കോടോം ബേളൂരിൽ 839 വീട്

എ കെ രാജേന്ദ്രന്‍
Published on Sep 09, 2025, 03:01 AM | 1 min read
രാജപുരം എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്നത് ഒരു ചെറിയ ലക്ഷ്യമല്ല. ആ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ് കോടോം ബേളൂർ പഞ്ചായത്ത്. അഞ്ച് വർഷത്തിനിടെ 839 വീടുകളാണ് പഞ്ചായത്ത് നിർമിച്ചത്. വീട് എന്നത് പല കാരണങ്ങളാൽ സാധ്യമാകാത്ത 839 കുടുംബങ്ങളിലാണ് ആഹ്ലാദത്തിന്റെ വെളിച്ചം നിറയുന്നത്. ജില്ലയിൽ ലൈഫ് ഭവന പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയായത് ഇവിടെയാണ് – 725 വീടുകൾ. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം 59 വീടുകളും പണിതു. ഒടുവിൽ അംഗീകാരം നേടിയ 96 പേരുടെ ലൈഫ് ഗുണഭോക്‌തൃ പട്ടികയിൽ 63 കുടുംബങ്ങൾക്ക് ആദ്യഗഡു ധനസഹായം കൈമാറി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് കോടോം ബേളൂര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്നത് ഇവിടെയാണ്. പഞ്ചായത്തിന്റെ വികസന നയം ഇത് പരിഗണിച്ചാണ്. ജനങ്ങള്‍ ആഗ്രഹിച്ചതും കൊതിച്ചതുമായ ചെറുതും വലുതുമായ വികസന പ്രവര്‍ത്തനങ്ങൾക്കാണ് ഭരണസമിതി തേര് തെളിച്ചത്. ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ നിരവധി. 10 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഷോപ്പിങ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്യുന്നതോടെ മലയോരത്തെ ഏറ്റവും വലിയ പട്ടണമായി ഒടയംചാല്‍ മാറും. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്. സ്മാര്‍ട്ട് അങ്കണവാടി, പാറപ്പള്ളി ടേക്ക് എ ബ്രേക്ക്, രണ്ടു ശ്‌മശാനങ്ങൾ എന്നിവ പഞ്ചായത്തിന്റെ തിളക്കമുള്ള വികസനങ്ങളാണ്. അട്ടക്കണ്ടം ഗ്രാമസഭാകേന്ദ്രം കെട്ടിടം, കമ്യൂണിറ്റി ഹാള്‍, കണ്ണാടിപ്പാറ, കാലിക്കടവ്, ക്ലീനിപ്പാറ എന്നിടങ്ങളില്‍ ഓപ്പണ്‍ ജിം, പാറപ്പള്ളിയില്‍ ഹാപ്പിനസ് പാര്‍ക്ക്, കോടോത്ത് ജിം എന്നിങ്ങനെ വികസനത്തിന്റെ പല ചിത്രങ്ങളുണ്ട് ഇവിടെ. കാലിച്ചാനടുക്കത്ത് 40 ലക്ഷം രൂപ മുടക്കി പൊതുശ്മശാനം പൂർത്തിയായി. കോടോത്ത് 40 ലക്ഷം രൂപ ചെലവിൽ ശ്മശാനത്തിന്റെ പണി അവസാനഘട്ടത്തിലാണ്. പൊതുശ്മശാനം ഇല്ലാത്തതിനാൽ ഉറ്റവരുടെ മൃതദേഹം കാഞ്ഞങ്ങാടെത്തിച്ച് സംസ്‌കരിക്കുന്ന ദുരിതമാണ് ഇല്ലാതായത്.










0 comments