മിൽമയ്ക്ക് നഗരസഭയുടെ കുടിശ്ശിക 7.57 ലക്ഷം
ജനറൽ ആശുപത്രിയിൽ പാൽ മുടങ്ങി

കെ സി ലൈജുമോൻ
Published on Aug 03, 2025, 02:45 AM | 1 min read
കാസർകോട്
കാസർകോട് ജനറൽ ആശുപത്രിയിൽ കിടപ്പുരോഗികൾക്കുള്ള പാൽ വിതരണം മുടങ്ങി. ആശുപത്രിയിലേക്ക് പാൽ നൽകുന്ന മിൽമ മാവുങ്കാൽ ഡെയ്റിക്ക് നഗരസഭ ഒരു വർഷമായി പണം നൽകാതായതോടെയാണ് വിതരണം നിർത്തിയത്. നഗരസഭയുടെ അനാസ്ഥയെ തുടർന്ന് ആശുപത്രിയിലുള്ള കിടപ്പുരോഗികൾക്ക് പോഷകാഹാരമായി കിട്ടിയിരുന്ന പാൽ ഇല്ലാതായി. 2024 ആഗസ്ത് മുതലുള്ള കുടിശ്ശികയായ 7,57,493 രൂപ മിൽമയ്ക്ക് ലഭിക്കാനുണ്ട്. ജനറൽ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങൾക്കുള്ള തുക നൽകേണ്ടത് നഗരസഭയാണ്. എന്നാൽ മിൽമയ്ക്ക് കുടിശ്ശിക തുക നൽകുന്നതിൽ കടുത്ത അലംഭാവമാണ് കാട്ടിയത്. ഇതിന്റെ ദുരിതം പേറുന്നതാകട്ടെ പാവപ്പെട്ട നിർധനരായ കിടപ്പുരോഗികളും. ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഉച്ചയ്ക്ക് നൽകുന്ന പൊതിച്ചോർ മാത്രമാണ് നിലവിലുള്ള ഏക ആശ്വാസം. കുടിശ്ശിക ഗഡുക്കളായെങ്കിലും അടയ്ക്കണമെന്നാവശ്യപ്പെട്ട് മിൽമ കത്തയച്ചിരുന്നതായും ആശുപത്രി അധികൃതരെ നേരിൽ കണ്ട് അറിയിച്ചതായും പറയുന്നു. കുടിശ്ശിക നൽകാൻ പലതവണ നഗരസഭാ ചെയർമാനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതായി ആശുപത്രി സൂപ്രണ്ട് ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. നഗരസഭ പണം അനുവദിച്ചാലുടൻ മിൽമയ്ക്ക് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. പണമടച്ചാൽ വിതരണം പുനസ്ഥാപിക്കുമെന്നാണ് മിൽമയുടെ നിലപാട്.









0 comments