ചെറുപ്പം നയിക്കും ചിറ്റാരിക്കാലിനെ

പി കെ രമേശൻ
Published on Nov 24, 2025, 03:00 AM | 1 min read
ചിറ്റാരിക്കാൽ കുട്ടികളും കവിതയുമായി എളുപ്പത്തിലൊരു ഹൃദയബന്ധം ഉരുത്തിരിയും. വീടുകയറി സ്ഥാനാർഥിയെത്തുമ്പോൾ മുതിർന്നവരേക്കാൾ പരിചിതമുഖമാണ് കവിത കൃഷ്ണൻ കുട്ടികൾക്ക്. ബാലസംഘത്തിന്റെയും എസ്എഫ്ഐയുടെയുമൊക്കെ പരിപാടികളിലെ ചേച്ചിയല്ലേ എന്നവർ പെട്ടെന്ന് തിരിച്ചറിയും. കുട്ടികളിലൂടെ ഓരോ വീട്ടുകാരുടെയും ഹൃദയത്തിലേക്ക് ഇടംപിടിക്കുകയാണ് ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി. കലാലയ രാഷ്ട്രീയത്തിലൂടെ പയറ്റിതെളിഞ്ഞ പോരാളിയായി മാറിയ കവിത കൃഷ്ണൻ വീറുറ്റ പോരാട്ടമാണ് കാഴ്ചവയ്‌ക്കുന്നത്. വാശിയേറിയ പോരാട്ടത്തിലൂടെ കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായ കവിതയിലൂടെ സമാനമായ കുതിപ്പാണ് എൽഡിഎഫ് ലക്ഷ്യം വയ്‌ക്കുന്നത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളിൽ ബേബിയായ യുവ സ്ഥാനാർഥി എളുപ്പത്തിൽ വോട്ടർമാരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മിതമായ വാക്കുകളിൽ ശക്തമായ ഭാഷയിൽ ഗൗരവമുള്ള രാഷ്ട്രീയ വികസന ചർച്ചകൾക്ക് തെരഞ്ഞെടുപ്പിനെ വേദിയാക്കിയിരിക്കുകയാണ് കവിത. നാളിതുവരെ യുഡിഎഫ് മാത്രം പ്രതിനിധീകരിച്ച ഡിവിഷനിൽ ജില്ലാ പഞ്ചായത്തിന്റെ വികസനം എത്താത്തത് എന്തുകൊണ്ടെന്ന ചോദ്യം കവിത ഉന്നയിക്കുന്നു. അത് ലഭ്യമാക്കാൻ എൽഡിഎഫിനെ തെരഞ്ഞെടുക്കണമെന്നും വോട്ടർമാരോട് ഓർമിപ്പിക്കുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ നൂറിൽ താഴെ വോട്ടിനാണ് എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പരാജയപ്പെട്ടത്. ആ നഷ്ടം നികത്താൻ ഈ തെരഞ്ഞെടുപ്പിൽ കഴിയണമെന്ന് സ്ഥാനാർഥി ഓർമപ്പെടുത്തുന്നു. ഞായറാഴ്ച രാവിലെ മുനയംകുന്ന് രക്തസാക്ഷി മന്ദിരത്തിൽ പുഷ്പർച്ചന നടത്തിയാണ് തുടങ്ങിയത്. അന്തരിച്ച സിപിഐ എം നേതാവ് പാവൽ കുഞ്ഞിക്കണ്ണന്റെ വീടും സന്ദർശിച്ചു. തുടർന്ന് മൗക്കോട്, കണ്ണംതോടി, തയ്യേനി കൺവൻഷനിലും പങ്കെടുത്തു. ഓരോ കേന്ദ്രങ്ങളിലും കുട്ടികളോട് കുശലാന്വേഷണം നടത്തി വോട്ടർമാരിലേക്ക്. ഓരോ യോഗങ്ങളിലും കേരളത്തിന്റെ വികസനവും സാമൂഹ്യസുരക്ഷ പെൻഷൻ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളും സൂചിപ്പിക്കുന്നുണ്ട് സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത്, എം എൻ പ്രസാദ്, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾ എന്നിവരും ഒപ്പമുണ്ട്.









0 comments