കനികുണ്ടിൽ അപ്പു കാരണവർ

ചുവന്ന മടിക്കൈയുടെ ആദ്യ സാരഥി

കനികുണ്ടിൽ അപ്പു കാരണവർ

കനികുണ്ടിൽ അപ്പു കാരണവർ

avatar
സുരേഷ്‌ മടിക്കൈ

Published on Apr 14, 2025, 02:30 AM | 1 min read

മടിക്കൈ

ചുവന്ന മടിക്കൈ 75 ന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ അതിന്‌ ചാല്‌ കീറിയ ആദ്യ സാരഥി കനികുണ്ടിൽ അപ്പു കാരണവർ ചരിത്രത്തിലിന്നും മായാതെ. 1950-ൽ മടിക്കൈ പഞ്ചായത്തിൽ നിലവിൽ വന്ന ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡന്റാണ്‌ അപ്പു കാരണവർ. എഴുത്തും വായനയും അറിയില്ലെങ്കിലും അനുഭവജ്ഞാനത്തിന്റെ നേരറിവുകൊണ്ട് ജന്മിനാടുവാഴിത്തത്തിന്റെ ക്രൂരതയ്ക്കും ചൂഷണത്തിനുമെതിരെ പോരാടി കർഷകരെ സംഘടിപ്പിക്കാൻ അദ്ദേഹം മുൻപന്തിയിലായിരുന്നു. മടിക്കൈയിൽ കർഷകസംഘം രൂപീകരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചു. മടിക്കൈ കർഷകസംഘത്തിന്റെ പ്രസിഡന്റുകൂടിയായിരുന്നു. കയ്യൂർ സമര കാലത്ത്‌ മടിക്കൈയിലെത്തിയ പോലീസ് അപ്പു കാരണവരെ ക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്തു. നിരവധി തവണ അദ്ദേഹത്തിന്റെ വീട് പൊലീസ്‌ തകർക്കുകയും വീട്ടുപറമ്പിലെ കൃഷികൾ നശിപ്പിക്കുകയുംചെയ്തു‌. 1946- ലെ കരിവെള്ളൂർ സമരത്തിൽ പ്രതിയായി ജയിൽവാസമനുഷ്ഠിച്ചു. ഒന്നര വർഷക്കാലം ജയിലിൽ കഴിഞ്ഞു. പൊലീസ് ക്രൂരമായി മർദ്ദിച്ചിട്ടും കൂസാതെ നിന്ന അദ്ദേഹത്തോട് കാരണവർ കരിമ്പൂച്ചയെ തിന്നിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന് താങ്കളുടെ പൂച്ചയെ കാണാതായിട്ടുണ്ടോ? എന്ന അദ്ദേഹത്തിന്റെ മറുചോദ്യം കമ്യൂണിസ്റ്റ് പോരാളിയുടെ മനോധൈര്യത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്‌. പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് പട്ടുകോണകമടക്കമുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയതിനെ കളിയാക്കി, ഒരിക്കൽ കോഴിക്കോട്ട് നടന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിച്ചപ്പോൾ നിലക്കാത്ത കൈയടിയുണ്ടായി. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വിവിധ ജാഥകളിലും യോഗങ്ങളിലും ഭാര്യയെയും മക്കളെയും പങ്കെടുപ്പിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. ഡൽഹിയിൽ നടന്ന കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മലബാറിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിൽ ഒരാളുകൂടിയാണ്‌ അപ്പു കാരണവർ. അനാചാരങ്ങൾക്കും സവർണ മേധാവിത്വത്തിനുമെതിരെ അദ്ദേഹം നിരന്തരം പോരാടി. എരിക്കുളത്ത്‌ താത്‌കാലികമായി ഉണ്ടാക്കിയ അമ്പലത്തിൽ ഉദയാസ്‌തമന പൂജ നടത്തി അദ്ദേഹം സവർണാധിപത്യത്തെ വെല്ലുവിളിച്ചു. 1960 ആഗസ്റ്റ് 23 ന് അന്തരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home