കാവിവൽക്കരണത്തിനെതിരെ കരുത്തോടെ എസ്എഫ്ഐ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ കാസർകോട് വിദ്യാനഗറിലെ ആദായനികുതി ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിനിടെ പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കുന്ന പൊലീസ്
കാസർകോട്
ഗവർണറുടെ നേതൃത്വത്തിൽ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമായി എസ്എഫ്ഐ മാർച്ച്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയുള്ള താക്കീതായി വിദ്യാർഥികളുടെ സമരവീര്യം. എസ്എഫ്‌ഐ ജില്ലാകമ്മിറ്റി വിദ്യാനഗറിലെ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ ജീവൻകൊടുത്തും സംരക്ഷിക്കുമെന്ന നിശ്ചയദാർഢ്യമുണ്ടായത്. പഠിപ്പുമുടക്ക് സമരത്തിനുശേഷം കാസർകോട് ഗവ.കോളേജ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. ഓഫീസിനുമുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള നീക്കം അൽപനേരം സംഘർഷത്തിനിടയാക്കി. അതിനിടെ ചില പ്രവർത്തകർ പൊലീസ് വലയംഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ സെക്രട്ടറിയടക്കമുള്ള 17 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് ജില്ലാ സെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. കെ വി റോഷിൻ അധ്യക്ഷനായി. പി ഇമ്മാനുവൽ, അദിനാൻ, കെ അനുരാജ്, ശ്രീഹരി, അനിരുദ്ധ്, ജി കെ സുരക്ഷ, പി അഖിൽരാജ് എന്നിവർ സംസാരിച്ചു.










0 comments