ad
Deshabhimani

സന്തോഷം നിറഞ്ഞൊഴുകുന്നു പരപ്പയെന്ന ‘പാലാഴി’യിൽ

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പൂടങ്കല്ല് തലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റ്
avatar
പി കെ രമേശൻ

Published on Oct 09, 2025, 03:00 AM | 2 min read

പരപ്പ സുതാര്യത-, ജനകീയത-, നൂതനത ഇതാണ് പരപ്പ ബ്ലോക്കിനെ വ്യത്യസ്‌തമാക്കുന്നത്. 2010 നവംബർ ഒന്നിന് രൂപീകൃതമായി 15 വർഷം മാത്രം പൂർത്തിയാകുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷമായി മലയോര വികസനരംഗത്ത് പുതുപാതയാണ് തുറന്നത്. ക്ഷീരമേഖലയിൽ നടപ്പാക്കിയ ‘പാലാഴി’ പദ്ധതി മാത്രം മതി പുതിയ ആശയങ്ങളിലൂടെ വികസനമെത്തുന്നതിന്‌ തെളിവായി. ക്ഷീരമേഖലയിലെ പ്രതിസന്ധി മറികടന്ന് ക്ഷീരകർഷകരുടെ വരുമാനവും പാലുൽപാദനവും വർധിപ്പിക്കുക എന്നതാണ് ‘പാലാഴി’ പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ പശുക്കളുടെ ആരോഗ്യ സൂചകങ്ങളുടെ സമഗ്ര വിലയിരുത്തൽ, ഉയർന്ന ജനിതകമൂല്യമുള്ള ബീജമാത്രകൾ പശുക്കളുടെ കൃത്രിമബീജാധാനത്തിനായി ലഭ്യമാക്കൽ, തീറ്റപ്പുല്ലിന്റെ ഉൽപാദനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിവിധ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് പാലാഴി പദ്ധതി. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കന്നുകാലികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖ തയ്യാറാക്കുകയാണ്‌ പദ്ധതിയുടെ ആദ്യ ലക്ഷ്യം. വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ പിന്തുണയോടെ ഫീൽഡ് തല പഠന ഗവേഷണങ്ങളുടെ ഭാഗമായി അമൃത് ധാതുലവണ മിശ്രിതം തയ്യാറാക്കി ക്ഷീരകർഷകർക്ക് നൽകുന്നു. പാൽ സബ്സിഡി, കാലിത്തീറ്റ സബ്സിഡി എന്നിവയും നൽകുന്നു. ജനങ്ങളെ ചേർത്തുനിർത്തിയ വികസനമാണ് ഭരണസമിതി നടപ്പാക്കിയത്. കാർഷിക അനുബന്ധ തൊഴിൽ മേഖലകളെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. ​മുന്നിലാണ്‌ വനിതകൾ, 
സംരംഭങ്ങളും വനിതാ തൊഴിൽ മേഖലയിൽ 40ലധികം തൊഴിൽ സംരംഭങ്ങളും റീബിൽഡ് കേരളയുമായി സഹകരിച്ച് 1300ലധികം തൊഴിൽ സംരംഭങ്ങളുമൊരുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി. പാള പ്ലേറ്റ് യൂണിറ്റ്, സിഐബി നിർമാണ യൂണിറ്റ്, കൂൺ കൃഷി, റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.100 വനിതകൾക്ക് തൊഴിൽ നൽകുന്നതിനായി അപ്പാരൽ പാർക്ക്‌ പ്രവർത്തനം ഉടൻ തുടങ്ങും. കൂടാതെ സാംസ്കാരിക മേഖലയുടെ ഉണർവിനായി വനിതോത്സവവും നടത്തുന്നു. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറ്റി വിപണനം ചെയ്യാൻ പനത്തടിയിൽ വനിതകളുടെ കോമൺ ഫെസിലിറ്റി കേന്ദ്രവുമുണ്ട്‌. ​ ​​രാജ്യത്ത്‌ ഒന്നാംനിരയിൽ, കുതിപ്പിനായി 
‘ആസ്‌പിരേഷൻ’ രണ്ട് വർഷമായി ബ്ലോക്കിൽ നടപ്പാക്കുന്ന പദ്ധതിയാണ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ബ്ലോക്കായും, പിന്നീട് രാജ്യത്തെ രണ്ടാമത്തെ ബ്ലോക്കായും പരപ്പയെ തെരഞ്ഞെടുത്തു. ബ്ലോക്കുകളിലെ മികച്ച പൊതുഭരണത്തിനുള്ള 2024 ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരവും പരപ്പക്കായിരുന്നു. ഇങ്ങനെ വിവിധ പുരസ്‌കാരങ്ങളിലൂടെ 3.70 കോടി രൂപ നേടാനും അത് വിവിധ പദ്ധതികൾക്ക്‌ വിനിയോഗിക്കാനുമായി. ചേർത്തുപിടിച്ച കരുതൽ വയോജനങ്ങൾക്കായി അഞ്ച് പകൽ വീടുകൾ കെയർഗിവർമാരുടെ സഹായത്തോടെ നല്ല രീതിയിൽ നടന്നുവരുന്നു. എല്ലാവർഷവും വയോജനങ്ങൾക്കായി വയോജന സംഗമവും വിനോദയാത്രയും നടത്തുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രിക്കും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിനും അടിസ്ഥാന സൗകര്യമൊരുക്കി. നടത്തിപ്പിനായി ഓരോ വർഷവും ഒരു കോടിയിൽ കുറയാത്ത തുകയാണ് വിനിയോഗിച്ചത്. മലയോരത്തെ ആദ്യഡയാലിസിസ് സെന്ററും താലൂക്ക് ആശുപത്രിയിലാണ്‌. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി സെന്ററുമുണ്ട്‌. ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ 16 ലക്ഷം രൂപയുടെ ഭിന്നശേഷി ഉപകരണങ്ങൾ ക്യാമ്പ് നടത്തി വിതരണംചെയ്തു. ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന കേന്ദ്രവും ബ്ലോക്കിലുണ്ട്.


