നീലേശ്വരം പറയും
വികസനത്തിന്റെ കഥകൾ

സുരേഷ് മടിക്കൈ
Published on Sep 08, 2025, 02:30 AM | 2 min read
നീലേശ്വരം
നഗരസഭയെന്ന നിലയിൽ കുറഞ്ഞകാലത്തെ ചരിത്രമേയുള്ളൂ നീലേശ്വരത്തിന്. വികസനത്തിൽ പക്ഷേ വലിയ കുതിപ്പുകൾ പറയും നീലേശ്വരം. നാടിന്റെ മുഖഛായ മാറ്റിയ വികസനങ്ങൾക്കാണ് നഗരസഭയുടെ മുന്നേറ്റം. എല്ലാ മേഖലയിലും വികസന പദ്ധതികൾ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. ഇടതുപക്ഷ സർക്കാറിന്റെ വികസനനയം പ്രതിഫലിക്കുന്നുണ്ട് ഇവിടെ. കായലും കടലും മലയും വയലും ചരിത്ര ശേഷിപ്പുകളാലും സമ്പന്നമാണ് നീലേശ്വരം. വിനോദസഞ്ചാരം, സാംസ്കാരികം, വിദ്യാഭ്യാസം ആരോഗ്യം, കായികം തുടങ്ങി എല്ലാ മേഖലകളിലും വികസനത്തിന്റെ ഉണർവ് കാണാം. എട്ട് കോടി രൂപ ചിലവിൽ പണിത സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ മുനിസിപ്പൽ ഓഫീസ് കെട്ടിടമാണ് നഗരസഭയുടെത്. ഉദ്ഘാടനത്തിനൊരുങ്ങുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബസ്‌സ്‌റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്, ആധുനിക കാഴ്‌ചപ്പാടോടെ പണികഴിപ്പിച്ച പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം എന്നിവ വികസനത്തിന്റെ മികച്ച ഉദാഹരണങ്ങൾ. രണ്ട് വാതക ശ്മശാനങ്ങളുള്ള സംസ്ഥാനത്തെ ചുരുക്കം നഗരസഭകളിലൊന്നാണിത്. നഗര ഗതാഗതത്തിന്റെ കുരുക്കഴിക്കുന്ന രാജാ റോഡ് വികസന പദ്ധതി നീലേശ്വരത്തെ പാടെ മാറ്റും. ദേശീയപാത വികസനം നീലേശ്വരത്തെ ശ്വാസം മുട്ടിച്ചപ്പോഴാണ് ബദൽ മാർഗമായി കച്ചേരികടവ് പാലമെന്ന ആശയം പിറന്നത്. ഷട്ടിൽ, ബാസ്കറ്റ് ബോൾ കോർട്ടുകളോടുകൂടിയ മുനിസിപ്പൽ സ്റ്റേഡിയം കായികഭാവിയിലേക്ക് ഉറ്റുനോക്കുന്നു. മാലിന്യ സംസ്കരണത്തിന് അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയത്. മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി നീലേശ്വരത്തെ മാറ്റിയത് ഹൗസ് ബോട്ട് ടെർമിനലാണ്. ഉദ്ഘാടനത്തിന് ഒരുങ്ങിയ സഹകരണ പരിശീലന കോളേജ് കെട്ടിടം, കോട്ടപ്പുറം ടൗൺ ഹാൾ എന്നിവയും തിളക്കമുള്ള ഭരണനേട്ടം. നിർദ്ദിഷ്ട തിയറ്റര്‍ സമുച്ചയം, കല്ലളൻ വൈദ്യർ സാംസ്കാരിക നിലയം, ലോ കോളേജ് എന്നിവയും നഗരസഭയുടെ സുപ്രധാന വികസന പദ്ധതികളാണ്. മലയോരത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന നീലേശ്വരം – ഇടത്തോട് റോഡ് വികസനം വൈകാതെ പൂർത്തിയാവും. ആതുരസേവന രംഗത്ത് ഭൗതിക സാഹചര്യമൊരുക്കുന്നതിൽ വൻനേട്ടം കൈവരിക്കാനായി. താലൂക്ക് ആശുപത്രിയിൽ 13 കോടി രൂപയുടെ കെട്ടിട സമുച്ചയത്തിന്റെ ടെൻഡർ നടപടി പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ നടപ്പിലാക്കിയ റിങ് റോഡ് പദ്ധതിയും പുരോഗമിക്കുന്നു.
