വേണം, വെറ്ററിനറി കെയർ യൂണിറ്റ്

കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ വിരണ്ടോടിയ പോത്തിനെ വനംവകുപ്പ് ആർആർടി ടീമും മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥരും കീഴ്‌പ്പെടുത്തിയപ്പോൾ
2.4 കോടി രൂപ ചിലവിൽ വെറ്ററിനറി കെയർ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യമടക്കമുള്ള പദ്ധതി നിർദേശം ജില്ലാ വികസന സമിതിയോഗത്തിൽ ഉയർന്നതാണ്. നിലവിൽ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തെത്തുന്നത്. എന്നാൽ മൃഗങ്ങളെ മയക്കുവെടി വെക്കേണ്ടിവരുമ്പോഴോ, അവയ്ക്ക് പരിക്കേൽക്കുമ്പോഴോ വിദഗ്ധരായ വെറ്ററിനറി ഡോക്ടർമാരുടെ സേവനം കൃത്യസമയത്ത് ലഭ്യമാകാറില്ല. ജില്ലയിൽ സർജൻ ഇല്ലാത്തതിനാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പരിശീലനം ലഭിച്ച സംഘമെത്തുക. അപ്പോഴേക്കും വന്യമൃഗം ചാവുകയാണ് പതിവ്. പാണ്ടിയിലെ പുലി, കാറഡുക്ക പൂവടുക്കയിൽ കാട്ടുപോത്ത് എന്നിവ ചത്തത് സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ട് മാത്രമാണ് ഇക്കാരണത്താലാണ് വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥർ ഒന്നിച്ച് പ്രവർത്തിക്കുന്ന ദ്രുതകർമസേന രൂപീകരിക്കമെന്ന ആവശ്യമുയരുന്നത്. അത്യാധുനിക മെഡിക്കൽ സജ്ജീകരണങ്ങളുള്ള വാഹനം, മയക്കുവെടി വെക്കാനുള്ള സംവിധാനങ്ങൾ, താൽക്കാലിക കൂട് എന്നിവയടങ്ങുന്നതായിരിക്കണം യൂണിറ്റ്. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ ഉടൻ വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന സംഘത്തിന് സ്ഥലത്തെത്തി, മൃഗങ്ങളെ ജനങ്ങൾക്ക് അപകടമില്ലാത്ത രീതിയിൽ കാട്ടിലേക്ക് തിരിച്ചയക്കാനോ മയക്കുവെടിവെച്ച് മാറ്റാനോ സാധിക്കും. കിണറ്റിൽ വീഴുകയോ, കമ്പിവേലിയിൽ കുടുങ്ങുകയോ, മറ്റ് അപകടങ്ങളിൽ പെടുകയോ ചെയ്യുന്ന മൃഗങ്ങൾക്ക് കാട്ടിൽതന്നെ അടിയന്തര ശസ്ത്രക്രിയയോ ചികിത്സയോ നൽകാനുമാകും. കെണികളിൽ വീഴുകയും അപകടത്തിൽ പെടുകയും ചെയ്യുന്ന വന്യമൃഗങ്ങളെ രക്ഷിക്കാനും ജില്ലയിൽ സംവിധാനങ്ങളിലില്ല. ഉടൻ തീരുമാനമെടുത്ത് വന്യമൃഗത്തെ രക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ വനനിയമങ്ങൾ പ്രകാരം സങ്കീർണവുമാണ്. വനമേഖലയിൽനിന്ന് എത്തുന്ന മൃഗങ്ങൾ വഴി നാട്ടിലെ വളർത്തുമൃഗങ്ങളിലേക്ക് (പശു, ആട്, പന്നി തുടങ്ങിയവ) വസന്ത, പേവിഷബാധ തുടങ്ങിയ മാരക രോഗങ്ങൾ പടരുന്നത് തടയാൻ അതിർത്തികളിൽ പ്രതിരോധ കുത്തിവെപ്പുകൾ ഊർജിതമാക്കാനുമാകും. ഇരുവകുപ്പുകളും ഒന്നിച്ച് പ്രവർത്തിച്ചാലേ വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാനാകൂവെന്ന് വിദഗ്ധർ പറയുന്നു. വന്യമൃഗങ്ങളുടെ പെരുമാറ്റ രീതികളെയും അവയുടെ മാനസിക-ശാരീരിക അവസ്ഥകളെയും കുറിച്ച് കൃത്യമായ ധാരണയുള്ള വെറ്ററിനറി ഡോക്ടർമാരുടെ സാന്നിധ്യം വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താകും. ജില്ലയിലെ വന്യജീവി ആക്രമണ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് ഇത്തരം യൂണിറ്റുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.










0 comments