ad
Deshabhimani

വികസനവീഥിയിൽ കരുത്തോടെ

കാഞ്ഞങ്ങാട്‌  കൊവ്വൽപള്ളി ദിനേശ്‌ ബീഡി  ബ്രാഞ്ചിലെത്തിയ എൽഡിഎഫ്‌ സ്ഥാനാർഥി  ഗോവിന്ദൻ പള്ളിക്കാപ്പിലിനെ തൊഴിലാളികൾ 
റോസാപുഷ്‌പങ്ങൾ നൽകി സ്വീകരിക്കുന്നു.           ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

കാഞ്ഞങ്ങാട്‌ കൊവ്വൽപള്ളി ദിനേശ്‌ ബീഡി ബ്രാഞ്ചിലെത്തിയ എൽഡിഎഫ്‌ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിനെ തൊഴിലാളികൾ 
റോസാപുഷ്‌പങ്ങൾ നൽകി സ്വീകരിക്കുന്നു. ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

avatar
പി പ്രകാശൻ

Published on Mar 25, 2026, 03:01 AM | 1 min read

കാഞ്ഞങ്ങാട്‌ പത്ത്‌ വർഷത്തിനിടെ നാടിന്‌ കുതിപ്പേകിയ വികസന പ്രവർത്തനമാണ്‌ കാഞ്ഞങ്ങാട്‌ മണ്ഡലത്തിലുണ്ടായത്‌. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളിൽ മിക്കതും കിഫ്‌ബി ഉൾപ്പെടെയുള്ള പദ്ധതികളുടെ സഹായത്തോടെ പൂർത്തിയാക്കി. കോളിച്ചാൽ–ചെറുപുഴ മലയോര ഹൈവേക്ക്‌ 82 കോടിയാണ്‌ ചെലവഴിച്ചത്‌. ഇതുൾപ്പെടെ മിക്ക റോഡുകളും ആധുനിക നിലവാരത്തിലായി. ആശുപത്രി, സ്‌കൂൾ കെട്ടിടങ്ങളിലെല്ലാം കാണാം ഇ‍ൗ മാറ്റം. അർഹരായ മുഴുവനാളുകൾക്കും പട്ടയം നൽകിയും ലൈഫ്‌ പദ്ധതിയിൽ വീട്‌ നൽകിയതും നാടിനുണ്ടാക്കിയ നേട്ടം ചെറുതല്ല. ഇ‍ൗ വികസന തുടർച്ചയ്‌ക്ക്‌ വോട്ട്‌ തേടിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ വോട്ടർമാരെ സമീപിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളുടെ ഗുണഫലം അനുഭവിച്ച ജനങ്ങൾ തങ്ങൾക്കൊപ്പമുണ്ടാവുമെന്ന ഉറച്ച വിശ്വാസം സ്ഥാനാർഥിക്കുണ്ട്‌. മൂന്ന്‌ തവണ തുടർച്ചയായി മണ്ഡലത്തിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇ ചന്ദ്രശേഖരന്റെ പിൻഗാമിയായാണ്‌ ഗോവിന്ദൻ പള്ളിക്കാപ്പിൽ കന്നിമത്സരത്തിനെത്തുന്നത്‌. ജനകീയതയും സൗമ്യസ്വഭാവവും ലളിത ജീവിതവും അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിനെ വ്യത്യസ്‌തനാക്കുന്നു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും മനസ്സിലാക്കി പ്രവർത്തിക്കുന്ന നേതാവാണ്‌ അദ്ദേഹം. സിപിഐ ദേശീയ ക‍ൗൺസിൽ അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തന പരിചയവുമുണ്ട്‌. സ്ഥാനാർഥി പ്രഖ്യാപനമുണ്ടായ ദിവസം മുതൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രചാരണത്തിലുണ്ട്‌. പ്രചാരണ രംഗത്ത്‌ എതിർസ്ഥാനാർഥികളെക്കാൾ ബഹുദൂരം മുന്നിലാണ്‌. കഴിഞ്ഞ ഒന്പതുദിവസമായി വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള വോട്ട്‌ അഭ്യർഥന പൂർത്തിയാക്കി ബുധനാഴ്‌ച മുതൽ പൊതുപര്യടനത്തിലേക്ക്‌ കടക്കും. കോട്ടയം നെണ്ടൂർ സ്വദേശി ഷൈജി ഓട്ടപ്പള്ളിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. തമ്മിലടി കാരണം യുഡിഎഫിൽ ദിവസങ്ങൾ വൈകിയാണ്‌ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്‌. കഴിഞ്ഞ തവണ കോൺഗ്രസ്‌ മത്സരിച്ച മണ്ഡലം ഇത്തവണ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ വിട്ടുനൽകുകയായിരുന്നു. സീറ്റ്‌ മോഹിച്ച്‌ കാത്തിരുന്ന കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഇതിൽ കടുത്ത അതൃപ്‌തിയുണ്ട്‌. സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിലും മണ്ഡലത്തിന് സുപരിചിതനല്ലാത്ത സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്ന‌തിലും ഒരു വിഭാഗം നേതാക്കൾക്കിടയിലെ പ്രതിഷേധം അണഞ്ഞിട്ടില്ല. ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റും കാഞ്ഞങ്ങാട്‌ നഗരസഭാ ക‍ൗൺസിലറും വ്യാപാരിയുമായ എം ബൽരാജാണ്‌ എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തവണയും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home