ഇന്ന് ലോക ഗോത്രവർഗദിനം
സ്വഭാഷാ വാമൊഴിയ്ക്ക് സ്നേഹിതരുടെ നിഘണ്ടു

ടി കെ നാരായണൻ
Published on Aug 09, 2026, 02:07 AM | 1 min read
കാഞ്ഞങ്ങാട്
മലയാളത്തിലെ "അച്ഛൻ’ മാവിലരുടെ വാമൊഴി ഭാഷയായ മർക്കോളി തുളുവിൽ "അമ്മെ" യാണ്. അമ്മ "അപ്പെ’ യും. മലയാളത്തോട് ചേർച്ചയുള്ള മാവില - മലവേട്ടുവ ഗോത്രത്തിന്റെ വാമൊഴി ഭാഷയ്ക്ക് നിഘണ്ടു തയ്യാറാകുന്നു. ആദിവാസി ഗോത്ര സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായ വാക്കുകൾ മലയാള ഭാഷയിലേക്ക് നിഘണ്ടു രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് സുഹൃത്തുക്കളായ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. മോഹനൻ വി ടി വിയും എഴുത്തുകാരൻ ഒ കെ പ്രഭാകരൻ വട്ടംതട്ടയുംചേർന്നാണ്. കാസർകോട് കണ്ണൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആദിമഗോത്ര ജനതയാണ് മാവിലരും മലവേട്ടുവരും. ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് ഇൗ ഉദ്യമം. ഏകദേശം 60,000 ത്തോളം ജനസംഖ്യയുള്ള സമുദായങ്ങളാണ് മാവിലരും മലവേട്ടു വരും. തനത് ജീവിതം പുലർത്തി വരുന്ന ആദി ഗോത്ര കുടുംബങ്ങൾ മാവ്ളവ് (അന്നം ഉത്പാദിപ്പിക്കുന്നവരുടെ ഭാഷ) സംസാരിക്കുന്നു. മലവേട്ടുവരുടേത് മലവേട്ടുവൻ ഭാഷയുമാണ്. ചിലയിടങ്ങളിൽ ‘മാവ്ളവ്’ എന്ന ഭാഷ മർക്കോളി തുളു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ജീവിതത്തിന്റെ സുഖദുഃഖങ്ങളോട് ഐക്യപ്പെട്ട് ജീവിക്കുന്ന ഈ ജനതയ്ക്കിടയിൽ സുഖമെന്നോ ദുഃഖമെന്നോ ഉള്ള മലയാളം വാക്കുകൾക്ക് സ്വന്തം വാക്കുകൾ നിലവിലില്ല. ഇവരുടെ ഭാഷയിൽ ഭർത്താവ് ‘മേരെ’യും ഭാര്യ ‘മേര്ത്തി’യും സഹോദരി ‘മെഗ്തി’യുമാണ്. അനുജൻ ‘മെഗ്യെ’യും. മംഗലംകളി പോലുള്ള കലാരൂപങ്ങളും "മാണി നങ്കെരെ" പോലുള്ള വിമോചനപ്പാട്ടുകളും ഈ ഗോത്ര സംസ്കൃതിയുടെ ഈടുവെപ്പുകളാണ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട "മിരെ നീര്’ എന്ന ഗോത്ര കവിതാ സമാഹാരം എഴുതിയ ധന്യ വേങ്ങച്ചേരി ഇൗ മേഖലയിൽനിന്നുള്ള പെൺസാന്നിധ്യമാണ്. ബളാൽ അത്തിക്കടവിലെ പ്രകാശൻ ചെന്തളം എഴുതിയ "കാട് ആരിത്’ എന്ന കവിത ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ പഠിക്കാനുണ്ട്.








0 comments