ആവേശമുയരും ആകാശത്തോളം
കാൽപ്പന്ത് മാമാങ്കത്തെ വരവേൽക്കാൻ നാട്

കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്‌സ്‌റ്റാൻഡ് പരിസരത്തെ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിൽ ഒരുക്കുന്ന ലോക കപ്പ് ഫുട്‌ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ
പി പ്രകാശൻ
Published on May 27, 2026, 02:00 AM | 2 min read
കാസർകോട്
ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ഇനി 15 ദിവസം. നാടും നഗരവും കാൽപ്പന്തിന്റെ ലഹരിയിലേക്ക് പതിയെ മുഴുകുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയർ. മെക്‌സിക്കോവിലെ എസ്‌റ്റാഡിയോ ആസ്‌ടെക്ക സ്‌റ്റേഡിയത്തിൽ ജൂൺ 11ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങുന്പോൾ നമ്മുടെ നാട്ടിലും ആവേശം വാനോളമുയരും. ഓരോ കവലയിലും തങ്ങളുടെ ഇഷ്ട ടീമുകളുടെയും നായകരുടെയും ചിത്രങ്ങൾ സ്ഥാപിക്കാനുള്ള മത്സരത്തിലാണ് ആരാധകർ. മെസി, നെയ്മർ, റൊണാൾഡോ, എംബാപ്പെ തുടങ്ങി സൂപ്പർ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും സ്ഥാനം പിടിച്ചുതുടങ്ങി. കട്ടൗട്ടുകൾ സ്ഥാപിക്കുന്നതിലുമുണ്ട് ക്ലബ്ബുകളും ആരാധകരും തമ്മിൽ ആരോഗ്യകരമായ മത്സരം. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങൾ തിരക്കിൽ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. വ്യത്യസ്ത ഡിസൈനുകളിലുള്ള ബോർഡുകളും കട്ടൗട്ടുകളും ഒരുക്കുന്ന തിരക്കിലാണ് അവർ. കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്‌സ്‌റ്റാൻഡ് പരിസരത്തെ ‘ഡിസൈൻസ്’ സ്ഥാപനത്തിൽ ഇതുവരെ 30 കട്ടൗട്ടുകൾക്ക് ഓർഡർ ലഭിച്ചുകഴിഞ്ഞു. 10 ദിവസത്തിലേറെയായി 20 ഓളം വരുന്ന ജീവനക്കാർ 24 മണിക്കൂറും ജോലിയിലാണെന്ന് സ്ഥാപനയുടമ ഷെമീർ പറഞ്ഞു. അർജന്റീന നായകൻ ലയണൽ മെസിയുടെ കട്ടൗട്ടിനാണ് ആവശ്യക്കാർ കൂടുതൽ. നെയ്‌മർ, ക്രിസ്‌റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ തുടങ്ങിയവരുടെ കട്ടൗട്ടുകൾ തയ്യാറാക്കാനും ആളുകളെത്തുന്നുണ്ട്. മാസ് ഡയലോഗുകളും മറ്റും ഉൾപ്പെടുത്തിയുള്ള ഫ്ലക്സുകൾക്ക് പ്രിയം കൂടുതൽ. ഗ്രാമങ്ങളിലും കളിയാവേശം പലയിടങ്ങളിലും ക്ലബ്ബുകളും വായനശാലകളും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിൽ കളി കാണാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. പ്രവചന മത്സരങ്ങളും പ്രാദേശിക ടൂർണമെന്റുകളുമുണ്ട്. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ ഇന്ത്യൻ സമയം അർധരാത്രിക്കും പുലർച്ചെ ആറിനും ഇടയിലായിരിക്കും. അതിനാൽ ഉറക്കമൊഴിഞ്ഞ് കാൽപ്പന്ത് ഉത്സവത്തെ വരവേൽക്കാനാണ് നാടൊരുങ്ങുന്നത്.
പുതിയ താരോദയവുണ്ടാവും
അർജന്റീനയുടെ ആരാധകനാണ്. ഇത്തവണയും നീലപ്പട കപ്പുയർത്തണമെന്നാണ് ആഗ്രഹം. കഴിഞ്ഞ ലോകകപ്പിന് ഒരു മാസം ഖത്തറിലുണ്ടായിരുന്നു. മിക്കവാറും എല്ലാ മത്സരവും കാണാൻ സാധിച്ചു. അർജന്റീനയും ഫ്രാൻസും ജർമനിയും സ്‌പെയിനുമെല്ലാം ഇത്തവണയും മികച്ച പ്രകടനത്തിലായിരിക്കും. ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിച്ചതോടെ എട്ട് ഏഷ്യൻ ടീമുകളും ഇടം പിടിച്ചിട്ടുണ്ട്. പുതിയ ടീമുകളുടെയും കളിക്കാരുടെയും ഉദയവും ഇത്തവണ പ്രതീക്ഷിക്കാം. മൊറോക്കോ പ്രതീക്ഷയ്‌ക്ക് വക നൽകുന്നു. മെസി ഉൾപ്പെടെയുള്ള കളിക്കാരിൽ പലരും ഇൗ ലോകകപ്പോടെ കളം വിടാനിടയുണ്ട്. ഭാവിയുടെ പ്രതീക്ഷകളായി ഒരു പുതിയ താരനിരയും ഉയർന്നുവരാം.
എം സുരേഷ്, മുൻ ദേശീയ ഫുട്‌ബോൾതാരം, ഇൗസ്‌റ്റ് ബംഗാൾ ടീം മുൻ ക്യാപ്‌റ്റൻ










0 comments