്. എല്ലുരോഗ വിദഗ്‌ധന്റെ സേവനം ആഴ്ചയിൽ രണ്ട് ദിവസമാക്കി. സ്ത്രീരോഗ വിഭാഗത്തിൽ നിയമിച്ച ഡോക്ടർ സ്ഥലം മാറി പോയതോടെ പകരം ആളില്ല. ആകെ വേണ്ട അഞ്ച് അസിസ്റ്റന്റ്‌ സർജൻമാരിൽ മൂന്ന് പേർ മാത്രം. കാഷ്യാലിറ്റിയിൽ നാല് ഡോക്ടർമാർ വേണ്ടിടത്ത്‌ 2 പേർ. പൂടംകല്ല് താലൂക്കാശുപത്രിയിൽ 20 ഡോക്ടർമാർ വേണ്ടിടത്ത്‌ ഉള്ളത്‌ ആറ്‌ പേർ മാത്രം.​ ഡോക്ടറില്ലാത്തതിനാൽ ഏതാനും ദിവസം മുന്പ്‌ രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജുചെയ്തു. മലയോര മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായ ഇവിടെ രാത്രികാല ചികിത്സ മുടങ്ങിയിട്ട് മൂന്നുമാസമായി. ഇതുവരെ ഡോക്ടറെ നിയമിച്ചിട്ടില്ല. ആശുപത്രിയിലെ കിടക്കകൾ മിക്കതും ആളൊഴിഞ്ഞു. ദിവസവും അഞ്ഞൂറിലധികം രോഗികൾ പകൽ ഒപിയിൽ എത്തുന്നുണ്ട്‌. ജില്ലയിലെ മിക്ക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പലയിടത്തും ഉച്ചക്കുശേഷം ഡോക്ടർമാരില്ല. അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്‌ചയിൽ മൂന്ന്‌ ദിവസം മാത്രമാണ്‌ ഡോക്ടറുടെ സേവനം. 200 ലേറെ രോഗികൾ നിത്യവും എത്തിയിരുന്ന ആശുപത്രിയാണിത്‌. മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി മെഡിക്കൽ ഓഫീസറില്ല. രണ്ട്‌ താത്‌കാലിക ഡോക്ടർമാർമാത്രമാണിപ്പോഴുള്ളത്‌.


പനി ബാധിതർ കൂടുന്നു

കാസർകോട്‌

ജില്ലയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. വ്യാഴാഴ്ച ജില്ലയിൽ പനി ബാധിച്ച് 946 പേർ വിവിധ ആശുപത്രകളിൽ ചികിത്സക്കെത്തി. നിലവിൽ നാല് പേർ ഡങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് ഷിഗല്ല ബാധിച്ചിരുന്നു. അഞ്ച് പേർ ചാത്തമത്തും ഒരാൾ അജാനൂരിലുമായിരുന്നു. ഇവർ സുഖം പ്രാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home