രണ്ട് വാതക ശ്‌മശാനങ്ങൾ; ശവദാഹം ഇൗസി ടാസ്‌കാണ്
നീലേശ്വരം
പങ്കാളിത്ത വികസനമെന്നതിന് നീലേശ്വരം നഗരസഭ ലോകത്തിന് മുന്പിലേക്ക് വച്ചുനീട്ടുന്ന മാതൃകകളാണ് ചാത്തമത്തെയും ചിറപ്പുറത്തെയും വാതകശ്‌മശാനങ്ങൾ. രണ്ട് വാതക ശ്മശാനങ്ങളുള്ള കേരളത്തിലെ അപൂർവം നഗരസഭകളിൽ ഒന്നാണ് നീലേശ്വരം. അന്തരീക്ഷ മലിനീകരണം കുറഞ്ഞ, ഹൈടെക് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന വാതക ശ്മശാനങ്ങളാണിത്. ചാത്തമത്തെ ശ്മശാനം 77 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന സജ്ജീകരണങ്ങൾ അടക്കമുള്ള ശാസ്ത്രീയ സംവിധാനം ഇവിടുണ്ട്. പത്ത് ഗ്യാസ് സിലിൻഡർ ഉപയോഗിച്ചാണ് ബർണറുകൾ പ്രവർത്തിക്കുക. ശരാശരി ഒരു സിലിൻഡർ എൽപിജിയാണ് മൃതദേഹം സംസ്‌കരിക്കുവാൻ ഇന്ധനമായി വേണ്ടത്. ചിറപ്പുറത്ത് സ്ഥാപിച്ച ശ്‌മാനത്തിനായി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ബർണർ സ്പോർസർ ചെയ്തത് നീലേശ്വരം റോട്ടറി ക്ലബാണ്. ആകെ ചെലവായ 80 ലക്ഷം രൂപയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ 16 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ട് ഉൾപ്പെടുന്നു.
വലിയ മുന്നേറ്റം
അഞ്ച് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ മുന്നേറ്റം നടത്താനായി. പാലായി ഷട്ടർ കം ബ്രിഡ്ജ് ഉൾപ്പെടെയുള്ള വിവിധോദ്ദേശ പദ്ധതികൾ യാഥാർഥ്യമായി. ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിൽ വൻ പദ്ധതി നടപ്പാക്കാനായി. നിലവിൽ നടന്നുവരുന്ന പ്രവൃത്തികൾകൂടി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖഛായ മാറും. ഇൗ നഗരത്തിൽ ജീവിക്കുന്നവർക്ക്, ഇവിടെ വന്നുപോകുന്നവർക്ക് അത് അനുഭവിച്ച് അറിയാനാകും. ടി വി ശാന്ത, നഗരസഭാ ചെയർപേഴ്സൺ
ജനഹിതം മുന്നിൽ കണ്ടുള്ള വികസനം
സംസ്ഥാനത്തെ ലിഫ്റ്റുള്ള ഏക ഗവ. എൽപി സ്കൂൾ നീലേശ്വരത്താണ്. ഇത് ഒരു സൂചകമാണ്. വികസന പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം നഗരസഭയ്ക്ക് നടത്താനായിട്ടുണ്ട്. ഇ എം എസ് സ്റ്റേഡിയത്തിന് പുറമെ ചിറപ്പുറത്തെ മിനി സ്റ്റേഡിയവും ആധുനിക രീതിയിൽ വികസിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, കായിക, സംസ്കാരിക മേഖലകളിലെല്ലാം നേട്ടം കൈവരിക്കാനായി. ജനഹിതം മുന്നിൽ കണ്ടാണ് വികസന പ്രവർത്തനം നടപ്പാക്കിയത്.
പി പി മുഹമ്മദ് റാഫി വൈസ് ചെയർമാൻ









0 comments