Deshabhimani

നാടിന്റെശ്വാസകോശങ്ങൾ കരുതൽധനമാകും

അരമങ്ങാനം കാപ്പുംകയം കാവ്
avatar
രാജേഷ്‌ മാങ്ങാട്‌

Published on Aug 01, 2025, 03:01 AM | 1 min read

ഉദുമ

അപൂർവ സസ്യങ്ങളും വൻ മരങ്ങളും പക്ഷികളുമുള്ള ഗ്രാമത്തിന്റെ ശ്വാസകോശങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുക്കുകയാണ് ഉദുമ ഗ്രാമപഞ്ചായത്ത്. ജൈവവൈവിധ്യ പoനം പൂർത്തീകരിച്ച് കാവുഗ്രാമം പഠനരേഖ തയ്യാറാക്കിയപ്പോൾ ലഭിച്ചത് അപൂർവമായ അറിവുകൾ. 18 കാവുകളിലായി 186 തരത്തിലുള്ള 550 ഇനങ്ങളാണ് സസ്യവിഭാഗത്തിൽ കണ്ടെത്തിയത്. ഇതിൽ ശൂരംപുന്ന (Mammea suriga) എന്ന ചെടി ജില്ലയിൽ മാത്രമുള്ളത്. നായിരുപ്പ് (Hopea ponga) വംശനാശ ഭീഷണി നേരിടുന്നു. മരോട്ടി, കാഞ്ഞിരപ്പുളി, പൂഞ്ഞാവള്ളി, കല്ലാൽ നിരവധി ഇനങ്ങളും കണ്ടെത്തി. ശുദ്ധജലവും ശുദ്ധവായുവും മണ്ണും പ്രദാനം ചെയ്യുന്നത് വഴി കാവുകൾ ആരോഗ്യകരമായ നിലനിൽപ്പാണ് ജീവജാലങ്ങൾക്ക് നൽകുന്നത്. ഇതുമനസിലാക്കിയാണ് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി അരമങ്ങാനം കാപ്പുംകയം, ഉദയമംഗലം ചെരിപ്പാടി, ബാര വണ്ണാരത്ത് , അടുക്കത്ത് വയൽ നാഗത്തിങ്കാൽ, മോലോത്ത്, മുക്കുന്നോത്ത്, മേൽബാര പരതാളി, മുതിരവളപ്പ്, കനകത്തൂർ നാൽവർ, കയല വളപ്പ്, പൂക്കുന്നോത്ത് ശാസ്ത ഭഗവതി, ഉദുമ കോതറമ്പത്ത് ചൂളിയാർ, ഉദയമംഗലം വട്ടക്കാവ്, ആറാട്ടുകടവ് തെക്കേ കുന്നുമ്മൽ, ആലക്കാൽ രക്തേശ്വരി, കൊപ്പൽ ഗുളികൻ, ആട്യത്ത് മൂപ്പൻമൂല , മൈലാട്ടി ഗുളികൻതറ അമ്പലത്തിൻങ്കാൽ പരിതാളി , ബാര വടക്കേവീട് കാവുകളിൽ ജൈവവൈവിധ്യ പoനം പൂർത്തീകരിച്ചാണ് കാവുഗ്രാമം പഠനരേഖ തയ്യാറാക്കിയത്. പരിസ്ഥിതി പ്രവർത്തകരായ വി സി ബാലകൃഷ്ണൻ, ശ്യാം പുറവങ്കര, ഡോ. ബിജു, അനൂപ് പനത്തടി, മുഹമ്മദ് ഹനീഫ്, വി എം അഖില എന്നീ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പഠനം. കാവുസംരക്ഷകർക്കുള്ള പരിശീലനം, കാവ് ശുചീകരണം, ജൈവവേലി, കാവിന് ഇണങ്ങുന്ന തൈകൾ വെച്ചുപിടിപ്പിക്കൽ, നീരൊഴുക്കുകളെ വീണ്ടെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിയും ബിഎംസി കൺവീനർ പി കെ മുകുന്ദനും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home