പാഴ്‌വസ്തുക്കളിൽനിന്ന് കമനീയ രൂപങ്ങൾ

എം വി കുഞ്ഞികൃഷ്ണന്‍ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച രൂപങ്ങള്‍
ടി കെ പ്രഭാകരന്‍
Published on Jun 10, 2026, 02:29 AM | 1 min read
കാഞ്ഞങ്ങാട്
വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളെല്ലാം മടിക്കൈയിലെ എം വി കുഞ്ഞികൃഷ്ണന് പ്രിയപ്പെട്ടവയാണ്. അവയെല്ലാം ശേഖരിച്ച് കമനീയരൂപങ്ങളുണ്ടാക്കും. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തില്‍ 16 വര്‍ഷക്കാലമായി പാര്‍ട്ട് ടൈം സ്വീപ്പറുടെ ജോലിചെയ്യുന്ന കുഞ്ഞികൃഷ്ണന്‍ അഗ്നിരക്ഷാനിലയപരിസരത്ത് പാഴ് വസ്തുക്കളുപയോഗിച്ചുണ്ടാക്കിയ നിര്‍മിതികള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക് സാധനങ്ങള്‍, ചിരട്ടകള്‍, ചകിരിത്തൊണ്ടുകള്‍, ഉപേക്ഷിക്കപ്പെട്ട വാഹനഭാഗങ്ങള്‍, ഫയര്‍സ്റ്റേഷനിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍, ഷൂസുകള്‍, സ്യൂട്ട് കെയ്സുകള്‍, വസ്ത്രങ്ങള്‍, ഡബ്ബികള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് വിവിധ രൂപങ്ങളുണ്ടാക്കുന്നത്. ഫയര്‍സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുന്നവര്‍ ഈ രൂപങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം നിൽക്കും. ഏറ്റവും ആകര്‍ഷകം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രതിമകളാണ്. പഴയ ഹെല്‍മറ്റും വസ്ത്രങ്ങളും ഷൂസും ഉപയോഗിച്ച് വെങ്കലനിറത്തിലുള്ള ചായം പൂശിയാണ് ഈ രണ്ട് പ്രതിമകളും നിര്‍മിച്ചത്. ക്ലോക്ക്, മരം മുറിക്കുന്ന ഈര്‍ച്ചവാള്‍ , പാറ്റ, വിവിധ തരം പക്ഷികള്‍ എന്നിവയുടെ രൂപങ്ങളും ഭംഗിയായി ഒരുക്കിയിട്ടുണ്ട്. മടിക്കൈ പഞ്ചായത്തംഗമായിരുന്ന കുഞ്ഞികൃഷ്ണന്‍ 2010 മുതലാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലിയാരംഭിച്ചത്. 10 വര്‍ഷംമുന്പ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് തെയ്യങ്ങളുടെ രൂപങ്ങളുണ്ടാക്കി തിരുവനന്തപുരത്തെ കുട്ടികളുടെ മ്യൂസിയത്തിന് നല്‍കി. നാടന്‍പാട്ട് കലാകാരന്‍കൂടിയായ കുഞ്ഞികൃഷ്ണന് തൃശൂര്‍ കലാഭവന്‍ മണി ഫൗണ്ടേഷന്റെ ഓടപ്പഴം അവാര്‍ഡും ഫോക് ലോര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫ്ലവേര്‍സ് ചാനലിന്റെ കോമഡി ഉല്‍സവത്തില്‍ മണ്ണ് , മുള, വെള്ളം എന്നിവ ഉപയോഗിച്ച് വിവിധ തരം ശബ്ദങ്ങളുണ്ടാക്കി അവതരിപ്പിച്ചിരുന്നു. സ്കൂള്‍ പ്രവൃത്തി പരിചയമേളകളില്‍ വിധി കര്‍ത്താവായി പോകാറുള്ള കുഞ്ഞികൃഷ്ണന്‍ ഇതുസംബന്ധിച്ച് ക്ലാസുകളെടുക്കാറുണ്ട്. ആയിരത്തോളം കുട്ടികള്‍ക്ക് നാടന്‍ പാട്ടിലും വഞ്ചിപ്പാട്ടിലും പരിശീലനം നല്‍കി. നാടന്‍പാട്ട് കലാകാരിയായ ഭാര്യ സ്മിത മടിക്കൈക്കും ഫോക് ലോര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മകള്‍ ദേവിക കാഞ്ഞങ്ങാട് നെഹ്റു കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.









0 comments