ഉള്ളുതൊടുന്ന കാഴ്‌ചയൊരുക്കും മഞ്ഞംപൊതിക്കുന്ന്

ടി കെ നാരായണൻ
Published on Feb 01, 2026, 03:00 AM | 1 min read
കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് കാഴ്‌ചകളുടെയും സുഖദമായ പ്രകൃതിയുടെയും ലോകമാണ്. കുന്നുകയറിയെത്തുന്ന ഒരു മനുഷ്യന്റെയും ഉള്ളുതൊടുന്നുണ്ട് ഇൗ കുന്നിൻനെറുക. തണുപ്പും കുളിരുചൂടിയെത്തുന്ന കാറ്റും പുൽപ്പരപ്പും തടസ്സമില്ലാത്ത കാഴ്‌ചകളും റാണിപുരമെന്ന പോലെ കാഴ്‌ചകളുടെ ഉല്ലാസം നിറയ്‌ക്കുന്ന കുന്നാണിത്. മഞ്ഞംപൊതിക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനപദ്ധതികൾ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ചെങ്കല്‍പ്പാറയില്‍ പരവതാനി വിരിച്ച് വളർന്ന് മുറ്റിയ സ്വര്‍ണപുല്ലുകൾ ഒരുക്കുന്ന കാഴ്ച നയനമനോഹരമാണ്. ഭൂമിയിൽ ശേഷിക്കുന്ന ചെങ്കൽ കുന്നുകളിൽ മാത്രം വളരുന്ന ജൈവവൈവിധ്യമാണിത്. 8.07 ഹെക്ടറിൽ പൂർത്തിയാവുന്ന പദ്ധതിയുടെ ചെലവ് 4.97 കോടി രൂപയാണ്. പുല്‍ത്തകിടി നിറഞ്ഞ കുന്നിന്‍ചെരിവുകള്‍, ഹനുമാന്‍ ക്ഷേത്രം, ഫോട്ടോഗ്രാഫി പോയന്റ്, ചുറ്റിലുമുള്ള പ്രകൃതി എന്നിവ മഞ്ഞംപൊതിക്കുന്നിനെ വേറിട്ടതാക്കുന്നു. ബേക്കല്‍കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച കുന്നിന്‍ മുകളില്‍നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലറുകൾ, ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് എന്നിവ ഇവിടെ ഒരുക്കും. താഴ്‌വരയുടെയും പുല്‍മേടിന്റെയും ഭംഗി നിലനിര്‍ത്തിയാണ് നിര്‍മാണം. ജില്ലയിലെ മികച്ച വിനോദസഞ്ചാര ഇടമായി മഞ്ഞംപൊതിക്കുന്ന് മാറും. സമുദ്രനിരപ്പില്‍നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് കാഞ്ഞങ്ങാട്ടുനിന്ന് അഞ്ച് കിലോമീറ്ററാണ് ദൂരം. 1.13 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പടന്നക്കാട് നന്പ്യാർക്കൽ റിവർ വ്യൂ പാർക്ക് ഉടൻ നാടിന് സമർപ്പിക്കുമെന്ന് ഇ ചന്ദ്രശേഖരൻ എംഎൽഎ അറിയിച്ചു.








0 comments