ഇരുട്ടകറ്റും
വികസന വെളിച്ചമേകാൻ ടോർച്ച്

കെ സി ലൈജുമോൻ
Published on Apr 02, 2026, 02:30 AM | 1 min read
ചെർക്കള
വികസനത്തിന്റെ പൊൻവെളിച്ചം ചുറ്റും പടരുന്പോഴും അന്ധകാരത്തിൽനിന്നുള്ള മോചനത്തിനായുള്ള പോരാട്ടമാണ് കാസർകോട് മണ്ഡലത്തിലെ വോട്ടർമാർക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഷാനവാസ് പാദൂർ കളംപിടിച്ചതോടെ യുഡിഎഫും ബിജെപിയും കടുത്ത ആശങ്കയിലാണ്. മണ്ഡലത്തിന്റെ ഓരോ ഭാഗത്തും വൻ സ്വീകാര്യതയാണ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ നടന്ന പൊതുപര്യടനങ്ങളിൽപോലും നിരവധിപ്പേരാണ് ഷാനവാസിനെ സ്വീകരിക്കാനായി കാത്തിരുന്നത്. ഇതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതീക്ഷകൾക്ക്‌വിള്ളൽ വീഴ്‌ത്തിയത്. ഒന്നാംഘട്ട പൊതുപര്യടനത്തിന്റെ അവസാന ദിനമായ ബുധൻ രാവിലെ അർളടുക്കയിൽനിന്നാണ് ആരംഭിച്ചത്. ചാത്തപ്പാടി, ബാലടുക്ക, നെല്ലിക്കട്ട, സ്വീകരണങ്ങൾക്ക് ശേഷം അതൃകുഴിയിലെത്തുന്പോൾ വായനശാല പരിസരത്ത് ബാലസംഘം കൂട്ടുകാരുടെ നേതൃത്വത്തിൽ കണിക്കൊന്ന പൂക്കൾ നൽകി ഉജ്വല സ്വീകരണം. ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഉൾപ്പെടെ കേരളത്തിലെ ഭൂരിപക്ഷം മണ്ഡലത്തിലും കഴിഞ്ഞ പത്തുവർഷം നിരവധി വികസനങ്ങൾ നടന്നപ്പോഴും കാസർകോട് മണ്ഡലത്തിൽ ഒറ്റ പദ്ധതിപോലും നടപ്പാക്കാതെ പിന്നോടിപ്പിക്കുകയാണുണ്ടായതെന്നും ഇതിൽനിന്നുള്ള മോചനത്തിനായാണ് തന്റെ പോരാട്ടമെന്നും ഓർമിപ്പിച്ച് ഷാനവാസിന്റെ ചെറുപ്രസംഗം എല്ലാ കേന്ദ്രത്തിലും കൈയടിയോടെയാണ് ജനം വരവേറ്റത്. എതിർതോട്, എടനീർ, പാടി കൂട്ടാലക്കാൽ സ്വീകരണങ്ങൾക്ക് ശേഷം ഇന്പ്രാംവളപ്പിലെത്തുന്പോഴും യുവാക്കളും സ്‌ത്രീകളും മുതിർന്നവരും ഉൾപ്പെടെ വൻസ്വീകരണമായിരുന്നു. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി ഏഴരയോടെയാണ് സമാപന കേന്ദ്രമായ ചെർക്കളയിലെത്തിയത്. അപ്പോഴും നാളെയുടെ പ്രതീക്ഷയായ സ്ഥാനാർഥിയുടെ വരവിനായി കാത്തിരിക്കുന്ന ജനക്കൂട്ടം. ചെറുപുഞ്ചിരിയുമായി ഷാനവാസ് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ "ബാറ്ററി ടോർച്ചിന്' വോട്ടുചോദിച്ചെത്തുന്പോൾ "നാടിന്റെ പുരോഗതിക്കായി ഞങ്ങളും ഒപ്പമുണ്ടാകും' എന്ന വോട്ടർമാരുടെ ഉറപ്പ് എൽഡിഎഫ് വിജയവിളംബരമായി മാറുകയാണ്.










0 comments