അഗ്നിരക്ഷാ സേന കരക്കെത്തിച്ചു
കോഴിമാലിന്യം തള്ളുന്ന ടാങ്കിൽ പശു വീണു

വിദ്യാനഗർ
കൊല്ലങ്കാനയിൽ കോഴിമാലിന്യങ്ങൾ തള്ളുന്ന ടാങ്കിൽ അബദ്ധത്തിൽ വീണ പശുവിനെയും കന്യപ്പാടിയിൽ കിണറ്റിൽ വീണ കോഴികളെയും കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാസേന. ഞായർ രാവിലെ ഒമ്പതോടെയാണ് കൊല്ലങ്കാനയിലെ സവാദിന്റെ പശു സമീപത്ത് പുല്ല് മേഞ്ഞുനടക്കുന്നതിനിടെ 15 അടി താഴ്‌ചയുള്ള ടാങ്കിൽ വീണത്. പശുവിനെ പുറത്തെടുക്കാൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായതോടെ കാസർകോട് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ ശ്രമിച്ചാണ് ടാങ്കിൽനിന്നും നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷിച്ചത്. സേനാംഗങ്ങളായ കെ ആർ അജേഷ്, കെ വി ജിതിൻ കൃഷ്ണൻ, ജെ എ അഭയ് സെൻ, ഹോംഗാർഡുമാരായ എ രാജേന്ദ്രൻ, കെ വി ശ്രീജിത്ത് എന്നിവരും രക്ഷാദൗത്യത്തിനുണ്ടായി. കന്യപ്പാടിയിലെ അബ്ദുള്ളക്കുഞ്ഞിയുടെ പറമ്പിലെ 30 കോൽ ആഴമുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിലാണ് ഇവരുടെ രണ്ടു പൂവൻകോഴികൾ കഴിഞ്ഞദിവസം വീണത്. ഏറെ ശ്രമിച്ചിട്ടും കോഴിയെ എടുക്കാനായില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ജെ എ അഭയ്‌സെൻ റെസ്ക്യൂ നെറ്റിൽ കിണറ്റിലിറങ്ങി കോഴികളെ രക്ഷിച്ചു.










0 comments