ad
Deshabhimani

കോഴ്സുകൾ നീക്കാനുള്ള ശ്രമത്തെ ചെറുക്കും: -എസ്എഫ്ഐ

നീലേശ്വരം ഡോ. പി കെ രാജൻ സ്മാരക ക്യാമ്പസ്സിൽനിന്ന്‌ ഭാഷാ കോഴ്സുകൾ നീക്കുന്നതിനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ നീലേശ്വരം ക്യാമ്പസ്സിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌
വെബ് ഡെസ്ക്

Published on Mar 18, 2026, 03:00 AM | 2 min read

നീലേശ്വരം ​നീലേശ്വരം ഡോ. പി കെ രാജൻ സ്മാരക ക്യാമ്പസ്സിൽനിന്ന് ഭാഷാ കോഴ്സുകൾ നീക്കുന്നതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നീലേശ്വരം ക്യാമ്പസ്സിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പൊതുവിൽ പിന്നോക്കാവസ്ഥയിലുള്ള ജില്ലയുടെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 2008ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പസ്‌ ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ്‌ എന്ന സവിശേഷതയും പ്രസ്തുത ക്യാമ്പസിനുണ്ട്. ഹിന്ദി, മലയാളം ഭാഷ വകുപ്പുകൾ പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി എന്ന ഉത്തരവ് അവധി ദിവസമായ ഞായറാഴ്ച ആയിരുന്നു വന്നത്. ഇതിനെ തുടർന്നാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടന്നത്. ഈ വകുപ്പുകൾകൂടി മാറുന്നതോടുകൂടി നീലേശ്വരം ക്യാമ്പസ്സിൽ സ്വാശ്രയകോഴ്‌സുകളും അവ പഠിപ്പിക്കാൻ താൽകാലിക അധ്യാപകരും മാത്രമാകും. ഇത് ക്യാമ്പസ്സിന്റെ നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടാകും. മലയോരത്തുനിന്ന് ഉൾപ്പടെ ഒരുപാട് വിദ്യാർഥികളുടെ ആശ്രയമായ ക്യാമ്പസ്സിൽ പുതിയ കോഴ്സുകൾ കൊണ്ടുവരണം എന്നതാണ് എസ്എഫഐ ഉന്നയിക്കുന്ന ആവശ്യം. ബുധനാഴ്ച സിൻഡിക്കറ്റ്‌ യോഗംചേരുകയും പ്രസ്തുത ഉത്തരവ് മതിയായ കൂടിയാലോചയ്ക്ക് ശേഷം മാത്രമേ നടപ്പിലാക്കു എന്ന് എസ്എഫ്ഐ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം താത്കാലികമായി അവസാനിപ്പിച്ചു. പ്രതിഷേധ മാർച്ച്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ അനുരാഗ് ഉദ്ഘാടനം ചെയ്തു. കെ പി വൈഷ്ണവ്, പ്രവിഷ പ്രമോദ്, അഭിചന്ദ്, അനന്ദു മോഹൻ, കാർത്തിക് എന്നിവർ സംസാരിച്ചു.


കോഴ്സുകൾ മാറ്റാനുള്ള തീരുമാനം മരവിപ്പിക്കും: വിസി

നീലേശ്വരം ​കണ്ണൂർ സർവകലാശാലയുടെ നിലേശ്വരം പാലാത്തടത്തെ ഡോ.പി കെ രാജൻ സ്‌മാരക ക്യാമ്പസിലെ ഹിന്ദി, മലയാളം ഭാഷാ വകുപ്പുകൾ പാലയാട് ക്യാംപസിലേക്ക് മാറ്റിയ തീരുമാനം മരവിപ്പിക്കുമെന്ന് വൈസ്‌ ചാൻസിലർ. നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘം വൈസ് ചാൻസിലർ കെ കെ സാജുവിനെ നേരിൽ കണ്ടുനൽകിയ നിവേദനത്തെ തുടർന്നാണ് നടപടി മരവിപ്പിക്കുമെന്ന് അറിയിച്ചത്. പാലാത്തടം ക്യാമ്പസിൽ പുതിയ കോഴ്സുകൾ അനുവദിച്ചതിനുശേഷം മാത്രമേ നിലവിലുള്ള കോഴ്സുകൾ മാറ്റുകയുള്ളൂ എന്നാണ്‌ വൈസ് ചാൻസിലർ ഉറപ്പുനൽകിയത്‌. ഞായറാഴ്‌ചയാണ് ക്യാമ്പസിലെ കോഴ്സുകൾ മാറ്റി വൈസ് ചാൻസലർ ഉത്തരവിട്ടത്. സംഭവത്തിൽ എസ്എഫ്ഐ -ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഗരസഭ ചെയർപേഴ്സണോടൊപ്പം വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, സർവകലാശാലാ സിൻഡിക്കറ്റംഗം ഡോ. എ അശോകൻ, നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ സതീശൻ, ക‍ൗൺസിലർ ഇ ഷജീർ എന്നിവരുമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home