ad
Deshabhimani

വിജിലൻസ് പരിശോധന

ആർടിഒ ഓഫീസിൽ 
പൂത്തുലഞ്ഞ്‌ ‘പണച്ചെടി’!

കാസർകോട്‌ ആർടിഒ ഓഫീസ്‌ വരാന്തയിലെ ചെടിച്ചട്ടിയിൽ പണം 
ഒളിപ്പിച്ചുവച്ച നിലയിൽ 
കണ്ടെത്തിയ പണം

കാസർകോട്‌ ആർടിഒ ഓഫീസ്‌ വരാന്തയിലെ ചെടിച്ചട്ടിയിൽ പണം 
ഒളിപ്പിച്ചുവച്ച നിലയിൽ 
കണ്ടെത്തിയ പണം

avatar
സ്വന്തം ലേഖകൻ

Published on Jun 05, 2026, 02:38 AM | 1 min read

കാസർകോട്‌

ജില്ലയിലെ ആർടിഒ ഓഫീസുകളിൽ വിജിലൻസ്‌ നടത്തിയ മിന്നൽ പരിശോധനയിൽ ചെടിച്ചട്ടികളിൽനിന്ന്‌ കെെക്കൂലിപ്പണം കണ്ടെത്തി. കാസർകോട്‌ ആർടിഒ ഓഫീസ്‌ വരാന്തയിലെ ചെട്ടിച്ചട്ടികളിൽനിന്നാണ്‌ അനധികൃതമായി സൂക്ഷിച്ച 17,150 രൂപ കണ്ടെത്തിയത്‌. വിജിലൻസ് ഡിവൈഎസ്‌പി പി ഉണ്ണികൃഷ്‌ണനും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്‌. ഗൂഗിൽപേ വഴിയും ബന്ധുക്കളുടെ അക്ക‍ൗണ്ടിലേക്കുമെല്ലാം കൈക്കൂലിപ്പണം വാങ്ങിയിരുന്നവർ പുത്തൻ മാർഗമായി ചെടിച്ചട്ടികളെയും ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞവർഷം അവസാനം "ഓപ്പറേഷൻ വീൽസ്' എന്ന പേരിൽ നടത്തിയ പരിശോധനയിലും ലക്ഷക്കണക്കിന്‌ രൂപയുടെ ഇടപാടാണ്‌ ആർടിഒ ഓഫീസുകളിൽനിന്നും വിജിലൻസ്‌ കണ്ടെത്തിയത്‌. ജില്ലയിലെ ഏത്‌ ആർടിഒ ഓഫീസിലും എപ്പോൾ പരിശോധന നടത്തിയാലും ക്രമക്കേടും അനധികൃത പണവും കണ്ടെത്താനാകുന്നുണ്ടെന്നത്‌ മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ അഴിമതിയുടെ നേർസാക്ഷ്യമാണ്‌. ദിവസവും ഉച്ചയ്‌ക്ക്‌ ശേഷം ആർടിഒ ഓഫീസുകളിൽ ഏജന്റുമാരുടെ സാന്നിധ്യമുള്ളത്‌ പലപ്പോഴും സംശയമുളവാക്കിയിരുന്നു. ഇത്‌ വിജിലൻസ്‌ നിരീക്ഷണത്തിലുമായിരുന്നു. ഒപ്പം ജില്ലയിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച്‌ വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതായുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്‌ചത്തെ പരിശോധന. കാഞ്ഞങ്ങാട് ജോ. ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരന്റെ കൈയിൽനിന്നും വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട രണ്ട്‌ ഡസനോളം സമ്മതപത്രങ്ങൾ കണ്ടെടുത്തു. വിജിലൻസ് ഇൻപെക്ടർ പി നാരായണൻ കാഞ്ഞങ്ങാടും കണ്ണൂർ വിജിലൻസ് ഇൻസ്‌പെക്ടർ സുനിൽകുമാർ വെള്ളരിക്കുണ്ടിലും പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home