പ്രതിരോധം ശക്തമാക്കി അജാനൂരിൽ 2 കുട്ടികള്‍ക്ക് ഷിഗല്ല ലക്ഷണങ്ങള്‍

കാഞ്ഞങ്ങാട്
അജാനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ രണ്ട് കുട്ടികളില്‍ ഷിഗല്ല രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ജാഗ്രതാനടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. പ്രാഥമികപരിശോധനയിലാണ് അജാനൂരിലെ രണ്ട് കുട്ടികളില്‍ ഷിഗല്ല ലക്ഷണം കണ്ടത്. സ്ഥിരീകരിക്കപ്പെടണമെങ്കില്‍ കൃത്യമായ കൂടുതല്‍ പരിശോധനകള്‍ വേണം. രണ്ടുദിവസത്തിന് ശേഷം അന്തിമപരിശോധന ഫലം ലഭിക്കും.പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. പഞ്ചായത്തിലെ തീരദേശവാര്‍ഡുകളില്‍ പ്രത്യേക കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. കുട്ടികള്‍ മഴവെള്ളത്തില്‍ കളിക്കുന്നത് തടയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശംനല്‍കി. മെഡിക്കല്‍ സംഘവും ആശാവര്‍ക്കര്‍മാരും വീടുകള്‍ കയറി ഷിഗല്ലയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം മുന്‍കരുതല്‍ നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ ജനങ്ങളും ജനപ്രതിനിധികളും ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ടു. മലിനജലം, ആഹാരം, ഈച്ചകള്‍, വൃത്തിഹീനമായ കൈകള്‍ എന്നിവയിലൂടെയാണ് ഷിഗല്ല ബാക്ടീരിയ പ്രധാനമനായും ശരീരത്തില്‍ പ്രവേശിക്കുന്നത്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയും രോഗം ഗുരുതമായി ബാധിക്കും. വൃക്കകളെയും തലച്ചോറിനെയും ബാധിക്കുന്പോഴാണ് മരണം സംഭവിക്കുന്നത്.









0 comments