​പുതിയ ആശയങ്ങൾ, 
പദ്ധതികൾ നിരവധി

കർഷകരുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ടുകൾ കുറയ്ക്കാനാകുന്ന രീതിയിലുള്ളതും പുതിയ കാലത്തിനനുയോജ്യവുമായ പദ്ധതികളാണ് ബ്ലോക്ക്‌ പഞ്ചായത്തിൽ നടപ്പാക്കിയത്. പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. ആരോഗ്യരംഗത്ത് മികച്ച അടിസ്ഥാനസൗകര്യം ഏർപ്പെടുത്താനായി. നവീന സൗകര്യങ്ങളോടുള്ള ഓഫീസ് സംവിധാനവും ഒരുക്കാനായി. പുതുപുത്തൻ ആശയങ്ങളും വികസന രംഗത്ത്‌ നടപ്പാക്കാനായി. എം ലക്ഷ്മി, പ്രസിഡന്റ്‌


​കൂട്ടായ്‌മയുടെ വിജയം

വ്യത്യസ്തമായി ശ്രമിച്ചാൽ എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാക്കാമെന്ന്‌ തെളിയിക്കാനായി. കൂടുതൽ പട്ടികവർഗക്കാരുള്ള ബ്ലോക്കിൽ അവരുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. അങ്കണവാടികളെ സ്മാർട്ടാക്കാനും എല്ലാ സ്കൂളുകളിലും അടിസ്ഥാന സൗകര്യം ഒരുക്കാനുമായി. ആസ്പിരേഷണൽ ബ്ലോക്കിനുള്ള ദേശീയ അംഗീകാരം ഉൾപ്പെടെ നേട്ടങ്ങളുടെ അഞ്ച് വർഷമായിരുന്നു. ജനപ്രതിനിധികളുടെയും ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ്‌ വികസന നേട്ടങ്ങൾക്കുപിന്നിൽ. കെ ഭൂപേഷ്, വൈസ് പ്രസിഡന്റ്‌





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home