കാസർകോട് നഗരസഭയുടെ വീഴ്‌ച
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം

ഞായറാഴ്‌ച കാസർകോട് എംജി റോഡിലുണ്ടായ വാഹനക്കുരുക്ക്

സ്വന്തം ലേഖകൻ
Published on Aug 24, 2026, 02:00 AM | 1 min read
കാസർകോട്
മുൻകരുതലില്ലാത്തതും അശാസ്‌ത്രീയ നിർമാണങ്ങൾക്കും കൈയേറ്റത്തിനുംമുന്നിൽ നഗരസഭ മൗനം പാലിക്കുന്നതിനാൽ കാസർകോട് ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തും എംജി റോഡിലും വെള്ളി, ശനി ദിവസങ്ങളിൽ വലിയനിലയിലാണ് ഗതാഗതക്കുരുക്കുണ്ടായത്. ഓണം–നബിദിനത്തിരക്ക് വർധിച്ചതോടെ വാഹനക്കുരുക്ക് ഇരട്ടിയായി. റോഡുകളുടെ വീതിക്കുറവും സ്ഥലപരിമിതിയും തെറ്റായ പാർക്കിങ് രീതിയും കണക്‌ഷൻ റോഡുകളുടെ തകർച്ചയുമെല്ലാമാണ് പ്രതിസന്ധികൾക്കിടയാക്കുന്നത്. നഗരത്തിൽ മിക്കയിടത്തും ഓട്ടോ സ്റ്റാൻഡില്ലാത്തതും പ്രശ്നമാണ്. എംജി റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പഴയ ബസ് സ്റ്റാൻഡ്, കറന്തക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. നഗരത്തിൽ പാർക്കിങ് ക്രമീകരിക്കാത്തതിനാൽ ആളുകൾ തോന്നിയപോലെ വാഹനങ്ങൾ പാർക്കുചെയ്യുന്നതുമൂലം കാൽനടയാത്രക്കാരുൾപ്പെടെ പ്രയാസത്തിലാകുന്നുണ്ട്. റോഡരികുകളിലും കടകൾക്ക് മുന്നിലും അശാസ്ത്രീയമായി വാഹനങ്ങൾ നിർത്തുന്നത് അപകടവും വിളിച്ചുവരുത്തുന്നു. ദേശീയപാതയിൽനിന്ന് ചന്ദ്രഗിരി റോഡിലേക്കും ടൗണിന്റെ മറ്റ് ഭാഗങ്ങളിലേക്കും തിരിയുന്ന കവലകളിൽ പ്രധാന സമയങ്ങളിൽ വലിയ തിരക്കുണ്ട്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന എംജി റോഡിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ പ്രസ് ക്ലബ് ജങ്ഷൻ വരെയുള്ള ഭാഗം അപകടക്കളമാകുന്നു. റോഡിന്റെ വീതിക്കുറവ്, തിങ്ങിഞെരുങ്ങിയുള്ള യാത്ര, വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങളുടെ തിരക്ക്, കാൽനടയാത്രക്കാരുടെ സുരക്ഷിതമില്ലായ്‌മ എല്ലാം അപകടം ക്ഷണിച്ചുവരുത്തുന്നു. വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്. കഴിഞ്ഞ ദിവസം ഇൗ റോഡിൽ ടാങ്കർ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വലിയ പ്രതിഷേധവും സമരങ്ങളുമുണ്ടായി. റോഡിന്റെ യഥാർഥ വീതി എത്രയാണെന്ന് പരിശോധിക്കാത്തതും റോഡിലേക്ക് അനധികൃതമായി തള്ളിനിൽക്കുന്ന നിർമിതികൾക്ക് അനുമതി കൊടുക്കുന്നതും അനധികൃത പാർക്കിങ്ങിന് ഒത്താശ ചെയ്യുന്നതുമെല്ലാമാണ് പ്രശ്‌നം. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ ഫുട്‌പാത്തുകളോ കൈവരികളോ ഒരുക്കാത്തതും നഗരസഭയുടെ വീഴ്‌ചയാണ്. ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരവുമില്ല.










0 comments