അടിമുടി അലംഭാവം; അടിപ്പാതയ്‌ക്ക് ഉയരമില്ല

കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് സൗത്തിൽ ദേശീയ പാത നവീകരണ കരാർ കന്പനി നടത്തുന്ന അശാസ്ത്രീയ പ്രവൃത്തികള്‍ക്കെതിരെ പ്രതിഷേധം. ഇവിടെ മേല്‍പ്പാലം നിര്‍മിച്ചപ്പോള്‍ അടിപ്പാതയുടെ ഉയരം കുറക്കുകയായിരുന്നു. നാലുമീറ്റര്‍ ഉയരം മാത്രമാണ് അടിപ്പാതക്കുള്ളത്. ചരക്കുലോറികള്‍ ഉല്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ അടിപ്പാതയിലൂടെ വരുന്പോള്‍ കോണ്‍ക്രീറ്റ് ബീമുകളില്‍ മുട്ടുന്നു. രാത്രിയില്‍ വലിയ ഭാരം കയറ്റിയാണ് വാഹനങ്ങള്‍ വരുന്നതെങ്കില്‍ ശ്രദ്ധിക്കാതെ ബീമുകളില്‍ തട്ടി വന്‍ അപകടത്തിന് സാധ്യതയേറെ. അടിപ്പാതയില്‍ റോഡ് നിര്‍മിച്ചത് ഉയരത്തിലാണ്. ഇതിന് ടാറിങ് നടത്തുന്പോള്‍ പിന്നെയും ഉയരം കൂടും. വലിയ വാഹനങ്ങള്‍ക്ക് തീരെ കടന്നുപോകാനാകാത്ത സ്ഥിതിയുണ്ടാകും. ഇവിടത്തെ ഓവുചാല്‍ നിര്‍മാണവും അശാസ്ത്രീയമാണ്. ഒരു ഭാഗത്ത് ഉയരം കൂട്ടിയും മറുഭാഗത്ത് ഉയരം കുറച്ചുമാണ് ഓവുചാല്‍ നിര്‍മിച്ചത്. മഴക്കാലത്ത് വെള്ളംനിറഞ്ഞ് സമീപ പ്രദേശത്തേക്ക് ഒഴുകാനുള്ള സാധ്യതയുണ്ട്. സര്‍വീസ് റോഡിനും വീതി വളരെ കുറവാണ്. നടന്നുപോകാനുള്ള സൗകര്യം തീരെയില്ല. അശാസ്ത്രീയ പ്രവൃത്തി കാരണം കാഞ്ഞങ്ങാട് സൗത്തില്‍ നിരവധി അപകടമാണ് സംഭവിച്ചത്. ഓവുചാല്‍ പൊളിച്ച് മാറ്റി ശരിയായ രീതിയില്‍ നിര്‍മിച്ചുതരാമെന്ന് കരാർ കന്പനിയായ മേഘ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ എന്നിവര്‍ സ്ഥലത്തെത്തി. കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച് പ്രശ്നത്തിൽ ഇടപെടാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.










0 comments