നഗരസഭ ഓഫീസിൽ കയറി വോട്ടർപട്ടികയുടെ പകർപ്പെടുത്ത് ലീഗ് നേതാവ്

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭ ഓഫീസിനകത്ത് കയറി മുസ്ലിംലീഗ് നേതാവ് അനധികൃതമായി വോട്ടർ പട്ടികയുടെ പകർപ്പെടുത്തു. ലീഗ് നേതാവ് എം പി ജാഫറാണ് ഓഫീസിനകത്ത് കയറി നേരിട്ട് കാര്യങ്ങൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. വോട്ടർപട്ടികയുടെ പകർപ്പ് ആവശ്യപ്പെട്ട രാഷ്ട്രീയപാർടികൾക്ക് നൽകാതെ ചില ഉദ്യോഗസ്ഥർ ലീഗിന് മാത്രമായി പട്ടിക നൽകി ക്രമക്കേട് നടത്താൻ ഒത്താശ ചെയ്യുന്നതായി പരാതിയുയർന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഐ എം ഗരസഭയിലെ വോട്ടർ പട്ടികയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടികയുടെ പകർപ്പ് എടുത്തില്ലെന്നായിരുന്നു ചില ഉദ്യോഗസ്ഥർ മറുപടി നൽകിയത്. അതേ സമയം ലീഗ് മണ്ഡലം നേതാവ് എം പി ജാഫർ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓഫീസിനകത്ത് കയറി നേരിട്ട് വോട്ടർ പട്ടികയുടെ പകർപ്പെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങൾ നഗരസഭ ഓഫീസിനകത്ത് കയറി ലീഗ് നേതാവ് കൈകാര്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫിനായി നഗരസഭയിലെ ചില ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്യുകയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ നിശാന്ത് പറഞ്ഞു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിലും ലീഗ് ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തിയതായി ആക്ഷേപമുയർന്നിരുന്നു. വഴിവിട്ട സഹായംചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് സിപിഐ എം പരാതി നൽകിയിട്ടുണ്ട്.









0 comments