അപകട വളവുകൾ മാറണം; മുണ്ടോട്ട് വേണം പുതിയ പാലം

മുണ്ടോട്ട് –- കാഞ്ഞിരപ്പൊയിൽ റോഡിൽ നിയന്ത്രണംവിട്ട് വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറിയ ചരക്കുലോറി. ലോറിക്കടിയിൽപെട്ട സ്കൂട്ടറും കാണാം
സുരേഷ് മടിക്കൈ
Published on Mar 14, 2025, 03:00 AM | 1 min read
മടിക്കൈ
ചെമ്മട്ടംവയൽ –- കാലിച്ചാനടുക്കം റോഡിൽ മുണ്ടോട്ട് ഇറക്കത്തിൽ അപകടം പതിവാകുന്നു. റോഡിൽനിന്ന് സമീപ വീടുകളിലേക്ക് വാഹനങ്ങൾ നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നതിനാൽ ഇവിടെയുള്ളവർ ഭീതിയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് അപകടം ഇവിടെയുണ്ടായി. തിങ്കളാഴ്‌ച രാവിലെ കാഞ്ഞിരപ്പൊയിൽ ഭാഗത്തുനിന്നും മണ്ണ് കയറ്റിവന്ന ടോറസ് ലോറി പാലത്തിന് മുകളിലെ ഒന്നാം വളവിനടുത്ത് നിയന്ത്രണം വിട്ട് സമീപത്തെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. ഈ സമയം മുണ്ടോട്ട് ഭാഗത്തുനിന്ന് സ്കൂട്ടറിൽ കയറ്റം കയറി വരികയായിരുന്ന കയ്യുള്ളകൊച്ചിയിലെ സുബൈർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സുബൈറിന്റെ ദേഹത്ത് മതിൽ തകർന്ന് കല്ല് വീണ് പരിക്കേറ്റു. പാലത്തിന് കിഴക്കുഭാഗത്തെ വളവുകൾ വലിയ ഭാരവാഹനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇറക്കത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം കിട്ടാത്തതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. നിലവിലുള്ള റോഡ് ആറ് മീറ്റർ മെക്കാഡം ടാറിങ്ങും ഇരുവശങ്ങളിലും ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ വീതിയുള്ളതുമാണ്. എന്നാൽ പാലത്തിന് 3.5 മീറ്റർ മാത്രമാണ് വീതി. വളവിറങ്ങി വാഹനങ്ങൾ പാലത്തിലേക്ക് കയറി വന്നാൽ എതിർഭാഗത്തെ വാഹനം കടന്നുപോകുംവരെ കാക്കണം. നിലവിലെ പാലം ഉയർത്തി പുതിയത് പണിതാലേ പ്രശ്ന പരിഹാരമാവൂ. അപകടസ്ഥലം പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ച് വിവരം ശേഖരിച്ചു.









0 comments