അടച്ചു, പൂട്ടി, തുറന്നു, അടച്ചു !
നീറിപ്പുകഞ്ഞ് ഹോട്ടലുകൾ


സ്വന്തം ലേഖകൻ
Published on May 03, 2026, 02:58 AM | 1 min read
നീലേശ്വരം
ഒരുദിവസമടച്ചാൽ പിറ്റേദിസം തുറക്കും. പിറ്റേദിവസം വീണ്ടുമടയ്‌ക്കും. ഇങ്ങനെ പാചകവാതക വിലവർധനയും ക്ഷാമവും ജില്ലയിലെ ഹോട്ടലുകളെ കാര്യമായി ബാധിക്കുകയാണ്. പല ഹോട്ടലുകളും അടച്ചതോടെ 40 ശതമാനം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. കഴിഞ്ഞദിവസം ഒറ്റയടിക്ക് എൽപിജി സിലിൻഡറിന് 993 രൂപ കൂട്ടിയതോടെ നിലവിലുള്ള ഹോട്ടലുകളും പൂട്ടേണ്ട അവസ്ഥയിലാണ്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന് ഭീമമായി വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ഉടമകളുടെയും തൊഴിലാളികളുടെയും ജീവിതത്തെ ബാധിച്ചക്കുമെന്നും കടകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള വിലവർധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇനിമുതൽ ഹോട്ടലുകൾ സിലിൻഡർ വാങ്ങുമ്പോൾ ഒന്നിന് 1000 രൂപ അധികം നൽകണം. വിലക്കയറ്റം മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പറഞ്ഞു. പുതുക്കിയ നിരക്കുപ്രകാരം വാണിജ്യ സിലിണ്ടറിന്റെ വില 3,105 രൂപയായി. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നാംതവണയാണ് വില വർധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 200 രൂപയും വർധിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണത്തിനും ഹോം ഡെലിവറിക്കും വില വർധിക്കാൻ കാരണമാകും. ശരാശരി ഹോട്ടലിന് ഒരു ദിവസം നാലു സിലിൻഡർവരെ വേണം. ഇങ്ങനെ നാലുസിലിൻഡർ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകൾക്ക് ഒരു മാസം ഗ്യാസ് ഇനത്തിൽ മാത്രം ഒന്നരലക്ഷം രൂപ അധികചെലവ് വരും. ഒരുവിധത്തിലും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വ്യാപാരികൾ പറയുന്നു. ജനുവരിയിൽ 1800 രൂപയായിരുന്ന സിലിൻഡർ വിലയാണ് 3100 കടന്നത്. ചെറുകിട, ഇടത്തരം ഹോട്ടലുകളെയും ഇവിടങ്ങളിൽനിന്ന് ഭക്ഷണം കഴിക്കുന്നവരെയുമാണ് വിലക്കയറ്റം കാര്യമായി ബാധിക്കുക. തൊഴിലാളികൾ, ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ, സ്വകാര്യ സ്ഥാപനങ്ങിലും മറ്റും തൊഴിലെടുക്കുന്ന ഭക്ഷണത്തിന് സ്ഥിരം ഹോട്ടലുകളെ ആശ്രയിക്കുന്ന ജീവനക്കാർ എന്നിവർക്ക് വിലക്കയറ്റം വൻദുരിതമാണുണ്ടാക്കുക.










0 comments