കൊട്ടിക്കലാശത്തിനുശേഷം വീണ്ടും പ്രചാരണച്ചൂടിലേക്ക്

1991 ൽ ഉദുമ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി രാഘവൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ
പി പ്രകാശൻ
Published on Mar 29, 2026, 02:00 AM | 2 min read
കാസർകോട്
1991 മെയ് 21 നായിരുന്നു പ്രചാരണത്തിന് സമാപനം. ഇനി ഒരു നാൾകൂടി കഴിഞ്ഞാൽ വോട്ടെടുപ്പ്. എന്നാൽ 21 ന് രാത്രിയിൽ ലഭിച്ച വാർത്ത തലയിൽ ഇടിത്തീവീഴുന്ന അനുഭവമായി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, ഇതോടെ രാജ്യത്താകെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു’’. മുൻ എംഎൽഎ പി രാഘവൻ തന്റെ ‘കനലെരിയും ഓർമകൾ’ എന്ന ആത്മകഥയിൽ സവിശേഷമായ ഒരു തെരഞ്ഞെടുപ്പ് കാലം വിവരിക്കുകയാണ്. 1991 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 23 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നിശ്‌ചയിച്ചത്. പ്രചാരണ സമാപനംകുറിച്ച് കൊട്ടിക്കലാശവും കഴിഞ്ഞ് പോളിങ് ബൂത്തിലെത്താൻ വോട്ടർമാർ ഒരുങ്ങിയിരിക്കെയാണ് വോട്ടെടുപ്പ് നീട്ടിയത്. അവസാനിപ്പിച്ച പ്രചാരണം രണ്ടാഴ്‌ചയിലേറെ വീണ്ടും നടത്തേണ്ടിവന്നു. മെയ് 20-ന് രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പിനുശേഷമാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തുടർന്നാണ് കേരളത്തിൽ മെയ് 23 ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ജൂൺ 12- ലേക്ക് മാറ്റിയത്. ഉദുമയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കവെ അന്നത്തെ അനുഭവം പി രാഘവൻ ആത്മകഥയിൽ ഇങ്ങനെ വിവരിക്കുന്നു. ‘‘കോൺഗ്രസും യുഡിഎഫും ഈ സംഭവം വീണുകിട്ടിയ അവസരമായി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. യുഡിഎഫ് ക്യാമ്പ് കൂടുതൽ സജീവമായി. സഹതാപതരംഗം സൃഷ്ടിക്കാനായി അവരുടെ ശ്രമം. ചിതാഭസ്മ യാത്രകളും പ്രാർഥനായോഗങ്ങളും അവർ നാടാകെ സംഘടിപ്പിച്ചു. ചെലവിന് കാശില്ലാത്ത അവസ്ഥയിലായിരുന്നു എൽഡിഎഫ്. പിരിച്ചെടുത്ത പണമെല്ലാം തീർന്നിരുന്നു. വോട്ടെടുപ്പ് മാറ്റിയതിനാൽ പ്രചാരണം തുടരണം. അതിനുള്ള തയ്യാറെടുപ്പിൽ എൽഡിഎഫ് പ്രവർത്തകർ വീണ്ടും വ്യാപൃതരായി. കൊളത്തൂർ മുതൽ ബന്തടുക്കവരെ കാൽ നട പ്രചാരണ ജാഥ എൽഡിഎഫ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇത്തരമൊരു ജാഥ ആദ്യമാണ്’’ ആത്മകഥയിൽ പറയുന്നു. സഹതാപതരംഗം മറികടക്കാൻ എൽഡിഎഫ് പ്രവർത്തകർ വീണ്ടും പരമാവധി വീടുകൾ കയറി വോട്ടർമാരെ നേരിൽ കണ്ടതായും ആത്മകഥയിൽ പറയുന്നു. ഉദുമയിൽ ജയിക്കുമെന്ന ഒരു പ്രതീക്ഷയും വോട്ടെടുപ്പിനുശേഷം എൽഡിഎഫിന് ഉണ്ടായിരുന്നില്ലെന്നും എന്നാൽ, തന്റെ ആത്മവിശ്വാസം കൈവിട്ടുപോയിരുന്നില്ലെന്നും പി രാഘവൻ പറയുന്നു. സഹതാപ തരംഗത്തിൽ ലഭിച്ച സംസ്ഥാനത്തെ യുഡിഎഫ് മുന്നേറ്റത്തിനിടയിലും ഉദുമയിൽ 957 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി കെ പി കുഞ്ഞിക്കണ്ണനെ, പി രാഘവൻ പരാജപ്പെടുത്തി.










0 comments