സഞ്ചാരികൾ കുന്നുകയറുന്നു റാണിപുരത്തേക്ക്

എ കെ രാജേന്ദ്രന്‍
Published on Oct 21, 2025, 02:30 AM | 1 min read
രാജപുരം
മാറുന്ന കാഴ്‌ചകളിലേക്ക് സഞ്ചാരികളെ വിളിക്കുകയാണ് റാണിപുരം. സ്വകാര്യ സംരംഭകരും റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഇടംപിടിച്ചതോടെ കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന പച്ചപ്പുല്‍മേടുകളുടെ വശ്യസൗന്ദര്യം ചൂടിയ കാഴ്‌ച കാണാന്‍ സഞ്ചാരികളുടെ തിരക്കാണ്. പടിഞ്ഞാറ് ബേക്കല്‍ കോട്ടയും കിഴക്ക് കാവേരിയും അതിരിടുന്ന മാടത്തുമല എന്ന റാണിപുരം സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി പൊടുന്നനെയാണ് മാറിയത്. ഒരു കാലത്ത് റാണിപുരം ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികള്‍ ഇല്ലാതെ ആളൊഴിഞ്ഞിരുന്നു. താഴ്വയില്‍ നിന്നും മലമുകളിലേക്കുള്ള വനയാത്രയ്‌ക്കും കുന്നിന്‍ മുകളിലെ പച്ചപുല്‍മേടുകളുടെ സൗന്ദര്യം ആസ്വദിക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്. മാനിപുറം എന്ന് വിളിപ്പേരുള്ള പച്ചപ്പുല്‍മേട് കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ നൽകും. പനത്തടിയില്‍നിന്നും ഒമ്പത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്താം. അവിടെ നിന്നും കാല്‍നടയായി രണ്ടരകീലോമീറ്റര്‍ കുന്നിന്‍ ചെരുവിലൂടെ സാഹസികമായി യാത്ര ചെയ്താല്‍ മാനിപുറത്ത് എത്താന്‍ കഴിയും. മലകളും ഗുഹയും നീരുറവയും പാറക്കെട്ടും പഞ്ഞിക്കെട്ടുപോലെ പാറിയെ തലോടുന്ന കോടമഞ്ഞും റാണിപുരത്തിന്റെ പ്രത്യേകതയാണ്. കിളികളുടെ പാട്ടും നീര്‍ച്ചോലകളുടെ കളകളാരവവും കേട്ട് വന്മരങ്ങള്‍ തീര്‍ത്ത ഇലപ്പന്തലിലൂടെയാണ് റാണിപുരത്തെ സഞ്ചാരം. ദൂരെ നിന്നും കാട്ടനക്കൂട്ടത്തിന്റെ ചിഹ്നം വിളി കേട്ടെന്നിരിക്കും. പക്ഷി നിരീക്ഷകരുടെയും ഇഷ്ടഇടമാണിത്. 2011-ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പിന് കൈമാറിയ റാണിപുരത്തിന്റെ പരിപാലനം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ്. പത്ത് കോടി രൂപ ചിലവില്‍ ആധുനിക രീതിയില്‍ കെട്ടിടവും ഒരുങ്ങി. സ്വകാര്യ സംരംഭകരുടെ ധാരാളം റിസോർട്ടുകളും ഗ്ലാസ് ബ്രിഡ്ജും റാണിപുരത്തുണ്ട്. ഇതോടൊപ്പം സിപ്പ് ലൈനും വരുന്നു.










0 comments