ഇന്ധനക്ഷാമം പരിഹരിക്കാൻ
അറക്കപ്പൊടിയും കാപ്പിക്കുരുത്തോടും!

കെ വി രഞ്‌ജിത്
Published on Mar 20, 2026, 03:00 AM | 1 min read
കാസർകോട്
കാപ്പിക്കുരുവിന്റെ തോട്, അറക്കപ്പൊടി, മരത്തിന്റെ ചിപ്ലിയിട്ട (ചിന്തേരിട്ട) വേസ്‌റ്റ് എന്നിവ ഉപയോഗിച്ച് പാചകവാതക ക്ഷാമത്തിന് പകരം ഒരു ഇന്ധനമായാലോ. പെരിങ്ങോത്ത് രാജ് ബ്രിക്കറ്റ്‌സിൽ നിർമിക്കുന്നത് വൻകിട വ്യവസായ ശാലകളിലേക്കുള്ള ഇൗ ജൈവ ഇന്ധനമാണ്. വൻകിട വ്യവസായ ശാലകളിൽ തീ കത്തിക്കുന്നതിനും ചൂടും കനലും നിലനിർനിർത്തുന്നതിനും ഇന്ധനത്തിനുപകരമായി, കൂടുതലായും ഇവയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ചെറുമാർഗമുപയോഗിച്ചാൽ ചെലവുകുറഞ്ഞ രീതിയിൽ വീടുകളിലെ പാചകവാതക ക്ഷാമത്തിനും ഉപയോഗിക്കാം. ഇപ്പോൾ ബംഗളുരു, മുംബൈ, നഗരങ്ങളിൽ ഫർണസുകൾവഴി ചെറുരീതിയിലുള്ള ബ്രിക്കറ്റ്‌സുകൾ പാചകവാതകത്തിനുപകരം ഉപയോഗിക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മരമില്ലുകളിൽനിന്നുള്ള അറക്കപ്പൊടിയും വയനാട്, ഇടുക്കി ജില്ലകളിൽനിന്നുള്ള കാപ്പിക്കുരുതോടും മറ്റു ചില അസംസ്‌കൃത വസ്‌തുക്കളുമുപയോമിച്ചാണ് പെരിങ്ങോം സ്വദേശിയായ എം കെ വിജയ്‌രാജ് ബ്രിക്കറ്റ്‌സുകൾ നിർമിക്കുന്നത്. കേരളത്തിൽ മിൽമ, ജനത അടക്കമുള്ള ഉൗർജം കൂടുതൽ വേണ്ടിവരുന്ന പ്ലാന്റുകളിലാണ് ഇപ്പോൾ ബ്രിക്കറ്റ്‌സ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് രാജ് ബ്രിക്കറ്റ്‌സ് ഉടമയായ എം കെ വിജയരാജ് പറഞ്ഞു. കൂടുതലായും മൊത്തവിതരണമാണ് നടക്കുന്നത്. വ്യവസായ ശാലകളില്‍ ഏറെ ചെലവേറിയ പ്രക്രിയയാണ് ജ്വലനം. പെട്രോളും ഡീസലും, ഗ്യാസ് പോലുള്ള ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് ബദലായി ഉപയോഗിക്കുന്നതാണ് ബ്രിക്കറ്റ്‌സുകൾ. പുതിയ രീതിയിൽ ബ്രിക്കറ്റ്‌സ് നിർമിച്ചാൽ പാചകവാതകത്തിനുപകരമായി ഉപയോഗിക്കാം. അഞ്ചു കിലോ വിറകിൽനിന്നും ലഭിക്കുന്ന ഊർജം ഒരുകിലോ ബ്രിക്കറ്റ്‌സിൽനിന്നും ലഭിക്കും. ഇത് ഉപയോഗിക്കുമ്പോൾ പുകയുണ്ടാകുന്നില്ല. ചാരമാണെങ്കിൽ വളരെ കുറവ്. ഒരു കിലോ ബ്രിക്കറ്റ്‌സിന് 4500 കലോറിക്കുമുകളിൽ ഊർജമുണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന സ്ഥാപനമാണ് പെരിങ്ങോത്തെ രാജ് ബ്രിക്കറ്റ്‌സ്. കോവിഡ് കാലത്തും സർക്കാരിന്റെ അനുമതിയോടെ വ്യവസായസ്ഥാപനങ്ങൾക്ക് വേണ്ടി അധികമായി ഉണ്ടാക്കിയിരുന്നു. ഗ്യാസിനും വിറകിനും കൽക്കരിക്കും പകരമായാണ് ഉപയോഗിക്കുന്നത്. 25 മുതൽ 30 ശതമാനത്തിനു മുകളിൽവരെ നേരിട്ടുള്ള ചെലവ് ഇതുവഴി ലാഭിക്കാം.










0 comments