പത്തിന് വിലയില്ലേ?
കീറിയ നോട്ടുകൾ വിനയാകുന്നു; മാറ്റിനൽകാൻ സംവിധാനമില്ല

കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍നിന്നും ലഭിച്ച പത്തുരൂപയുടെ കീറിയ നോട്ട്

സ്വന്തം ലേഖകൻ
Published on May 15, 2026, 02:22 AM | 1 min read
കാഞ്ഞങ്ങാട്
അൽപം കീറിയതാണെങ്കിലും മൂല്യം പത്തുരൂപ തന്നെയാണ്. എന്നാൽ വിപണിയിൽ എത്തുമ്പോൾ ഈ കീറിയ പത്തുരൂപ നോട്ടുകൾ വലിയൊരു ബാധ്യതയാവുകയാണ്. ബസ് കണ്ടക്ടർമാരും കച്ചവടക്കാരും ഇത്തരം നോട്ടുകൾ വാങ്ങാൻ വിസമ്മതിക്കുന്നതോടെ സാധാരണക്കാരുടെ പോക്കറ്റിൽ ഉപയോഗശൂന്യമായ കടലാസായി ഇവ അവശേഷിക്കുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെല്ലാം കീറിയ നോട്ടുകളെത്തുന്നു. കടകളില്‍ സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനും വരുന്നവര്‍ക്ക് ബാക്കി കിട്ടുന്നതില്‍ ഏറെയും മുഷിഞ്ഞതും കീറിയതുമായ പത്തുരൂപ നോട്ടുകളാണ്. ശ്രദ്ധിക്കാതെ ബാക്കിവാങ്ങി പിന്നീട് പരിശോധിക്കുമ്പോഴായിരിക്കും പലരും കീറിയ നോട്ട് കാണുന്നത്. ഇത്തരം നോട്ടുകള്‍ തിരികെനല്‍കാന്‍ പോയാലും സ്വീകരിക്കപ്പെടുന്നില്ല. ഇതെച്ചൊല്ലി കച്ചവട സ്ഥാപനങ്ങളില്‍ വാക്കുതര്‍ക്കവും പതിവ്. ബസ് യാത്രക്കിടയിലും തർക്കമുണ്ട്. പത്തുരൂപയുടെ പുതിയ നോട്ടുകള്‍ ഇപ്പോള്‍ ഉറങ്ങാറില്ല. പഴയ പത്തുരൂപ നോട്ടുകളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. നാണയങ്ങളാണ് ഇടപാടുകള്‍ക്ക് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ ചില കച്ചവടക്കാര്‍ കീറിയ നോട്ടുകളുണ്ടെങ്കില്‍ അത് ഉപഭോക്താക്കള്‍ക്ക് അത് നല്‍കുന്നു. കീറിയ നോട്ടുകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനുമാകില്ല. ഇതിന്റെ ഒരുഭാഗത്ത് കുഴപ്പമൊന്നും കാണില്ലെങ്കില്‍ മറുഭാഗത്ത് പശപുരട്ടി ഒട്ടിച്ചിരിക്കും. മറ്റുചില നോട്ടുകള്‍ തൊട്ടാല്‍ പൊടിഞ്ഞുപോകും വിധം മുഷിഞ്ഞതായിരിക്കും. 50 രൂപയുടെ നീലനിറത്തിലുള്ള നോട്ടുകളാണ് ഏറെയെങ്കിലും ഒട്ടിച്ച നിലയിലുള്ള പഴയ 50 രൂപ നോട്ടുകളും ലഭിക്കുന്നു .










0 comments