കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴിക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി

കാഞ്ഞങ്ങാട്
ദേശീയ പൈതൃക ഇടനാഴിയ്ക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയത് ‘ഇത് നമ്മുടെ കാസ്രോഡ്’ പരിപാടിക്കുള്ള അംഗീകാരം. ജില്ലാഭരണ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ജില്ലക്ക് ലഭിച്ച നേട്ടമാണ് ഇതെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. കലക്ടര്‍ ആവഷ്‌ക്കരിച്ച സവിശേഷ പദ്ധതികളിലൊന്നായ ‘നമ്മുടെ കാസ്രോഡ്’ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിയില്‍ കാഞ്ഞങ്ങാട് അതിയാമ്പൂര്‍ സ്വദേശി കെ പ്രസേനന്‍ നല്‍കിയ നിവേദനമാണ് പൈതൃക ഇടനാഴി എന്ന ആശയത്തിലേക്ക് നയിച്ചത്. സ്വാതന്ത്യ സമരസേനാനികളായ എ സി കണ്ണന്‍നായര്‍, കെ മാധവന്‍, വിദ്വാന്‍ പി കേളുനായര്‍, മഹാകവി പി കുഞ്ഞിരാമന്‍നായര്‍, രസിക ശിരോമണി കോമന്‍നായര്‍, ശില്പി കാനായി കുഞ്ഞിരാമന്‍ എന്നിവരുടെ കര്‍മഭൂമിയിലൂടെ കടന്നുപോകുന്ന പാതയെ ദേശീയ പൈതൃക ഇടനാഴിയായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയില്‍ ഈ വിഷയം ഉന്നയിക്കുകയും അദ്ദേഹം അനുകൂല നിലപാട് സ്വീകരിക്കുകയുംചെയ്തു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ കേരള നിയമസഭയിലും ജില്ലാ വികസന സമിതിയോഗത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൈതൃക ഇടനാഴി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടൂറിസം വകുപ്പിന് നിര്‍ദേശം നല്‍കി. നവീനമായ ആശയങ്ങള്‍ ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിച്ചവരുമായി എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10.30ന് കലക്ടര്‍ നേരിട്ട് സംവദിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ് പരിപാടി. ‘ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് പരിപാടിയുടെ നോഡല്‍ ഓഫീസര്‍. പദ്ധതിയുടെ ഭാഗമായി ഇതുവരെ പതിനഞ്ച് സംവാദങ്ങള്‍ സംഘടിപ്പിച്ചു.










0 comments