വാക്കും ആശയങ്ങളും സമം ചേർത്തു
‘സമ’ത്തിൽ നിറഞ്ഞത് പെണ്ണെഴുത്തിന്റെ കരുത്ത്

‘സമം" പുസ്തകത്തിന്റെ കവർ
രാജേഷ് മാങ്ങാട്
Published on Jan 10, 2025, 10:13 PM | 1 min read
ഉദുമ
‘‘ഞങ്ങൾ വീട്ടമ്മമാരും വിദ്യാർഥിനികളും യുവതികളും മാത്രമെന്ന് പറയരുത്. ഞങ്ങൾക്കും ചിന്തകളുണ്ട്, അവ എഴുതാനുമറിയാം’–- പറയുന്നത് ബാരയിലെ സ്ത്രീകളാണ്. അവരുടെ കൂട്ടായ്മയുടെ ഊർജത്തിൽ 14 പേർ പുറത്തിറക്കിയത് ബാരക്കാരുടെ പുസ്തകം ‘സമം’. ഗാസയും , യാത്രയും, സമകാലീന ഇന്ത്യയും, വർഗീയതയുടെ വിപത്തുമൊക്കെ ഇവർ കഥയായും കവിതയായുമെഴുതിയപ്പോൾ അത് സമമായി. എട്ട് കവിതകളും ആറുകഥകളുമടങ്ങുന്നതാണ് പുസ്തകം. സ്ത്രീജീവിതങ്ങളുടെ നേർക്കാഴ്ച, സ്ത്രീരാഷ്ട്രീയം, വ്യക്തിസ്വാതന്ത്ര്യത്തിൽ മതത്തിന്റെ കടന്നുകയറ്റം തുടങ്ങി ആനുകാലികപ്രസക്തങ്ങളായ വിഷയങ്ങളാണ് ഏറെയും. എഴുത്തുകാരുടെ ഗ്രാമമെന്നാണ് ബാര അറിയപ്പെടുക. ബാലകൃഷ്ണൻ മാങ്ങാടിലൂടെ തുടങ്ങിയ എഴുത്തുപെരുമയാണ് ഇപ്പോൾ 14വനിതകൾ ചേർന്നെഴുതിയ സമത്തിലെത്തിയത്. മാങ്ങാട് മൈത്രി വായനശാല വനിതകളുടെ കൂട്ടായ്മയാണ് തുടർച്ചയായി രണ്ട് പുസ്തകം പുറത്തിറക്കിയത്. വായനശാലയുടെ " എഴുത്തിടം’വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഴ്ചതോറും നൽകുന്ന ടാസ്കിലാണ് പുതിയ സൃഷ്ടികൾ പിറക്കുന്നത്. ഒരോവിഷയത്തിലും തയ്യാറാക്കുന്ന രചനകളിൽനിന്ന് മികച്ചവ തെരഞ്ഞെടുത്താണ് പുസ്തകമാക്കുന്നത് .കഴിഞ്ഞവർഷം 12 എഴുത്തുകാരുടെ കവിതകളും കഥകളും ഉൾകൊള്ളിച്ച് "ബാരഹ്’ പുസ്തകം പുറത്തിറക്കി . അംബികാസുതൻ മാങ്ങാടാണ് അവതാരിക എഴുതിയത. കെ പി ലേഖ, സരസ്വതി മാങ്ങാട്, ശുഭ നെയ്യങ്ങാനം, ലവിത നിഷാന്ത്, മാലിനി കോര്യോട്ട്, രുഗ്മിണി ശ്രീധരൻ, എ ബി ശ്രിജയത, പ്രീതി തൂവൾ, ശ്രീദേവി ബാര, ശ്രുതി അഭിലാഷ്, പുഷ്പ കരുണൻ, കാവ്യ പ്രദീപ്, പ്രസീജ ജയചന്ദ്രൻ, അനുശ്രി അശോകൻ തുടങ്ങി വീട്ടമ്മമാർ മുതൽ അധ്യാപകർ വരെയുള്ള 14 പേരാണ് എഴുത്തുകാർ. സമത്വം, സമരം, പ്രണയം, പ്രകൃതി, മാനവികത, കണ്ണീര് എന്നിവ ഉൾച്ചേർന്ന വിഷയങ്ങളാണ് പ്രമേയം. മാധ്യമ പ്രവർത്തകൻ മാങ്ങാട് രത്നാകരനാണ് അവതാരികയെഴുതിയത്. മോഹനൻ മാങ്ങാടാണ് എഡിറ്റർ.









0 comments