ചിറ്റാരിക്കാൽ കുലുങ്ങാത്ത കോട്ടയല്ല

പി കെ രമേശൻ
Published on Nov 27, 2025, 03:01 AM | 1 min read
ചിറ്റാരിക്കാൽ ഒത്തുപിടിച്ചാൽ കുലുങ്ങാത്ത കോട്ടയല്ല ചിറ്റാരിക്കാൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം 4,406 വോട്ട് മാത്രം. അതിനും മുന്പൊരുവട്ടം നൂറുവോട്ടിന് മാത്രം എൽഡിഎഫിന് നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനാണിത്. ജില്ലാ പഞ്ചായത്തിൽ പോരാട്ടത്തിനിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയിലൂടെ ചിറ്റാരിക്കാൽ ഇക്കുറി കൂടെ നിർത്തുമെന്ന വാശിയിലാണ് എൽഡിഎഫ്. ചിറ്റാരിക്കാൽ പിടിച്ചെടുക്കാനാണ് ഇത്തവണ പോരാട്ടമെന്ന് എൽഡിഎഫ് സ്ഥാനാർഥി കവിത കൃഷ്‌ണൻ പറയുന്നു. പരപ്പ ബ്ലോക്കിലെ ബളാൽ, മാലോം, പാലാവയൽ, ചിറ്റാരിക്കാൽ, കമ്പല്ലൂർ ഡിവിഷനുകൾ ചേർന്നതാണ് ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ഈസ്റ്റ് എളേരിയിലെ 18, ബളാലിലെ എടത്തോട് വാർഡ് ഒഴികെയുള്ള 16, വെസ്റ്റ് എളേരിയിലെ 11, കള്ളാർ പഞ്ചായത്തിലെ മൂന്ന് ഉൾപ്പെടെ 48 വാർഡുകൾ ഡിവിഷനിൽ ഉൾപ്പെടും. കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമാണ് ബാനം സ്വദേശിനിയായ കവിത കൃഷ്ണൻ. കോൺഗ്രസിലെ ബിൻസി ജെയിൻ യുഡിഎഫിനായും കെ എസ് രമണി ബിജെപിക്കായും മത്സരിക്കുന്നു. എഎപിയുടെ മറിയാമ്മ ചാക്കോയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ രണ്ട് തവണ ഡിവിഷനെ പ്രതിനിധീകരിച്ച ജനപ്രതിനിധികൾക്ക് കാര്യമായൊന്നും ഇവിടെ ചെയ്യാനായിട്ടില്ല. എംഎൽഎമാരായ എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികളിലൂടെയാണ് ഇൗ നാട് വളർന്നത്. പഞ്ചായത്ത് ഭരണസമിതികളുടെ മെല്ലെപ്പോക്കും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. സ്ഥലം ലഭിച്ചിട്ടും ബളാൽ പഞ്ചായത്തിലെ പൊതുശ്മശാനം 25 വർഷമായിട്ടും തുടങ്ങിയിടത്ത് തന്നെയാണ്. സ്ഥലം സൗജന്യമായി ലഭിച്ച വെള്ളരിക്കുണ്ട് ബസ്‌സ്റ്റാൻഡിന്റെ കഥയും സമാനം. ബളാൽ ടൗണിലെ കമ്യൂണിറ്റി ഹാൾ മാലിന്യം തള്ളുന്ന കേന്ദ്രമായി. അതേസമയം സംസ്ഥാന സർക്കാർ നടപ്പാക്കിയ കോടികളുടെ വികസന പ്രവർത്തനം എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.









0 comments